എഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയെ ചോദ്യം ചെയ്യാതെ പൊലീസ്, കളക്ടറുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല

നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പ്രതി ചേർത്ത പി പി ദിവ്യയെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല.

Kannur ADM Naveen Babu death Police did not question cpm leader pp divya

കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ചേർത്ത് അഞ്ച് ദിവസം കഴിഞ്ഞിട്ടും പി പി ദിവ്യയെ ചോദ്യം ചെയ്യാതെ പൊലീസ്. ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി വാദം കേൾക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി. ജില്ലാ കളക്ടറുടെ മൊഴിയും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. എഡിഎമ്മിന്‍റെ ആത്മഹത്യയിലേക്ക് നയിച്ച കാരണമറിയാൻ ദിവ്യയുടെ മൊഴി നിർണായകമെന്നിരിക്കെ, റവന്യൂ വകുപ്പ് അന്വേഷണത്തിലും അവർക്ക് സാവകാശം നൽകുകയാണ്.

കൃത്യം ഒരാഴ്ച്ച മുമ്പാണ് കണ്ണൂർ കളക്ടറേറ്റിൽ യാത്രയയപ്പ് യോഗത്തിൽ അധിക്ഷേപ വാക്കുകളും ആരോപണങ്ങളും കേട്ട് എഡിഎം നവീൻ ബാബു ഇറങ്ങിപ്പോയതും പിന്നീട് ജീവനൊടുക്കിയതും. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പ്രതി ചേർത്ത പി പി ദിവ്യയെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. പ്രതിയായിട്ടും പ്രതിഷേധമുണ്ടായിട്ടും ദിവ്യക്ക് സാവകാശം നൽകുകയാണ് പൊലീസ്. എഫ്ഐആറിൽ പേര് ചേർത്തിട്ട് തന്നെ അഞ്ച് ദിവസം കഴിഞ്ഞു. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പത്ത് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റം. യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തവരുടെ മൊഴിയെടുത്തിട്ടും ദിവ്യയിലേക്ക് എത്തിയില്ല പൊലീസ്. അവർ ഇരിണാവിലെ വീട്ടിലില്ലെന്നാണ് വിവരം. 

തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് ദിവ്യയുടെ മുൻകൂർ ജാമ്യഹർജി പരിഗണിച്ചു. പൊലീസിനോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.വ്യാഴാഴ്ചയിലേക്ക് മാറ്റി. നവീൻ ബാബുവിന്‍റെ കുുടംബവും കക്ഷി ചേരാൻ അപേക്ഷ നൽകി. ദിവ്യക്ക് സൗകര്യം പൊലീസ് വക മാത്രമല്ല. റവന്യൂ വകുപ്പ് അന്വേഷണത്തിലും അവരുടെ മൊഴിയെടുത്തിട്ടില്ല. ദിവ്യ സാവകാശം തേടിയെന്നായിരുന്നു ലാൻഡ് റവന്യൂ ജോ.കമ്മീഷണർ എ ഗീത തന്നെ പറഞ്ഞത്. എഡിഎമ്മിനെതിരെ ആരോപണമുന്നയിച്ചത് എന്തിന്? കൈക്കൂലി പരാതിക്ക് തെളിവെന്ത് പെട്രോൾ പമ്പിന്‍റെ എൻഓസിയിൽ താത്പര്യമെന്ത്? എഡിഎമ്മിന്‍റെ മരണത്തിലെ ദുരൂഹത നീക്കാൻ ദിവ്യയിൽ നിന്ന് ഉത്തരം കിട്ടേണ്ട ചോദ്യങ്ങളേറെയാണ്. എല്ലാം പുകമറയിൽ നിൽക്കുമ്പോഴും പക്ഷേ പൊലീസ് അനങ്ങുന്നില്ല.

Latest Videos
Follow Us:
Download App:
  • android
  • ios