കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; മൃദംഗ വിഷൻ എംഡി നിഗോഷ് കുമാര്‍ അറസ്റ്റിൽ, ചോദ്യം ചെയ്തത് ഏഴു മണിക്കൂര്‍

നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ പരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്‍റെ എംഡി നിഗോഷ് കുമാര്‍ അറസ്റ്റിൽ. നാളെ കോടതിയിൽ ഹാജരാക്കും.

kaloor stadium uma thomas stage accident Mridanga Vision MD Nigosh Kumar arrested after seven hours interrogation

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ പരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്‍റെ എംഡി അറസ്റ്റിൽ. ഏഴു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് മൃദംഗ വിഷൻ എംഡി നിഗോഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നാളെ കോടതിയിൽ ഹാജരാക്കും. കേസിലെ മറ്റൊരു പ്രതിയായ ഓസ്കാ‍ർ ഇവന്‍റ്സ് ഉടമ ജനീഷ് കുമാർ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരായിരുന്നില്ല.

കേസിൽ നിഗോഷ് കുമാര്‍  പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ രാവിലെ കീഴടങ്ങുകയായിരുന്നു. തുടര്‍ന്നാണ് വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ്  രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. പരിപാടിയുടെ വേദി അശാസ്ത്രീയമായി ഉണ്ടാക്കി അപകടം ഉണ്ടാക്കിയതിനാണ് നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. സാമ്പത്തിക വഞ്ചനാ കുറ്റത്തിൽ ഉള്‍പ്പെടെ വിശദമായ പരിശോധനയ്ക്കുശേഷമായിരിക്കും കൂടുതൽ വകുപ്പുകള്‍ ചുമത്തുക.

ചട്ടം ലംഘിച്ച് തട്ടിക്കൂട്ട് വേദി സ്റ്റേഡിയത്തില്‍ നിര്‍മ്മിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ മറ്റുവഴിയില്ലാതെയായതോടെയാണ് സംഘാടകനായ നിഗോഷ് കുമാര്‍ കീഴടങ്ങിയത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയും ഇയാളോട് കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അമേരിക്കയിലേക്ക് മടങ്ങിയ ദിവ്യ ഉണ്ണിയെ ആവശ്യമെങ്കിൽ പൊലീസ് തിരികെ വിളിപ്പിക്കും. പരിപാടി നടത്തിപ്പിന്‍റെ മുഖ്യചുമതല നിഗോഷിനായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത മൃദംഗ വിഷന്‍ സിഇഒയും മൊഴി നല്‍കിയത്. നിര്‍മ്മാണത്തിലെ അപാകതക്കൊപ്പം സാമ്പത്തിക വഞ്ചനാ കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തും.

പരിപാടിക്ക് പണം നല്‍കി വഞ്ചിതരായെന്ന് പറഞ്ഞ് കൂടുതല്‍ ആളുകള്‍ പൊലീസിനെ സമീപിക്കുന്നുണ്ട്. മൃദംഗ വിഷന്‍റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും. ഇതിനായി പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. മൃദംഗ വിഷന്‍റെ ബാങ്ക് അക്കൊണ്ടുകള്‍ മരവിപ്പിച്ചു. പണമിടപാടുകള്‍ ആദായ നികുതി വകുപ്പും പരിശോധിക്കുന്നുണ്ട്. സംഘാടകരായ മൃദംഗവിഷനുമായി സഹകരിച്ച മറ്റ് ഏജന്‍സികളേയും വ്യക്തികളുടേയും മൊഴികളും പൊലീസ് എടുക്കും. 

അതിനിടെ നൃത്ത പരിപാടിയുടെ സാമ്പത്തിക ഇടപാടിനെക്കുറിച്ച്  അന്വേഷിക്കുന്നതിനിടെ നൃത്താവതരണത്തിന് നേതൃത്വം നല്‍കിയ നടി  ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോയത് പൊലീസിന് തിരിച്ചടിയായി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ദിവ്യ ഉണ്ണി അമേരിക്കയിലാണ് സ്ഥിര താമസം. കേസിലെ പ്രതികളുടെ മൊഴിയെടുത്ത ശേഷം ആവശ്യമെങ്കില്‍ ദിവ്യ ഉണ്ണിയെ തിരികെ വിളിപ്പിക്കാനാണ് പൊലീസ് തീരുമാനം. 

അപകടമുണ്ടായതില്‍ സംഘാടകര്‍ക്കും വേദി നിര്‍മ്മിച്ച കരാറുകാര്‍ക്കും മാത്രമല്ല ജിസിഡിഎക്കും വീഴ്ചയുണ്ടായോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. അനുമതിയില്ലാതെ വേദി നിര്‍മ്മിച്ചത് ജിസിഡിഎ എഞ്ചിനിയറിംഗ് വിഭാഗത്തിന്‍റെ മൗനാനുവാദത്തോടെയാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ജിസിഡിഎയുടെ നിബന്ധനകള്‍ പാലിക്കാതിരുന്നിട്ടും ജിസിഡിഎ ഇടപെടാതിരുന്ന സാഹചര്യമാണ് അന്വേഷിക്കുന്നത്.

ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോയത് തിരിച്ചടി, ആവശ്യമെങ്കില്‍ തിരികെ വിളിപ്പിക്കും, നിഗോഷ് കുമാര്‍ കീഴടങ്ങി

ഉമ തോമസ് വെന്‍റിലേറ്ററിൽ തുടരും; ശ്വാസകോശത്തിന്‍റെ പുറത്ത് വെള്ളം കെട്ടുന്ന അവസ്ഥയിൽ ആശങ്ക, നിരീക്ഷണം തുടരും

Latest Videos
Follow Us:
Download App:
  • android
  • ios