കരിപ്പൂരില്‍ പറന്നിറങ്ങിയ ദുരന്തത്തിന് ഒരാണ്ട്; വേദന ഒഴിയാതെ ഇരകള്‍
ദുരന്തം നടന്നിട്ട് ഒരു വര്‍ഷമായിട്ടും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ചികിത്സ സഹായം ഇന്നും വാഗ്ദാനം മാത്രമായി അവശേഷിക്കുകണെന്നാണ് അപകടത്തില്‍പ്പെട്ടവര്‍ പറയുന്നു.
2020 ഓഗസ്റ്റ് ഏഴിന് രാത്രി കരിപ്പൂരുകാരുടെ മനസ്സില്‍ നിന്നും ഒരിക്കലും മറയില്ല. കൊവിഡിന്‍റെ അടച്ച് പൂട്ടലുകള്‍ക്കിടെ അന്ന് രാത്രി അണമുറിയാതെ തോര്‍ന്ന പെരുമഴയത്ത് ആകാശത്ത് നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പറന്നിറങ്ങിയ ദുരന്തമായി ഐ.എക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം. 21 ജീവനുകള്‍ അന്നില്ലാതായി. 150 ല്‍ പരം പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍. അവരില്‍ പലരും ഇന്ന് പാതിജീവിതം ജീവിക്കുന്നു. മരണമടഞ്ഞവരില്‍ ഏറെയും കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവരായിരുന്നു. നിരവധി പ്രവാസി കുടുംബങ്ങളുടെ അത്താണിയാണ് അന്ന് ഊരിത്തെറിച്ചത്.
രാത്രി 7.40-ന് മഴ തിമര്‍ത്ത് പെയ്യുന്നതിനിടെയായിരുന്നു ദുരന്തം. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോകം മൊത്തം അടച്ച് തുടങ്ങിയപ്പോള്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാനായുളള ' വന്ദേ ഭാരത് ദൗത്യ'ത്തിന്‍റെ ഭാഗമായി ദുബായില്‍ നിന്ന് 184 യാത്രക്കാരെയുമായി പറന്നിറങ്ങിയ എഐ.എക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ടു.
റണ്‍വേയില്‍ നിന്ന് തെന്നിമാറി നിയന്ത്രണം വിട്ട വിമാനം ടേബിള്‍ ടോപ്പ് റണ്‍വേയില്‍ നിന്നും തെന്നി എയര്‍പോര്‍ട്ട് മതിലിലിടിക്കുകയും തുടര്‍ന്ന് ചരിഞ്ഞ് ഒരു ഭാഗത്തേക്ക് വീഴുകയും രണ്ട് ഭാഗങ്ങളായി മുറിഞ്ഞു മാറുകയുമായിരുന്നെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ അപകട കാരണം സംബന്ധിച്ച ഔദ്ധ്യോഗിക അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെയും പുറത്ത് വന്നിട്ടില്ല. വിമാനം റണ്‍വേയില്‍ താഴ്ന്നിറക്കുന്നതിലുണ്ടായ പിഴവാണ് അപകടകാരണമെന്ന് അന്ന് പ്രചരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട വിമാനത്തിന്‍റെ പൈലറ്റ് ഡി.വി. സാഥേ, കോ പൈലറ്റ് അഖിലേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി.
ഇനിയില്ല പഴയ ജീവിതത്തുടര്‍ച്ച...
കോഴിക്കോട് നാദാപുരം ഇയ്യംങ്കോട് സ്വദേശി അഷ്‌റഫ് മൂടോറക്ക്, തന്‍റെ ജീവിതം ഇല്ലാതാക്കിയ ആ അപകടത്തെ കുറിച്ച് ഓര്‍ക്കാന്‍ തന്നെ കഴിയുന്നില്ല. പതിനഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ നിന്ന് നുള്ളിപ്പെറുക്കി സ്വരുക്കൂട്ടി വെച്ചതുമായിട്ടായിരുന്നു അയാള്‍ കൊറാണയ്ക്കിടെയിലും ദുബായില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. ഷാര്‍ജയില്‍ കഫ്ത്തീരിയുടെ മേല്‍നോട്ടമായിരുന്നു ജോലി. മൂന്ന് മാസത്തെ അവധിക്കിടയില്‍ വീട് പണി പൂര്‍ത്തിയാക്കണം അത് മാത്രമായിരുന്നു ആ യാത്രയിലെ അയാളുടെ ഏക ചിന്തയും. എന്നാല്‍ ആ ഓഗസ്റ്റ് ഏഴാം തിയതി കരിപ്പൂരില്‍ വിമാനം ലാന്‍റിങ്ങിന് ശ്രമിച്ചത് മാത്രമാണ് ഓര്‍മ്മയിലുള്ളത്. പിന്നെ 12 ദിവസങ്ങള്‍ ബോധമില്ലാതെ ആശുപത്രിയില്‍.
