ശ്രീലേഖയുടെ ആരോപണങ്ങൾക്ക് പ്രാധാന്യം നൽകേണ്ട,സർവീസിലിരിക്കുമ്പോൾ എന്തുകൊണ്ട് പറഞ്ഞില്ലെന്നും കാനം രാജേന്ദൻ

സർവീസിൽ ഇരിക്കുന്ന സമയത്ത് എന്തുകൊണ്ട് ഇത് പറഞ്ഞില്ലെന്ന് കാനം രാജേന്ദ്രൻ ചോദിച്ചു

Kanam Rajendran said that Srilekha's allegations should not be given importance

തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസിൽ ജയിൽ മുൻ ഡി ജി പി ആർ ശ്രീലേഖ ഉയർത്തിയ ആരോപണങ്ങൾക്ക് എതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.  സർവീസിൽ ഇരിക്കുന്ന സമയത്ത് എന്തുകൊണ്ട് ഇത് പറഞ്ഞില്ലെന്ന് കാനം രാജേന്ദ്രൻ ചോദിച്ചു. അന്ന് പറയാൻ പറ്റാത്തതാണ് എന്ന് അറിയാവുന്നത് കൊണ്ടല്ലേ പറയാതിരുന്നത്. വിരമിച്ചതിന് ശേഷം ചില ഉദ്യോഗസ്ഥർക്കുള്ള അസുഖമാണ് വെളിപ്പെടുത്തൽ. അത്തരം ആരോപണങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കണ്ട. ആരോപണം അന്വേഷണത്തെ ബാധിക്കുമോ എന്ന് അന്വേഷണ സംഘം പരിശോധിക്കട്ടെയെന്നും കാനം രാജേന്ദ്രൻ പറഞ്ഞു

ദിലീപിന് അനുകൂലമായി അവകാശ വാദങ്ങൾ; ശ്രീലേഖയ്ക്കെതിരെ അന്വേഷണം തുടങ്ങി, കേസ് എടുക്കണോയെന്ന് പിന്നീട് തീരുമാനം

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി അവകാശ വാദങ്ങൾ നിരത്തിയ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി. കുസുമം ജോസഫ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. കേസിലെ പ്രതിയായ പള്‍സര്‍ സുനി മുമ്പും നടിമാരെ പീഡിപ്പിച്ചിട്ടുണ്ട് എന്നതടക്കമുള്ള പരാമര്‍ശങ്ങളാണ് ശ്രീലേഖ തന്‍റെ യൂട്യൂബ് ചാനലിലൂടെ നടത്തിയത്. 

പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി ശ്രീലേഖയുടെ യൂ ട്യൂബ് വീഡിയോ പരിശോധിക്കും. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് എടുക്കണോയെന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നും പൊലീസ് അറിയിച്ചു. 

ശ്രീലേഖയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം നീക്കം തുടങ്ങിയിരുന്നു. ഇക്കാര്യത്തിൽ ലഭിച്ച നിയമോപദേശം മേലുദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ട്. മൊഴിയെടുക്കാതെ മുന്നോട്ട് പോയാൽ തുടർ വിസ്താരത്തിൽ പ്രതിഭാഗം ഇക്കാര്യം ഉപയോഗിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ശ്രീലേഖയുടെ പ്രസ്താവനകൾ പരിശോധിച്ച് വ്യക്തത വരുത്താനാണ് നീക്കം.

മുൻ ഡിജിപിയുടെ മൊഴിയെടുക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയാണ് അന്വേഷണ സംഘം തേടുന്നത്. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ ദിലീപ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. ഹാഷ്യൂ വാല്യു മാറിയത് പരിശോധിക്കാൻ ഫൊറൻസിക് ലാബിലേക്കയച്ച മെമ്മറി കാർഡിന്‍റെ പരിശോധനാഫലും ഇന്ന് കിട്ടിയേക്കും. 

സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസം ശ്രീലഖ പുറത്തു വിട്ട വീഡിയോയിലെ പരാമര്‍ശങ്ങളാണ് പരാതിക്ക് കാരണം. നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസര്‍ സുനി വേറെയും നടിമാരെ ആക്രമിച്ചിരുന്നുവെന്ന് അറിഞ്ഞിട്ടും സുനിക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പ്രൊഫ: കുസുമം ജോസഫ്  ശ്രീലേഖയ്ക്ക് എതിരെ തൃശൂർ റൂറൽ എസ്.പിക്കാണ് പരാതി നൽകിയത്.

പൾസൾ സുനിക്കെതിരെ കൃത്യമായി നടപടി എടുത്തിരുന്നെങ്കിൽ വീണ്ടും കുറ്റകൃത്യങ്ങൾ ആവർത്തിക്കില്ലായിരുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ മുൻ ജയിൽ മേധാവി കൂടിയായ ശ്രീലേഖ ഐപിഎസ് കുറ്റവാളിയെ സംരക്ഷിക്കുകയായിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ പൾസര്‍ സുനിക്കെതിരെ പുതിയ കേസെടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു

നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിൽ എത്തി നിൽക്കെയാണ് ആർ ശ്രീലേഖ ദിലീപിന് ക്ലീന്‍ ചിറ്റ് നൽകി പൊലീസിനെ പൂർണ്ണമായും തള്ളുന്നത്. ദിലീപിനെതിരെ പൊലീസ് കണ്ടെത്തിയ തെളിവുകളുടെ വിശ്വാസ്യത തന്നെ മുൻ ജയിൽ മേധാവി ചോദ്യം ചെയ്യുന്നു. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവർ ലോക്കേഷനിൽ വന്നിരുന്നു എന്നതും വിശ്വാസ്യ യോഗ്യമല്ലെന്നാണ് ആർ ശ്രീലേഖയുടെ പരാമര്‍ശം. ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിൽ വന്ന ഗൂഢാലോചന കേസിനെയും ശ്രീലേഖ തള്ളുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios