ഉമ്മൻ ചാണ്ടിയെ പോലെ വേട്ടയാടപ്പെട്ട മറ്റൊരു മുഖ്യമന്ത്രിയില്ലെന്ന് സുധാകരൻ; കോൺഗ്രസിന് കനത്ത നഷ്ടം: പിണറായി
തരംതാണ രീതിയിൽ വേട്ടയാടിയവരെ പോലും വാക്ക് കൊണ്ട് വേദനിപ്പിക്കാതെ ആളാണ് ഉമ്മൻ ചാണ്ടി. ഉമ്മൻചാണ്ടിയാവുക എന്നതാകണം എല്ലാ രാഷ്ട്രീയക്കാരുടെയും ലക്ഷ്യം. കാരുണ്യത്തിന്റെ ഉടയോനാണ് ഉമ്മൻ ചാണ്ടി. ഉമ്മൻചാണ്ടിയുടെ സ്മരണ നിലനിർത്താൻ കെപിസിസി കാരുണ്യ പ്രവർത്തനങ്ങൾ സജീവമാക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: കോൺഗ്രസ്സ് പ്രത്യയ ശാസ്ത്രം ജീവിതത്തിൽ സ്വീകരിച്ചയാളാണ് ഉമ്മൻ ചാണ്ടിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വിദ്യാർത്ഥി യുവജന നേതൃത്വത്തിലിരുന്ന കാലം സുവർണ കാലമായിരുന്നു. കേരളത്തിലെ ഏത് മുക്കിലും മൂലയിലും ഓടി എത്തുന്ന ആളായിരുന്നു ഉമ്മൻ ചാണ്ടിയെന്നും ഉമ്മൻചാണ്ടി അനുസ്മരണത്തിൽ കെ സുധാകരൻ പറഞ്ഞു. 24 മണിക്കൂർ തുറന്നിട്ട വാതിൽ ആയിരുന്നു ഉമ്മൻചാണ്ടി. ഉമ്മൻ ചാണ്ടിയെ പോലെ വേട്ടയാടപ്പെട്ട മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിരുന്നില്ല. തരംതാണ രീതിയിൽ വേട്ടയാടിയവരെ പോലും വാക്ക് കൊണ്ട് വേദനിപ്പിക്കാത്ത ആളാണ് ഉമ്മൻ ചാണ്ടി. ഉമ്മൻചാണ്ടിയാവുക എന്നതാകണം എല്ലാ രാഷ്ട്രീയക്കാരുടെയും ലക്ഷ്യം. കാരുണ്യത്തിന്റെ ഉടയോനാണ് ഉമ്മൻ ചാണ്ടിെയെന്നും ഉമ്മൻചാണ്ടിയുടെ സ്മരണ നിലനിർത്താൻ കെപിസിസി കാരുണ്യ പ്രവർത്തനങ്ങൾ സജീവമാക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
കോൺഗ്രസിന്റെ ഏറ്റവും മികച്ച സംഘാടകനാണ് ഉമ്മൻചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചെറുപ്പകാലം മുതൽ കോൺഗ്രസിന്റെ അതിപ്രധാനിയായി ഉമ്മൻചാണ്ടി മാറി.1970 ലെ നിയമസഭയിൽ ഒരുകൂട്ടം ചെറുപ്പക്കാർ ഉണ്ടായിരുന്നു. പാർലമെന്ററി പ്രവർത്തനത്തിലെ റെക്കോർഡ് ഉമ്മൻ ചാണ്ടിക്കാണ്. 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചു. ഒന്നിച്ചാണ് ഞങ്ങൾ സഭയിൽ എത്തിയത്. വിവിധ വകുപ്പുകൾ ഉമ്മൻചാണ്ടി നല്ല രീതിയിൽ കൈകാര്യം ചെയ്തു. മികച്ച ഭരണാധികാരി എന്ന് തെളിയിച്ചു. പാർട്ടിയെ എല്ലാ രീതിയിലും ശക്തി പ്പെടുത്താൻ അങ്ങേയറ്റം പ്രാധാന്യം നൽകി. യുഡിഎഫ് മുന്നണിയിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ഉമ്മൻചാണ്ടി മാറി. ഇതിനെല്ലാം പ്രത്യേക നേതൃവൈഭവം ഉണ്ടായിരുന്നു. രോഗത്തിന് മുന്നിൽ ഒരു ഘട്ടത്തിലും തളരാതെ നിന്നു. രോഗം വേട്ടയാടുന്ന അവസ്ഥ വന്നെങ്കിലും രോഗത്തിന് മുന്നിൽ തളർന്നില്ല. തന്നിൽ അർപ്പിതമായ ഉത്തരവാദിത്തം നടപ്പാക്കണം എന്ന വാശി ആയിരുന്നു ഉമ്മൻചാണ്ടിക്കെന്നും പിണറായി പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ വിയോഗം കോൺഗ്രസ് പാർട്ടിക്ക് കനത്ത നഷ്ടമാണ്. അതി കഠിനമായ രോഗാവസ്ഥയിൽ പോലും കേരളത്തിൽ ഓടിയെത്തുന്ന ഉമ്മൻചാണ്ടിയെ ആണ് കാണാൻ കഴിഞ്ഞത്. അതായിരുന്നു ഉമ്മൻചാണ്ടി. യുഡിഎഫിനും നഷ്ടമാണ്. ഉടനൊന്നും നികത്താൻ കഴിയാത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി സംസാരിക്കാൻ എഴുന്നേറ്റപ്പോൾ ഉമ്മൻചാണ്ടിക്കുള്ള സിന്ദാബാദ് വിളികളും സദസ്സിൽ നിന്നും ഉയർന്നു. സിന്ദാബാദ് വിളി ഉച്ചത്തിലായതോടെ മുതിർന്ന കോൺഗ്രസ് നേതാക്കൾ വേദിയിൽ നിന്ന് പ്രവർത്തകരോട് നിശബ്ദരാവാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് മുദ്രാവാക്യം വിളി നിർത്തിയതോടയാണ് മുഖ്യമന്ത്രി പ്രസംഗം തുടർന്നത്.
https://www.youtube.com/watch?v=gsPfO94dv_g