KV Thomas : 'ഇനി കാത്തിരിക്കാനാകില്ല'; കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയെന്ന് സുധാകരന്‍
ഇനി കാത്തിരിപ്പില്ലെന്നും കെ വി തോമസിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കൊണ്ട് കെ പി സി സി ഉത്തരവ് ഇറക്കിയെന്നും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. എഐസിസി അനുമതിയോടെയാണ് കെ വി തോമസിനെ പുറത്താക്കിയതെന്നും കെ സുധാകരൻ അറിയിച്ചു.
ദില്ലി: ഒടുവിൽ കെ വി തോമസിനെ പുറത്താക്കി കോൺഗ്രസ് (Congress. തൃക്കാക്കരയിൽ മുഖ്യമന്ത്രിക്കൊപ്പം കൺവെൻഷനിൽ പങ്കെടുത്ത് ഇടത് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം തുടങ്ങിയതിന് പിന്നാലെയാണ് നടപടി. ഇനി കാത്തിരിക്കാൻ കഴിയില്ലെന്നും കെ വി തോമസിന് തൃക്കാക്കരയിൽ ഒരു ചുക്കും ചെയ്യാനാകില്ലെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. എഐസിസി അനുമതിയോടെയാണ് കെ വി തോമസിനെ പുറത്താക്കിയതെന്നും കെ സുധാകരൻ അറിയിച്ചു.
കെ വി തോമസുമായി അവശേഷിച്ചിരുന്ന സാങ്കേതിക ബന്ധം കൂടി കോൺഗ്രസ് മുറിച്ചുമാറ്റി. പാർട്ടിയെ നിരന്തരം വെല്ലുവിളിച്ചിട്ടും തോമസിനെ ഇതുവരെ അവഗണിച്ചു വിടുകയായിരുന്നു കെപിസിസി. അച്ചടക്കലംഘനത്തിന്‍റെ എല്ലാ അതിരും ലംഘിച്ച് തൃക്കാക്കരയിൽ ഇടത് സ്ഥാനാർത്ഥിക്ക് വേണ്ടി ഇറങ്ങി, മുഖ്യമന്ത്രിയെ പുകഴ്ത്തി, കോൺഗ്രസ് നേതാക്കളെ വിമർശിച്ചതോടെയാണ് പുറത്താക്കാൽ. കെ സുധാകരന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ കെ വി തോമസിന്‍റെ നാടായ കുമ്പളങ്ങിയിൽ കോൺഗ്രസ് പ്രവർത്തകർ കെ വി തോമസിന്‍റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
ഹൈക്കമാൻഡ് വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തത് മുതൽ തോമസും കോൺഗ്രസും തമ്മിലെ ഭിന്നത രൂക്ഷമായിരുന്നു. പാർട്ടി പദവികളിൽ നിന്നൊഴിവാക്കിയ തോമസിനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നില്ല. ഇടതിനായി പ്രചാരണത്തിനിറങ്ങുമെന്ന് തോമസ് പ്രഖ്യാപിച്ചിട്ടും പാർട്ടി കാത്തിരുന്നു. ഒടുവിൽ തോമസ് സ്വയം എതിർചേരിയിലേക്ക് പോയതോടെ കെപിസിസിക്ക് കാര്യങ്ങൾ എളുപ്പമായി. പുറത്താക്കി വീരനായി ഇടത് പാളയത്തിലേക്കുള്ള തോമസിന്‍റെ പോക്ക് ഒഴിവാക്കലായിരുന്നു കോൺഗ്രസ് തന്ത്രം. തോമസിനെ സംരക്ഷിക്കുമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കൾ ഉറപ്പ് നൽകിയിരുന്നു. ഇനി പ്രചാരണത്തിൽ ഇടതിനായി സജീമവാകുന്ന തോമസിനുള്ള പദവികൾ സിപിഎം തെരഞ്ഞെടുപ്പിന് ശേഷമാകും തീരുമാനിക്കുക.
Also Read: കെ വി തോമസ് ഇടത് വേദിയിൽ; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി, ഷാള്‍ അണിയിച്ച് ഇ പി
മുഖ്യമന്ത്രിയെ പുകഴ്ത്തി, കോൺഗ്രസ് നേതാക്കളെ വിമർശിച്ച് കെ വി തോമസ്
എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് കെ വി തോമസ് ഇന്ന് ഇടത് മുന്നണിയുടെ വേദിയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് കെ വി തോമസിനെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കെ വി തോമസിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. എല്‍ഡിഎഫ് വേദിയിലെത്തിയ കെ വി തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു. ഇന്ത്യയെ നയിക്കാന്‍ കഴിവുള്ള വ്യക്തിയാണ് മുഖ്യമന്ത്രിയെന്ന് കെ വി തോമസ് കണ്‍വെന്‍ഷനില്‍ പറഞ്ഞു. കേരളത്തിന്‍റെ വികസനത്തിന് കെ റെയില്‍ ആവശ്യമാണ്. ഇത്തരം പദ്ധതികൾ വരുമ്പോൾ പ്രതിസന്ധികൾ സാധാരണമാണ്. ഈ പ്രതിസന്ധി മറികടക്കാനുള്ള കരുത്ത് പിണറായി വിജയനുണ്ടെന്നും കെ വി തോമസ് തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു.
ഇന്ത്യ നയിക്കാൻ കഴിവുള്ള വ്യക്തിയാണ് പിണറായി. ഉമ്മൻ ചാണ്ടി വൈറ്റില കല്ലിട്ടു, കുണ്ടന്നൂർ കല്ലിട്ടു, പക്ഷെ പിണറായി അവിടെ മേൽപ്പാലം പണിതു. തൃക്കാക്കരയില്‍ ജോ ജോസഫിനെതിരെ അപരനെ ഇറക്കിയതിലും കെ വി തോമസ് യുഡിഎഫിനെ വിമര്‍ശിച്ചു