ബിജെപിക്കാർക്ക് മനുഷ്യത്വമുണ്ടോ? കർണാടകയ്ക്ക് എതിരെ മിണ്ടുമോ? കടകംപള്ളി
കർണാടകത്തിന്റെ നടപടി ചോദ്യം ചെയ്യാൻ പോലും ഇവിടത്തെ ബിജെപിക്കാർ തയ്യാറല്ല. പ്രശ്നത്തിൽ രാഷ്ട്രീയം കളിക്കുന്നുവെന്നും മന്ത്രി
തിരുവനന്തപുരം: സംസ്ഥാന ബിജെപിയെ വിമർശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരളത്തിലെ ജനങ്ങളോട് ബിജെപിക്ക് പ്രതിബദ്ധതയില്ല. കർണാടകയുമായിി ബന്ധപ്പെട്ട അതിർത്തി പ്രശ്നത്തിൽ സംസ്ഥാന ബിജെപിക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നും കർണാടകത്തിന്റെ നടപടി ചോദ്യം ചെയ്യാൻ പോലും ഇവിടത്തെ ബിജെപിക്കാർ തയ്യാറല്ലെന്നും മന്ത്രി ആരോപിച്ചു. കർണാടകത്തിലെ ബിജെപിക്കാരനായ മുഖ്യമന്ത്രി ചെയ്യുന്ന അധാർമ്മികയ്ക്കെതിരെ ഒരക്ഷരം പോലും സംസ്ഥാനത്തെ ബിജെപിക്കാർ മിണ്ടിയിട്ടില്ല. വിലകുറഞ്ഞ രാഷ്ടീയം കളിക്കുകയാണ് അവർ ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മംഗലാപുരത്ത് ചികിത്സ നടത്തുന്ന കേരളത്തിൽ നിന്നുള്ള നിരവധി രോഗികളാണ് കർണാടക അതിർത്തി അടച്ചതോടെ പ്രതിസന്ധിയിലായത്. സംസ്ഥാനതലത്തിലും കേന്ദ്രതലത്തിലും ഇടപെടലുകൾ നടത്തിയിട്ടും ദേശീയപാത കേരളത്തിന് തുറന്നുകൊടുക്കണമെന്ന കേരള ഹൈക്കോടതി വിധിയുണ്ടായിട്ടും അതിർത്തി തുറക്കാൻ കർണാടക തയ്യാറായിട്ടില്ല.
കാസർകോട് മേഖല കൊവിഡിന്റെ പ്രഭവ കേന്ദ്രമായതിനാൽ ഗതാഗതം പുനസ്ഥാപിക്കാനാവില്ലെന്നാണ് കർണാടകത്തിന്റെ വാദം. എന്നാൽ ഇത് മനുഷ്വത്വമില്ലാത്ത പ്രവർത്തിയാണെന്ന് കേരളം ആരോപിക്കുന്നു. അതിർത്തി തുറക്കാൻ സാധിക്കില്ലെന്ന് കർണാടകം സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. കേസിൽ ഉത്തരവിറക്കും മുമ്പ് തങ്ങളുടെ ഭാഗം കേൾക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ തടസ്സഹർജി നൽകിയിട്ടുമുണ്ട്.
അതിനിടെ പ്രധാനമന്ത്രിയുടെ ലോക്ക് ഡൗൺ ഉത്തരവ് ലംഘിച്ച് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ നടത്തിയ യാത്ര വിവാദമാകുന്നു. ഡിജിപിയുടെ അനുമതിയോടെയാണ് യാത്ര നടത്തിയതെന്നാണ് സുരേന്ദ്രൻ അവകാശവാദം. അതേസമയം സേവാ ഭാരതിയുടെ പേരിൽ സംഘടിപ്പിച്ച പാസിലായിരുന്നു സുരേന്ദ്രന്റെ യാത്ര എന്നാണ് സപെഷ്യൽ ബ്രാഞ്ചിന് കിട്ടിയിരിക്കുന്ന പ്രാഥമിക വിവരം. ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ കോഴിക്കോട്ടെ വീട്ടിലായിരുന്ന സുരേന്ദ്രൻ ഇന്നലെ തലസ്ഥാനത്തെത്തി വാർത്താ സമ്മേളനം നടത്തിയതോടെയാണ് ലോക്ക് ഡൗൺ ലംഘനം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.