ഹെലികോപ്റ്ററിൽ സൈന്യത്തിന്‍റെ നിരീക്ഷണ പറക്കൽ; ചെക്ക് പോസ്റ്റുകളിൽ പരിശോധന, കനത്ത സുരക്ഷയില്‍ സംസ്ഥാനം
അന്യസംസ്ഥാനത്തേക്ക് പോകുന്ന വാഹനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ആളുകളുടെ യാത്ര രേഖകൾ, ഐഡന്‍റിറ്റി, ഫോൺ നമ്പർ, വണ്ടി നമ്പർ തുടങ്ങിയവയാണ് പരിശോധിക്കുന്നത്
കൊച്ചി: കളമശേരി സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനമെങ്ങും അതീവ ജാഗ്രത. കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ബസ് സ്റ്റാൻഡുകളിലും ഷോപ്പിംഗ് മാളുകളിലും റെയിൽവെ സ്റ്റേഷനുകളിലും പൊലീസ് വ്യാപക പരിശോധന നടത്തി. ഹെലികോപ്റ്ററിൽ സൈന്യം നിരീക്ഷണ പറക്കലും നടത്തി. ഇടുക്കിയിലെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കമ്പംമെട്ട്, കുമളി, ബോഡിമെട്ട്, ചിന്നാർ ചെക്ക്പോസ്റ്റുകളിലാണ് പൊലീസ് സംഘം പരിശോധന നടത്തിയത്.
അന്യസംസ്ഥാനത്തേക്ക് പോകുന്ന വാഹനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ആളുകളുടെ യാത്ര രേഖകൾ, ഐഡന്‍റിറ്റി, ഫോൺ നമ്പർ, വണ്ടി നമ്പർ തുടങ്ങിയവയാണ് പരിശോധിക്കുന്നത്. ഇതിനോടൊപ്പം സമാന്തര പാതകൾ കേന്ദ്രീകരിച്ച് വാഹന പട്രോളിങ്ങും നടത്തും. അതേസമയം, കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് സ്ഥിരീകരണം വന്നിട്ടുണ്ട്. രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചു.
ഇന്‍റര്‍നെറ്റ് മുഖേനയാണ് ഇയാള്‍ ഐഇഡി സ്ഫോടനം പഠിച്ചത്. സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ നേരത്തെ കൊടകര പൊലീസില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്.
ഇയാള്‍ നല്‍കിയ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷമാണ് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പ്രതി ഡൊമിനിക് മാര്‍ട്ടിനാണെന്ന് സ്ഥിരീകരിച്ചത്. ഡൊമിനിക് മാര്‍ട്ടിന്‍റെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ ബോധ്യപ്പെടുകയായിരുന്നു. സ്ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിര്‍പ്പുമൂലമാണെന്നും 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടിരുന്നു. യഹോവ സാക്ഷികളോടുള്ള എതിര്‍പ്പ് മൂലമാണ് സ്ഫോടനം നടത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായതായാണ് വിവരം.