കരിപ്പൂര്‍ വിമാനദുരന്തം: രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ 53 പേര്‍ക്ക് കൊവിഡ്
രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ജില്ലാ കളക്ടര്‍, അസി കളക്ടര്‍, സബ് കളക്ടര്‍ എസ്‍പി, എഎസ്.പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തകരായ 35 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ 18 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധ സ്ഥിരീകരിച്ച രക്ഷാപ്രവര്‍ത്തകരുടെ എണ്ണം 53 ആയി. 824 പേരുടെ ഫലം നെഗറ്റീവായി. കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ കൊണ്ടോട്ടി, നെടിയിരുപ്പ് പ്രദേശങ്ങളിൽ നിന്നുള്ള സമീപവാസികളായ 150 ഓളം പേർ അന്ന് മുതൽ തന്നെ ക്വാറന്‍റീനിലേക്ക് മാറിയിരുന്നു. രോഗം സ്ഥിരീകരിച്ചവരിൽ നാട്ടുകാർക്ക് പുറമേ അഗ്നിശമന സേന ഉദ്യോഗസ്ഥരും ഉൾപെടും.
രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മലപ്പുറം ജില്ലാ കളക്ടര്‍, അസി. കളക്ടര്‍, സബ് കളക്ടര്‍ എസ്‍പി, എഎസ്പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും 7 മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോയിരുന്നു. മലപ്പുറം കളക്ടറുമായി സമ്പര്‍ക്കത്തിൽ ആയതിനെ തുടര്‍ന്നാണ് കരിപ്പൂര്‍ സന്ദര്‍ശിച്ച സംഘമാകെ സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്.
Also Read: മലപ്പുറം കളക്ടറുമായി സമ്പര്‍ക്കം: മുഖ്യമന്ത്രിയും ഏഴ് മന്ത്രിമാരും സ്പീക്കറും സ്വയം നിരീക്ഷണത്തിൽ
ആഗസ്റ്റ് ഏഴിനാണ് കരിപ്പൂർ വിമാനത്താവളത്തിലെ ലാൻഡിംഗിനിടെ എയർഇന്ത്യ എക്സ്പ്രസിൻ്റെ ദുബായ് - കോഴിക്കോട് വിമാനം റൺവേയിൽ നിന്നും നിയന്ത്രണം തെറ്റി കോംപൗണ്ട് വാളിൽ ഇടിച്ച് അപകടമുണ്ടായത്. വിമാനം ലാൻഡിംഗ് ചെയ്തതിന് ശേഷമായിരുന്നു അപകടം എന്നതിനാലും ഇന്ധനചോർച്ച പെട്ടെന്ന് നിയന്ത്രിച്ചതിനാലും വലിയ ദുരന്തമാണ് ഒഴിവായത്. വിമാനത്തിൻ്റെ രണ്ട് പൈലറ്റുമാരും അപകടത്തിൽ മരിച്ചിരുന്നു.
Also Read: കരിപ്പൂർ വിമാനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു