നവീൻ ബാബുവിന്‍റെ മരണം; യാത്രയയപ്പ് യോഗത്തിന് മുമ്പ് പി പി ദിവ്യ വിളിച്ചതിൽ അസ്വാഭാവിക തോന്നിയില്ലെന്ന് കളക്ടർ

എഡിഎം നവീൻ ബാബുവിന്‍റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് ആവർത്തിച്ച കളക്ടർ അരുൺ കെ വിജയൻ, യോഗത്തിന് മുമ്പ് അവർ ഫോണിൽ വിളിച്ചെന്ന് സ്ഥിരീകരിച്ചിരുന്നു.

Kannur ADM Naveen Babu Death Kannur collector arun k vijayan statement details

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ യാത്രയയപ്പ് യോഗത്തിന് മുമ്പ് പി പി ദിവ്യ വിളിച്ചതിൽ അസ്വാഭാവിക തോന്നിയില്ലെന്നും മറ്റ് ലക്ഷ്യങ്ങൾ അവർക്കുണ്ടെന്ന് കരുതിയില്ലെന്നും കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴി. പി പി ദിവ്യയെ പ്രതി ചേർത്ത് ഏഴാം ദിവസവും പൊലീസ് ചോദ്യം ചെയ്തിട്ടില്ല. നാളെ മുൻകൂർ ജാമ്യഹർജിയിൽ വാദം നടക്കാനിരിക്കെ, ദിവ്യക്കെതിരെ ശക്തമായ തെളിവുകൾ പൊലീസ് റിപ്പോർട്ടിലുണ്ടാകുമെന്നാണ് സൂചന. 

എഡിഎം നവീൻ ബാബുവിന്‍റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് ആവർത്തിച്ച കളക്ടർ അരുൺ കെ വിജയൻ, യോഗത്തിന് മുമ്പ് അവർ ഫോണിൽ വിളിച്ചെന്ന് സ്ഥിരീകരിച്ചിരുന്നു. പൊലീസിന് നൽകിയ മൊഴിയിലാണ് ആ ഫോൺ കോളിൽ അസാധാരണത്വം തോന്നിയില്ലെന്ന് കളക്ടർ പറഞ്ഞത്. യാത്രയയപ്പ് യോഗത്തിനെ കുറിച്ച് ദിവ്യ ചോദിച്ചപ്പോഴും അവർക്ക് മറ്റ് ഉദ്ദേശങ്ങളുണ്ടെന്ന് കരുതിയില്ലെന്നും കളക്ടർ മൊഴി നൽകി. ആരോപണത്തെക്കുറിച്ച് അറിഞ്ഞതും യോഗത്തിൽ മാത്രമെന്ന് മൊഴി. ക്ഷണിക്കാതെ എഡിഎമ്മിനെ അധിക്ഷേപിക്കാൻ ആസൂത്രണം ചെയ്താണ് പി പി ദിവ്യ എത്തിയതെന്ന് തെളിയിക്കുന്നതാണ് കളക്ടറുടെ മൊഴിയും. 

Also Read: എഡിഎമ്മിനെതിരായ പരാതി തയ്യാറാക്കിയത് സിപിഎം കേന്ദ്രങ്ങളോ? വ്യാജമാണെന്ന് തെളിഞ്ഞിട്ടും അന്വേഷണമില്ല, ദുരൂഹത

തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെയാണ് മുൻകൂർ ജാമ്യ ഹർജിയിൽ വാദം കേൾക്കുന്നത്. പൊലീസ് റിപ്പോർട്ട് ദിവ്യക്ക് എതിരെന്നാണ് വിവരം. പ്രേരണക്കുറ്റം തെളിയിക്കാവുന്ന വിവരങ്ങളാണ് പൊലീസെടുത്ത മൊഴികളിലുമുളളത്. ദിവ്യയ്ക്ക് അന്വേഷണസംഘം സാവകാശം നൽകുന്നത് തുടരുകയാണ്. ഏക പ്രതിയായ ദിവ്യയെ ഇനിയും ചോദ്യം ചെയ്തിട്ടില്ല. അതേസമയം, പൊലീസ് റിപ്പോർട്ടിന് കാത്തിരിക്കുകയാണ് സിപിഎം. ജില്ലാ കമ്മിറ്റി അംഗമായ ദിവ്യക്കെതിരെ ശക്തമായ തെളിവുകളെങ്കിൽ, സമ്മേേളന കാലമെന്നത് നോക്കാതെ അവർക്കെതിരെ നടപടിയുണ്ടാകാനാണ് സാധ്യത. തരംതാഴ്ത്തൽ നടപടിയുൾപ്പെടെ ഈയാഴ്ച ചേരുന്ന നേതൃയോഗങ്ങളിൽ ചർച്ചയായേക്കും.

Latest Videos
Follow Us:
Download App:
  • android
  • ios