പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണക്കേസിൽ കെ സുധാകരൻ നാളെ ചോദ്യംചെയ്യലിനു ഹാജരാകും
പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണക്കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നാളെ ചോദ്യംചെയ്യലിനു ഹാജരാകും
കൊച്ചി: പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണക്കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നാളെ ചോദ്യംചെയ്യലിനു ഹാജരാകും. രാവിലെ 10 മണിക്ക് കൊച്ചി ഇ ഡി ഓഫിസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരുന്നത്. മോൻസനുമായുള്ള സാമ്പത്തിക ഇടപാടിലാണ് ഇ ഡി സുധാകരനെ ചോദ്യം ചെയ്യുക. മോൻസൺ മാവുങ്കൽ കെ സുധാകരന് പണം കൈമാറിയിട്ടുണ്ടെന്നാണ് പരാതിക്കാരുടെ മൊഴി. കൂടാതെ സുധാകരന്റെ പേരിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ അക്കൗണ്ടിലേക്ക് പണം നൽകിയിട്ടുണ്ടെന്നാണ് ഇ ഡി കണ്ടെത്തൽ. ഇക്കാര്യത്തിലാണ് നാളെ ചോദ്യം ചെയ്യൽ. നേരത്തെ ക്രൈം ബ്രാഞ്ച് പുരാവസ്തു തട്ടിപ്പിൽ സുധാകരനെ അറസ്റ്റ് ചെയ്തിരുന്നു.
അതേ സമയം, മുൻ ഡിഐജി എസ് സുരേന്ദ്രനെ കഴിഞ്ഞ ദിവസം ഇ ഡി ചോദ്യം ചെയ്തിരുന്നു. 17-ന് ഉച്ചയോടെ ആയിരുന്നു എസ് സുരേന്ദ്രൻ ഇഡിക്ക് മുന്നിൽ ഹാജരായത്. മോൻസൻ മാവുങ്കലുമായുള്ള സാമ്പത്തിക ഇടപാടിലെ കള്ളപ്പണ കേസിന്മേലാണ് നടപടി. മോൻസന്റെ അക്കൗണ്ടിൽ നിന്ന് മുൻ ഡിഐജി എസ് സുരേന്ദ്രന്‍റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പല തവണയായി പണം എത്തിയതായി കണ്ടെത്തിയിരുന്നു. എന്നാൽ സാമ്പത്തിക ഇടപാടിൽ പങ്കില്ലെന്നാണ് ഡിഐജി മൊഴി നൽകിയത്.
Read more: 'അവർ ഏത് ചായ് വാലയെ ആണ് കണ്ടത്?', ഞാൻ ഉദ്ദേശിച്ചത് ഇതാണ്, വിശദീകരണവുമായി പ്രകാശ് രാജ്!
അതിനിടെ, പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ്. ഐ ജി ലക്ഷ്മണിനെതിരെ ഗുരുതര കണ്ടെത്തലുകളാണ് ക്രൈംബ്രാഞ്ച് നടത്തിയത്. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട കോടികളുടെ സാമ്പത്തിക തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രകനാണ് ഐജി ലക്ഷ്മണെന്നും ഗൂഢാലോചനയിലും ഐജി പങ്കാളിയാണെന്നും ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇടനിലക്കാരുടെ സംഘം പ്രവർത്തിക്കുന്നുവെന്ന ഗുരുതര ആരോപണം ഐജി ഹൈക്കോടതയിൽ ഉന്നയിച്ചതിന് പിറകെയാണ് ക്രൈംബ്രാഞ്ചും നിലപാട് കടുപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം