മൃദംഗനാദം സംഘാടകർ 12,500 സാരി ഓർഡർ നൽകി, 360 രൂപക്ക് കൊടുത്തതിന് 1600 ഈടാക്കി; വിശദീകരിച്ച് കല്യാണ്‍ സിൽക്സ്
മൃദംഗനാദം സംഘാടകർ 12,500 സാരിക്കാണ് ഓർഡർ നൽകിയത്. പരിപാടിക്ക് വേണ്ടി മാത്രം കല്ല്യാൺ സിൽക്സ് സാരി നിർമിച്ച് നൽകുകയായിരുന്നു. ഇതിനായി ഈടാക്കിയത് 390 രൂപയാണ്
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ മൃദംഗമിഷൻ്റെ മെഗാ നൃത്ത പരിപാടിയിൽ ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി കല്ല്യാൺ സിൽക്സ്. സംഘാടകരുമായി ഉണ്ടാക്കിയത് വാണിജ്യ ഇടപാട് മാത്രമാണെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും കല്യാൺ സിൽക്സ് ആവശ്യപ്പെട്ടു. കല്ല്യാണിന്റെ പേര് ചൂഷണത്തിന് ഉപയോഗിച്ചതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച കല്യാൺ സിൽക്സ്, സംഭവം നടന്ന് രണ്ടു ദിവസം പിന്നിടുമ്പോഴാണ് വാർത്തക്കുറിപ്പ് ഇറക്കി പ്രതികരണം അറിയിച്ചത്.
മൃദംഗനാദം സംഘാടകർ 12,500 സാരിക്കാണ് ഓർഡർ നൽകിയതെന്നും പരിപാടിക്ക് വേണ്ടി മാത്രം കല്ല്യാൺ സിൽക്സ് സാരി നിർമിച്ച് നൽകുകയായിരുന്നുവെന്നും കല്യാണ്‍ സിൽക്സ് പറയുന്നു. ഇതിനായി ഈടാക്കിയത് 390 രൂപയാണ്. എന്നാൽ പിന്നീടാണ് ഈ സാരിക്ക് സംഘാടകർ 1600 രൂപ ഈടാക്കിയെന്ന് അറിയുന്നതെന്നും വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം, സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്ന് മകനും ഡോക്ടറുമായ വിഷ്ണു പറഞ്ഞു.
അമ്മേ എന്ന് വിളിച്ചപ്പോള്‍ വിളി കേട്ടുവെന്നും ചിരിച്ചുവെന്നും വിഷ്ണു പറഞ്ഞു. രാവിലെ പോയി കണ്ടപ്പോള്‍ കൈകാലുകള്‍ അനക്കി. ചോദ്യങ്ങളോട് പ്രതികരിച്ചു. കണ്ണുകള്‍ തുറക്കുകയും ചെയ്തുവെന്നും വിഷ്ണു പറഞ്ഞു. ആദ്യം കണ്ണു തുറക്കാൻ പറഞ്ഞപ്പോള്‍ കണ്ണു തുറന്നു. പിന്നെ കൈകള്‍ അനക്കാൻ പറഞ്ഞു. അപ്പോള്‍ കൈകള്‍ അനക്കി. കാലുകള്‍ അനക്കാൻ പറഞ്ഞപ്പോള്‍ അതും ചെയ്തു. പിന്നീട് ഷേക്ക് ഹാന്‍ഡ് നൽകാൻ കൈ നീട്ടിയപ്പോള്‍ തിരിച്ച് മുറുകെ പിടിച്ചു. പറയുന്ന കാര്യങ്ങളോട് അമ്മ പ്രതികരിച്ചത് പ്രതീക്ഷ നൽകുന്നതാണെന്നും വിഷ്ണു പ്രതികരിച്ചു.
ഉമ തോമസ് എംഎൽഎ ചോദ്യങ്ങളോട് പ്രതികരിച്ചെങ്കിലും ഗുരുതരാവസ്ഥയിൽ തന്നെയാണ്. ആശാവഹമായ പുരോഗതിയുണ്ടെന്നും റിനൈ മെഡിസിറ്റിയിലെ ഡോക്ടര്‍മാരും പറഞ്ഞു. ഉമ തോമസിന്‍റെ ആരോഗ്യത്തിൽ ആശാവഹമായ പുരോഗതിയുണ്ടെങ്കിലും വെന്‍റിലേറ്ററിൽ തന്നെയാണ് ഇപ്പോഴും. മകൻ ചോദിച്ചപ്പോള്‍ അവര്‍ പ്രതികരിച്ചു. കണ്ണുകള്‍ തുറന്നുവെന്നും കൈകാലുകള്‍ അനക്കി ചിരിച്ചെന്നും ആശുപത്രി മെഡിക്കൽ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളം വ്യക്തമാക്കി. തലച്ചോറിലെ പരിക്കിൽ ഉള്‍പ്പെടെ ആശാവഹമായ പുരോഗതിയുണ്ട്.
ശ്വാസകോശത്തിലെ പരിക്ക് വെല്ലുവിളിയാണ്. ഇന്നലത്തെ എക്സറേയിൽ നേരിയ പുരോഗതിയുണ്ട്. വാരിയെല്ല് പൊട്ടിയതിന്‍റെ പരിക്ക് ഭേദമാകണം. ആന്‍റി ബയോട്ടിക്കുകളോട് അവര്‍ പ്രതികരിക്കുന്നുണ്ട്. ഗുരുതരാവസ്ഥ മാറണമെങ്കിൽ വെന്‍റിലേറ്ററിൽ നിന്ന് മാറ്റി 24 മണിക്കൂര്‍ നിരീക്ഷിക്കേണ്ടതുണ്ട്. ഇന്‍ഫെക്ഷൻ കുറഞ്ഞോയെന്ന് ഇപ്പോള്‍ പറയാറായിട്ടില്ല. തുടര്‍ ചികിത്സ പ്രധാനമാണെന്നും ആന്‍റി ബയോട്ടിക്കുകള്‍ നൽകുന്നുണ്ടെന്നും ട്യൂബിലൂടെയാണ് ഭക്ഷണം കൊടുക്കുന്നതെന്നും ന്യൂമോണിയ വരാതെ നോക്കേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8