പന്ത്രണ്ട് ദിനരാത്രങ്ങള്‍ക്കിപ്പുറം ഉണര്‍ന്നെങ്കിലും കാലുകള്‍ തകര്‍ന്നിരുന്നു. ശരീരമാസകലം പരിക്കും. ഇപ്പോഴും സ്വന്തമായി നടക്കാനാകില്ല. ഇതുവരെ പത്ത് ശസ്ത്രക്രിയകള്‍ അഷറഫിന്‍റെ ശരീരം ഏറ്റുവാങ്ങി. എങ്കിലും കാല്‍ പാദം നിലത്ത് കുത്താന്‍ കഴിയാത്ത അവസ്ഥയാണ്. വലത് കാലിന്‍റെ നീളം പത്ത് സെന്‍റീമീറ്ററോളം കുറഞ്ഞു. ഇതോടെ പ്രാഥമിക കര്‍മങ്ങള്‍ക്ക് പോലും പോകാന്‍ വാക്കറിന്‍റെ സഹായം വേണം. ചികിത്സ തുടരുന്നു. കാലിന് ഇപ്പോഴും പ്ലാസ്റ്ററിട്ടിട്ടുണ്ട്. പഴയ ജീവിതം ഇനി സാധ്യമല്ല. ജോലിയും വിസയും നഷ്ടപ്പെട്ടു. പുതിയ ജോലി കിട്ടിയാലും ചെയ്യാന്‍ ശരീരം അനുവദിക്കാത്ത അവസ്ഥയാണ്. ഡ്രൈവറായി എവിടെയെങ്കിലും കയറാമെന്ന് കരുതിയാല്‍ കാലിന്‍റെ പ്രശ്നം കാരണം അതും നടക്കില്ല. ഒരു വര്‍ഷമായി സ്വന്തമായി വരുമാനമില്ല.
ഭാര്യയും ഉമ്മയും രണ്ട് മക്കളും അടങ്ങുന്നതാണ് അഷ്‌റഫിന്‍റെ കുടുംബം. വിദ്യാര്‍ത്ഥികളായ കുട്ടികളെ നല്ലരീതിയില്‍ പഠിപ്പിക്കണമെന്നുള്ള ആഗ്രഹവും പ്രതിസന്ധിയിലാണ്. മക്കളുടെ വിദ്യാഭ്യാസ ചെലവിനും വീട്ടു ചെലവിനുമായി ഏറെ ബുദ്ധിമുട്ടുകയാണ് അഷ്‌റഫിനെ പോലെയുള്ള കരിപ്പൂര്‍ വിമാനാപകടത്തിന്‍റെ ഇരകള്‍. ചികിത്സാചെലവ് മാത്രം ഏയര്‍ ഇന്ത്യ വഹിക്കുന്നുണ്ട്. ഇന്‍ഷ്വറന്‍സ് പണം ഇതുവരെ ലഭിച്ചിട്ടില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ധനസഹായവും വിമാനാപകടം നടന്ന് ഒരു വര്‍ഷമായിട്ടും ലഭിച്ചിട്ടില്ലെന്ന് അഷറഫ് പറയുന്നു.
ജീവിത സഖിയാത്രയായി ; ഗള്‍ഫ് ജീവിതം തന്നെ ഉപേക്ഷിച്ച് പ്രമോദ്
കരിപ്പൂര്‍ വിമാനാപകട ദുരന്തം പ്രിയതമ മഞ്ജുളാ കുമാരിയെ കവര്‍ന്നെടുത്തതോടെ രണ്ട് പതിറ്റാണ്ടായുള്ള ഗള്‍ഫ് ജീവിതം കോഴിക്കോട് നരിപ്പറ്റ സ്വദേശിയായ പ്രമോദ് ഉപേക്ഷിച്ചു. രണ്ട് മാസം കഴിഞ്ഞ് പുതിയ വീട്ടിലേക്ക് താമസം മാറ്റുന്നതിനായി ലീവ് നോക്കിയിരിക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധി കാരണം നാട്ടിലേക്ക് ഭാര്യയെ ആദ്യം അയച്ചു. പക്ഷേ, മഞ്ജുളയ്ക്ക് വിമാനത്താവളം കടക്കാനായില്ല. സുഹൃത്തും നരിപ്പറ്റ സ്വദേശിയുമായ മുരളീധരനും പ്രമോദും ഗള്‍ഫില്‍ ഒരു സ്ഥാപനം നടത്തുകയായിരുന്നു. മുരളീധരന്‍റെ ഭാര്യ രമ്യയ്ക്കും മക്കള്‍ക്കൊപ്പമായിരുന്നു മഞ്ജുളയും നാട്ടിലേക്ക് വന്നത്. അപകടത്തില്‍ അവര്‍ മൂന്ന് പേരും പോയി. പിന്നീട് കണ്ടത് ചേതനയറ്റ പ്രിയതമയേയാണ്.
