സർക്കാരിൻ്റെ കൈയിലുള്ളതിലും വലിയ ആയുധ ശേഖരം സിപിഎമ്മിനുണ്ട്; ഷാജഹാൻ വധത്തിൽ വിമർശനവുമായി കെ.സുധാകരൻ
ആരെയും കൊല്ലുന്ന സംഘമായി സിപിഎം മാറി. സിപിഎമ്മിന് അകത്ത് നടന്ന കൊലപാതകം ആണിത്.
വെറും രാഷ്ട്രീയത്തിനപ്പുറം മറ്റ് ചില പ്രശ്നങ്ങൾ കൂടി കൊലപാതകത്തിൻ്റെ പിന്നിലുണ്ട്.
തിരുവനന്തപുരം: പാലക്കാട് മലമ്പുഴയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ ഷാജഹാൻ കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎമ്മിനെതിരെ അതിരൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ.
സംസ്ഥാന സർക്കാറിൻ്റെ കൈയിലുള്ളതിനേക്കാൾ ആയുധശേഖരം സിപിഎമ്മിനുണ്ടെന്ന് സുധാകരൻ ഷാജഹാനെ കൊലപ്പെടുത്തിയ അക്രമികൾ പാർട്ടി അംഗങ്ങൾ എന്ന് ദൃക്സാക്ഷി പറയുമ്പോൾ ഉത്തരവാദിത്തതിൽ നിന്നും സിപിഎമ്മിന് എങ്ങനെ ഒഴിയാനാകുമെന്ന് സുധാകരൻ ചോദിച്ചു. അക്രമികൾ പാർട്ടി അംഗങ്ങളല്ലെന്ന് പറയുന്ന സിപിഎം നേതാക്കള തിരുത്തുന്നത് പാർട്ടിക്കാർ തന്നെയാണ്. ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും ഷാജഹാനെ കൊലപ്പെടുത്തിയത് സിപിഎമ്മുകാർ ആണെന്ന് വ്യക്തമാണെന്നും സുധാകരൻ പറഞ്ഞു.
ആരെയും കൊല്ലുന്ന സംഘമായി സിപിഎം മാറി. സിപിഎമ്മിന് അകത്ത് നടന്ന കൊലപാതകം ആണിത്.
വെറും രാഷ്ട്രീയത്തിനപ്പുറം മറ്റ് ചില പ്രശ്നങ്ങൾ കൂടി കൊലപാതകത്തിൻ്റെ പിന്നിലുണ്ട്. പൊലീസ് പ്രവർത്തിക്കുന്നത് പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന പോലെയാണ്. സംസ്ഥാനത്തെ പൊലീസിനെ നിയന്ത്രിക്കുന്നത് പോലും സിപിഎം നേതാക്കളാണ്.
സിപിഎം എന്നും അക്രമത്തിന്റെ വക്താക്കളാണെന്നും തിരുവനന്തപുരത്തെ പാർട്ടി ആസ്ഥാനമായ എകെജി സെൻറർ ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്നതിന് തെളിവുണ്ടെന്നും ഈ കേസിൽ നിർണായക മൊഴി നൽകിയ സമീപത്തെ കടക്കാരനെ പാർട്ടി നിശബ്ദനാക്കിയെന്നും സുധാകരൻ പറഞ്ഞു.
പാലക്കാട് ഷാജഹാൻ കൊലപാതകത്തിന് പിന്നിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരാണെന്ന സിപിഎം വാദം ചൂണ്ടിക്കാട്ടിയപ്പോൾ ബിജെപിയോട് തനിക്കും രാഷ്ട്രീയമായി എതിർപ്പുണ്ടെന്നും എന്നു കരുതി എല്ലാം ബിജെപിയുടെ തലയിൽ കൊണ്ടു പോയി ചാർത്താനാകില്ലെന്നും ബിജെപിയോട് പ്രത്യേകിച്ച് സ്നേഹമോ വൈരാഗ്യമോ തനിക്ക് ഇല്ലായെന്നും സുധാകരൻ വ്യക്തമാക്കി.
പാലക്കാട് : സിപിഎം പ്രവർത്തകൻ ഷാജഹാനെ കൊലപ്പെടുത്തിയതിന് കാരണം പാർട്ടിയിൽ അദ്ദേഹത്തിനുണ്ടായ വളർച്ചയിലെ അതൃപ്തിയിലെന്ന് പൊലീസ്. ഷാജഹാൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായതിലുള്ള അതൃപ്തിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പാലക്കാട് എസ് പി ആര് വിശ്വനാഥ് വിശദീകരിക്കുന്നത്. പ്രതികൾക്ക് ഷാജഹാനോട് വ്യക്തി വൈര്യാഗം ഉണ്ടായിരുന്നു. പ്രതികളിലൊരാളായ നവീൻ, രാഖി കെട്ടിയത് ഷാജഹാൻ ചോദ്യം ചെയ്തിരുന്നു. രാഖി ഷാജഹാൻ പൊട്ടിച്ചതും വിരോധം കൂട്ടി. എന്നാൽ രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഉറപ്പിക്കാൻ ഫോൺ രേഖകൾ പരിശോധിക്കേണ്ടതുണ്ടെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
2019 മുതൽ തന്നെ ഷാജഹാനുമായി പ്രതികൾക്ക് വിരോധമുണ്ട്. ഷാജഹാൻ്റെ സിപിഎമ്മിലെ വളർച്ചയിൽ പ്രതികൾക്ക് എതിർപ്പുണ്ടായി. പ്രതികൾ പിന്നീട് സിപിഎമ്മുമായി അകന്നു. ഇത് ഷാജഹാൻ ചോദ്യം ചെയ്തു. ഇതോടൊപ്പം പ്രതികൾ രാഖി കെട്ടിയതടക്കം ഷാജഹാൻ ചോദ്യം ചെയ്തു. കൊലപാതക ദിവസം ഫ്ളക്സ് ബോർഡ് സ്ഥാപിക്കുന്നതിലും തർക്കം ഉണ്ടായി. ഈ തർക്കം കൊലപാതകത്തിലേക്ക് നയിച്ചു.
രാഖികെട്ടൽ, ഗണേഷോത്സവം, ശ്രീകൃഷ്ണ ജയന്തി ഫ്ലെക്സ് ബോർഡ് വയ്ക്കുന്നതിൽ അടക്കം ഷാജഹാനുമായി പ്രതികൾക്ക് പ്രശ്നം ഉണ്ടായി. പക മൂത്ത് പ്രതികൾ അവരുടെ വീട്ടിൽ നിന്ന് വാളുകൾ എടുത്തു കൊണ്ടുവന്ന് ഷാജഹാനെ വെട്ടുകയായിരുന്നു. ശത്രുത വർധിക്കാൻ മറ്റു കാരണങ്ങളുണ്ടോയെന്നും പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
സർക്കാരിൻ്റെ കൈയിലുള്ളതിലും വലിയ ആയുധ ശേഖരം സിപിഎമ്മിനുണ്ട്; ഷാജഹാൻ വധത്തിൽ വിമർശനവുമായി കെ.സുധാകരൻ