സത്യഭാമക്കെതിരെ കെ സുരേന്ദ്രന്‍; 'അഹങ്കാരവും അഞ്ജതയും അന്യരെ ആക്ഷേപിക്കാനാരും ഉപയോഗിക്കരുത്'
'കലയില്‍ ജാതിയോ, നിറമോ, വര്‍ണ്ണമോ, ലിംഗമോ, സമ്പന്നനോ, ദരിദ്രനോ എന്ന വേര്‍തിരിവില്ല. കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും ഇതിനെല്ലാം അതീതരാണ്..'
തിരുവനന്തപുരം: നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ കലാമണ്ഡലം സത്യഭാമ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അഹങ്കാരവും അഞ്ജതയും അന്യരെ ആക്ഷേപിക്കാനാരും ഉപയോഗിക്കരുതെന്നും താന്‍ ആര്‍.എല്‍.വി രാമകൃഷ്ണനൊപ്പമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കെ സുരേന്ദ്രന്റെ കുറിപ്പ്: 'കലയില്‍ ജാതിയോ, നിറമോ, വര്‍ണ്ണമോ, ലിംഗമോ, സമ്പന്നനോ, ദരിദ്രനോ എന്ന വേര്‍തിരിവില്ല. കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും ഇതിനെല്ലാം അതീതരാണ്. അങ്ങനെ ആരെങ്കിലും വേര്‍തിരിച്ചു കാണുന്നുണ്ടെങ്കില്‍ അവര്‍ ഇനി എത്ര വലിയ സര്‍വജ്ഞപീഠം ഏറിയാലും അജ്ഞരായി തന്നെ ഭവിക്കും. അഹങ്കാരവും അഞ്ജതയും അന്യരെ ആക്ഷേപിക്കാനാരും ഉപയോഗിക്കരുത്. ആര്‍.എല്‍.വി രാമകൃഷ്ണനൊപ്പം.'
അതേസമയം, സത്യഭാമയുടെ പ്രതികരണങ്ങളെയും പ്രസ്താവനകളെയും കലാമണ്ഡലം വിസിയും രജിസ്ട്രാറും അപലപിച്ചു. സത്യഭാമയുടേത് പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവനയാണ്. സത്യഭാമയെ പോലുള്ളവരുടെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കമാണ്. കലാമണ്ഡലത്തിലെ പൂര്‍വ വിദ്യാര്‍ഥി എന്നതിനപ്പുറം സത്യഭാമക്ക് കലാമണ്ഡലവുമായി ഒരു ബന്ധവും ഇല്ലെന്നും കേരള കലാമണ്ഡലം വ്യക്തമാക്കി.
ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെയാണ് സത്യഭാമ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കും വിധത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്. ആര്‍എല്‍വി രാമകൃഷ്ണന്‍ കാക്കയെ പോലെ കറുത്തയാളാണ്. മോഹിനിയാട്ടം കളിക്കേണ്ടത് മോഹിനിമാരാണ്. പുരുഷന്മാരാണ് കളിക്കുന്നതെങ്കില്‍ അത്രയും സൗന്ദര്യമുള്ളവരായിരിക്കണം. ഒരു പുരുഷന്‍ കാല് കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുകയെന്നാല്‍ അത് അരോചകമാണ്. ഇവനെ കണ്ടാല്‍ ദൈവമോ പെറ്റ തള്ളയോ പോലും സഹിക്കില്ല എന്ന് തുടങ്ങുന്ന വംശീയാധിക്ഷേപങ്ങളാണ് സത്യഭാമ അഭിമുഖത്തില്‍ പറഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയകളില്‍ പ്രചരിച്ചതോടെ സത്യഭാമയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുകയായിരുന്നു. മന്ത്രിമാരും, എംഎല്‍എമാരും കലാകാരും, എഴുത്തുകാരും, മനുഷ്യാവകാശ പ്രവര്‍ത്തകരും അടക്കം നിരവധി പേരാണ് വിഷയത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചത്.