കെജി ജോർജിനെക്കുറിച്ചുള്ള സുധാകരന്‍റെ പ്രതികരണത്തിൽ 'ആളുമാറി', ചർച്ചയാക്കി സോഷ്യൽ മീഡിയ
എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന് മുമ്പ് പറ്റിയ 'ആളുമാറി' പ്രതികരണത്തോടാണ് പലരും സുധാകരന്‍റെ വീഡിയോ താരതമ്യം ചെയ്യുന്നത്
തിരുവനന്തപുരം: മലയാളത്തിലെ വിഖ്യത ചലച്ചിത്രകാരൻ കെ ജി ജോര്‍ജിന്‍റെ വിയോഗത്തെക്കുറിച്ചുള്ള ചോദ്യത്തോട് 'ആളുമാറി' പ്രതികരിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. 'കെ ജി ജോർജ് നല്ലൊരു പൊതുപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു എന്നാണ് സുധാകരൻ പ്രതികരിച്ചത്. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ ദുഃഖമുണ്ടെന്നും സുധാകരൻ പ്രതികരിച്ചിരുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന് മുമ്പ് പറ്റിയ 'ആളുമാറി' പ്രതികരണത്തോടാണ് പലരും സുധാകരന്‍റെ വീഡിയോ താരതമ്യം ചെയ്യുന്നത്.
മുഹമ്മദാലിയെക്കുറിച്ചുള്ള ചോദ്യത്തോടാണ് കായികമന്ത്രിയായിരിക്കെ ഇ പി ജയരാജൻ ആളുമാറി പ്രതികരിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ അന്ന് വലിയ തോതിൽ ചർച്ചയായിരുന്നു. കെ ജി ജോർജ് രാഷ്ട്രീയക്കാരനായിരുന്നെന്ന സുധാകരന്‍റെ പ്രതികരണത്തെ ഇ പിയുടെ മുഹമ്മദാലി പരാമർശവുമായി ചേർത്തുവച്ച് പലരും സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നുണ്ട്. അതേസമയം സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ കോൺഗ്രസ് പ്രവർത്തകരും വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകനായ ഒരു ജോർജ്ജ് ഇന്ന് മരണപ്പെട്ടിരുന്നുവെന്നും കെ സുധാകരനുമായി അടുത്ത ആത്മബന്ധമുണ്ടായിരുന്ന ആ ജോർജിന്‍റെ മരണത്തെ പറ്റിയാണ് മാധ്യമ പ്രവർത്തകർ ചോദിക്കുന്നത് എന്ന് കരുതിയാണ് കെ പി സി സി അധ്യക്ഷൻ അങ്ങനെ പ്രതികരിച്ചതെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ വിശദീകരണം.
വീഡിയോ കാണാം
സംവിധായകൻ കെ ജി ജോര്‍ജ് അന്തരിച്ചു, മരണം കൊച്ചി വയോജന കേന്ദ്രത്തില്‍
അതേസമയം കെ ജി ജോർജ്ജിന്റെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് സുധാകരൻ പിന്നീട് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. മലയാള സിനിമാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ സംവിധായകനായിരുന്നു കെ ജി ജോർജെന്നും പ്രമേയങ്ങളുടെ വൈവിധ്യം കൊണ്ട് അദ്ദേഹം മലയാളികളെ അമ്പരപ്പിച്ചെന്നും കെ പി സി സി അധ്യക്ഷൻ അനുശോചന കുറിപ്പിൽ പറഞ്ഞു. വാണിജ്യ സാധ്യതകൾക്കൊപ്പം കലാമൂല്യമുള്ള ഒരു പിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചുകൊണ്ട് മലയാള സിനിമയുടെ പൂമുഖത്ത് സ്വന്തം ഇരിപ്പിടം ഉറപ്പിച്ച അതുല്യനായ കലാകാരനാണ് കെ ജി ജോർജെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ചു കൊണ്ട് ചിരപരിചിതമായ വഴികളില്‍ നിന്ന് അദ്ദേഹത്തിന്‍റെ സിനിമകൾ വേറിട്ടു നിന്നു എന്നും കെ ജി ജോർജിന്‍റെ വിയോഗം മലയാള സിനിമ മേഖലയ്ക്ക് കനത്ത നഷ്ടമാണെന്നും അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം