കളമശ്ശേരി സ്ഫോടനക്കേസിൽ പ്രതി ഡൊമിനിക്ക് മാർട്ടിനുമായി പൊലീസിന്‍റെ പ്രാഥമിക തെളിവെടുപ്പ്

അത്താണിയിലെ കുടുംബവീട്ടിലാണ് ബോംബ് നിര്‍മിക്കുന്നതിനുള്ള സാധനങ്ങള്‍ പ്രതി സൂക്ഷിച്ചിരുന്നത്. ദേശീയ പാതയോട് തൊട്ടുചേര്‍ന്ന ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള ഇരുനില വീട്ടിലാണ് പൊലീസ് പ്രതിയുമായി എത്തി തെളിവെടുപ്പ് ആരംഭിച്ചിരിക്കുന്നത്

kalamassery blast; Evidence collection started, first in family home of accused dominic martin in athani

കൊച്ചി:കളമശ്ശേരി സ്ഫോടന കേസിലെ പ്രതി എറണാകുളം കടവന്ത്ര സ്വദേശി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു. വൈകിട്ടോടെ പ്രതിയെ കോടതിയിൽ ഹാജരാകും. ആദ്യം പ്രതിയുടെ ആലുവ അത്താണിയിലുള്ള തറവാട് വീട്ടിലാണ് തെളിവെടുപ്പ് ആരംഭിച്ചത്. കളമശ്ശേരി സ്ഫോടനക്കേസിൽ പ്രതി മാർട്ടിനെ ഡൊമിനിക്കിനെ കോടതിയിൽ ഹാജരാക്കും മുൻപാണ് പൊലീസിന്റെ പ്രാഥമിക തെളിവെടുപ്പ്.  തൃക്കാക്കര  പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ 9.30നാണ്  അത്താണിയിലെ തറവാട് വീട്ടിൽ എത്തിച്ചത്. വലിയ പൊലീസ് സുരക്ഷയിലാണ് പ്രതിയെ ഇവിടേക്ക് എത്തിച്ചത്. അത്താണിയിലെ കുടുംബവീട്ടിലാണ് ബോംബ് നിര്‍മിക്കുന്നതിനുള്ള സാധനങ്ങള്‍ ഇയാള്‍ സൂക്ഷിച്ചിരുന്നത്. ഇവിടെ ഉടമസ്ഥനായ ഡൊമിനിക് മാര്‍ട്ടിന്‍ വന്നുപോകുന്ന സമീപവാസികളുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.വീടിന്‍റെ മുകളിലത്തെ നിലയിലാണ് ബോംബ് ഉണ്ടാക്കിയത്. ഇതിന് ആവശ്യമായ പെട്രോൾ, പടക്കം, തുടങ്ങിയവയെല്ലാം ഇവടെ എത്തിക്കുകയായിരുന്നു. ബോംബ് നിർമിച്ച ശേഷം തമ്മനത്തെ വീട്ടിലേക്ക് മടങ്ങി പോയി. 

ദേശീയ പാതയോട് തൊട്ടുചേര്‍ന്ന ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള ഇരുനില വീട്ടിലാണ് പൊലീസ് പ്രതിയുമായി എത്തി തെളിവെടുപ്പ് നടത്തിയത്. ബോംബ് നിര്‍മാണത്തിനുള്ള സാധനങ്ങള്‍ സൂക്ഷിക്കുകയും നിര്‍മിക്കുകയും ചെയ്ത സ്ഥലമായതിനാല്‍ നിര്‍ണായകമാണ് അത്താണിയിലെ തെളിവെടുപ്പ്. ഇവിടെ വെച്ച് ബോംബ് ആദ്യം പരീക്ഷിച്ചിരുന്നോയെന്ന കാര്യം ഉള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. വിശദമായ തെളിവെടുപ്പാണ് അത്താണിയിലെ വീട്ടില്‍ നടക്കുന്നത്. പത്തുവര്‍ഷമായി പ്രതി ഡൊമിനിക് മാര്‍ട്ടിന്‍റെ ഉടമസ്ഥതയിലുള്ള വീടാണിത്. പലര്‍ക്കായി വാടക്ക് നല്‍കിവരുകയായിരുന്നു. സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് വീട്ടിലെ ഒറ്റമുറികളില്‍ വാടകക്ക് കഴിഞ്ഞിരുന്നത്. പല ഷിഫ്റ്റുകളിലായി വന്നുപോകുന്ന ജീവനക്കാരാണ് ഇവിടെ താമസിക്കുന്നത്. കുറച്ചുദിവസമായി വീട്ടില്‍ പെയിന്‍റിങ് ജോലികള്‍ നടക്കുന്നതിനാല്‍ വാടകക്കാര്‍ക്കും അയല്‍ക്കാര്‍ക്കും ഉടമസ്ഥന്‍ വീട്ടില്‍ വന്നുപോകുന്നതില്‍ സംശയമുണ്ടായിരുന്നില്ല. സ്ഫോടനത്തിന്‍റെ ആസൂത്രണം അടക്കം ഇവിടെവെച്ചാണ് നടന്നത്.

സ്ഫോടനം നടത്തിയ ദിവസം രാവിലെ ഈ വീട്ടിൽ എത്തി ബോംബുമായി കൺവെൻഷൻ സെന്ററിലേക്ക് പോവുകയായിരുന്നു.മാർട്ടിന്‍റെ ഭാര്യമാതാവും കുടുംബവും പ്രാർത്ഥനയ്ക്കായി കൺവെൻഷൻ സെന്‍ററിൽ എത്തിയിരുന്നു. അമ്മയെ പ്രാർത്ഥന കേന്ദ്രത്തിലേക്ക് അയക്കരുത് എന്ന് പറയാൻ രാവിലെ ഭാര്യയെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. ഒടുവിൽ എല്ലാം ദൈവഹിതം പോലെ നടക്കട്ടെ എന്ന് വോയിസ്‌ മെസ്സേജ് അയച്ചു. കേസിന്‍റെ തുടർ അന്വേഷണത്തിന്  വിശദമായ പദ്ധതി അന്വേഷണസംഘം തയ്യാറാക്കി. ബന്ധുക്കൾ, സുഹൃത്തുക്കൾ, യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെട്ടവർ എന്നിവരുടെ വിശദമായ മൊഴി എടുക്കും. പ്രധാന തെളിവായ ഡൊമിനിക്കിന്‍റെ മൊബൈൽ ഫോൺ ഫോറെൻസിക്ക് പരിശോധനക്ക് അയക്കാനായി ഇന്ന് കോടതിയിൽ സമർപ്പിക്കും.

അത്താണിയിലെ വീട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം കളമശ്ശേരിയിലെ സ്ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്‍ററിലെത്തിച്ച് പ്രതിയെ തെളിവെടുക്കും. ഇതിനുശേഷമായിരിക്കും പ്രതി താമസിച്ചിരുന്ന തമ്മനത്തെ വീട്ടില്‍ തെളിവെടുപ്പ് നടത്തുക. കൊച്ചി ഡിസിപി എസ് ശശിധരന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നത്. അതേസമയം, കളമശ്ശേരി സ്ഫോടനത്തിൽ അന്വേഷണ സംഘം തുടരന്വേഷണ പ്ലാൻ തയ്യാറാക്കി. ഇന്നലെ അർധരാത്രി വരെ നീണ്ട യോഗത്തിലാണ് തീരുമാനം. പ്ലാന്‍ അനുസരിച്ച്  പ്രതി ഡൊമിനികിന്‍റെ മൊഴികൾ സാധൂകരിക്കുന്നതിനുള്ള കൂടുതൽ തെളിവുകൾ തേടും.

കളമശ്ശേരി സ്ഫോടനം; ഡൊമിനിക് മാര്‍ട്ടിന്‍ അറസ്റ്റില്‍

Latest Videos
Follow Us:
Download App:
  • android
  • ios