ദുബായില്‍ ഇന്ത്യന്‍ സ്‌കൂളില്‍ സ്റ്റാഫായിരുന്നു മഞ്ജുള. അഞ്ച് വര്‍ഷം മുന്‍പ് റാസല്‍ഖൈമയില്‍ സ്വന്തമായി ഇലക്ട്രോ മെക്കാനിക്കല്‍ സ്ഥാപനം തുടങ്ങി. പിന്നീട് മഞ്ജുളയും അവിടെ ജോലി ആരംഭിച്ചു. സ്ഥാപനത്തിന്‍റെ പേപ്പര്‍ വാക്കുകളെല്ലാം ചെയ്തിരുന്നത് മഞ്ജുളയായിരുന്നു. അവളില്ലാതെ എനിക്ക് മാത്രമായി എങ്ങനെയത് നടത്തികൊണ്ട് പോകാന്‍ പറ്റുമെന്ന് പ്രമോദ് ചോദിക്കുന്നു. നഷ്ടപരിഹാരത്തിനായി എയര്‍ ഇന്ത്യയുമായി ചര്‍ച്ച നടക്കുകയാണ്. കൂടുതല്‍ തുകയൊന്നും നഷ്ടപരിഹാരമായി പ്രതീക്ഷിക്കേണ്ടയെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നത്. ഇരകളുടെ ഒരു കൂട്ടായ്മ ഉണ്ടാക്കിയാണ് ലീഗല്‍ കാര്യങ്ങള്‍ നടത്തുന്നത്. ദുബായിലുള്ള ഒരു ലീഗല്‍ കണ്‍സള്‍ട്ടന്‍സിയാണ് ആ കാര്യങ്ങള്‍ നോക്കുന്നത്. കേസ് ഫയല്‍ ചെയ്തിട്ടില്ലെന്ന് പ്രമോദ് പറഞ്ഞു.
കേസില്ലാതെ കാര്യങ്ങള്‍ മുന്നോട്ട് പോകാനുള്ള ശ്രമങ്ങളാണ് കണ്‍സള്‍ട്ടസി നടത്തുന്നത്. വിമാനാപകടത്തിന്‍റെ യഥാര്‍ത്ഥ കാരണം സംബന്ധിച്ച ഒരു ഔദ്ധ്യോഗിക റിപ്പോര്‍ട്ട് പോലും ഇതുവരെ വരാത്തത്തില്‍ വിഷമമുണ്ടെന്നും പ്രമോദ് പറയുന്നു. നഷടപരിഹാരമായി കേരള സര്‍ക്കാരിന്‍റെ പത്ത് ലക്ഷം രൂപ ലഭിച്ചു. ഭാവിയില്‍ ലഭിക്കുന്ന ഇന്‍ഷ്വറന്‍സ് തുകയില്‍ നിന്നും ഈടാക്കുമെന്ന് പറഞ്ഞ് എയര്‍ ഇന്ത്യ പത്ത് ലക്ഷം രൂപ നല്‍കിയെന്നും പ്രമോദ് പറഞ്ഞു.
നടപ്പാകാതെ വാഗ്ദാനങ്ങള്‍
ദുരന്തം നടന്നിട്ട് ഒരു വര്‍ഷമായിട്ടും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ചികിത്സ സഹായം ഇന്നും വാഗ്ദാനം മാത്രമായി അവശേഷിക്കുകണെന്നാണ് അപകടത്തില്‍പ്പെട്ടവര്‍ പറയുന്നു. ദുരന്ത സമയത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ സഹായ ധനം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വര്‍ഷം ഒന്നായിട്ടും പലര്‍ക്കും തുക ലഭിച്ചിട്ടില്ല. ഇടക്കാല സഹായമായി എയര്‍ ഇന്ത്യ നല്‍കിയ രണ്ട് ലക്ഷം രൂപ നല്‍കിയത് മാത്രമാണ് പലര്‍ക്കും ലഭിച്ചത്. ഈ രണ്ട് ലക്ഷം രൂപ, അന്തിമ തുകയില്‍ നിന്ന് എയര്‍ ഇന്ത്യ കുറയുകയും ചെയ്യും.
വിമാനാപകടത്തില്‍ പരിക്കേറ്റ യാത്രക്കാരില്‍ പലരും വിവിധതരം ആരോഗ്യപ്രശ്നങ്ങളുടെ പിടിയിലാണ്. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ് ജോലി നഷ്ടമായവും വര്‍ഷങ്ങളോളം ചികിത്സ തുടരേണ്ടവരും ഇതില്‍പ്പെടുന്നു. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കിത്തുടങ്ങിയെങ്കിലും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഇനിയും സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന പരാതിയും ഉയരുന്നു.
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ കോടതിയെ സമീപിച്ചതോടെയാണ് പലര്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടിയായത്. എന്നാല്‍, രേഖകള്‍ പലതും ആവശ്യപ്പെട്ട് പലരുടെയും നഷ്ടപരിഹാരം വൈകിപ്പിക്കുന്നതായും പരാതിയുണ്ട്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് മുന്നോടിയായി എയര്‍ ഇന്ത്യാ അധികൃതര്‍ ദുരന്തബാധിതരുമായി നടത്തുന്ന കൂടിക്കാഴ്ച പോലും കഴിഞ്ഞിട്ടില്ല. ദുരന്തബാധിതരുമായി വിലപേശി കുറഞ്ഞ നഷ്ടപരിഹാരം നല്‍കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മലബാര്‍ ഡെവലപ്മെന്‍റ് ഫോറം പ്രസിഡന്‍റ് കെ.എം. ബഷീര്‍ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona