പൊലീസ് സിപിഎമ്മിന്‍റെ ശിങ്കിടികളായി മാറി,കൊടുംകുറ്റവാളികളെ സംരക്ഷിക്കുന്നു,രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നു
പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ അപമാനിച്ചാൽ കേസെടുക്കാത്ത പൊലീസ് സിപിഎം നേതാക്കളുടെ പരാതിയിൽ മാത്രമാണ് കേസെടുക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട്
തിരുവനന്തപുരം:ഒരു ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരിൽ ആറന്മുളയിൽ അനീഷ് എന്ന യുവാവിനെ പുലർച്ചെ വീട് വളഞ്ഞ് പ്രായമായ അച്ഛന്‍റേയും അമ്മയുടേയും മുമ്പിൽ വെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസ് അറസ്റ്റ് ചെയ്തു തൃശ്ശൂരിൽ ജയിലിലടച്ച സംഭവം പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. സിപിഎമ്മിന്‍റെ ശിങ്കിടികളായാണ് പൊലീസ് പെരുമാറുന്നതെന്നും അനീഷിന്‍റെ അമ്മയെ ചെങ്ങന്നൂർ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കൊടുംകുറ്റവാളികളെ സംരക്ഷിക്കുകയും രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയുമാണ് പൊലീസ് ചെയ്യുന്നത്. ന്യായമായ പരാതികൾ പൊലീസ് അവഗണിക്കുകയാണ്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ അപമാനിച്ചാൽ കേസെടുക്കാത്ത പൊലീസ് സിപിഎം നേതാക്കളുടെ പരാതിയിൽ മാത്രമാണ് കേസെടുക്കുന്നത്. ഇത് അംഗീകരിച്ചു തരാൻ ബിജെപി തയ്യാറല്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.