എ. വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം സംഘപരിവാര്‍ അജണ്ട: കെ. സുധാകരന്‍ എംപി

'കടുത്ത ന്യൂനപക്ഷ വിരുദ്ധത പ്രചരിപ്പിച്ച് സിപിഎം തീവ്ര ഹിന്ദുത്വത്തിലേക്ക് അതിവേഗം വ്യതിചലിക്കുകയാണ്. ആര്‍എസ്എസ് വത്കരണമാണ് സിപിഎമ്മില്‍ നടക്കുന്നത്'.

K Sudhakaran MP comment against A Vijayaraghavan controversial statement

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വയനാട്ടിലെ ചരിത്ര വിജയത്തില്‍  വര്‍ഗീയത കണ്ടെത്തിയ സിപിഎം പി.ബി അംഗം എ. വിജയരാഘവന്റെ പരാമര്‍ശത്തിലൂടെ പുറത്തുവന്നത് ന്യൂനപക്ഷ വിരുദ്ധത മുഖമുദ്രയാക്കിയ സംഘപരിവാര്‍ അജണ്ടയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

കടുത്ത ന്യൂനപക്ഷ വിരുദ്ധത പ്രചരിപ്പിച്ച് സിപിഎം തീവ്ര ഹിന്ദുത്വത്തിലേക്ക് അതിവേഗം വ്യതിചലിക്കുകയാണ്. ആര്‍എസ്എസ് വത്കരണമാണ് സിപിഎമ്മില്‍ നടക്കുന്നത്. അതിന് തെളിവാണ് എ. വിജയരാഘവന്റെ വാക്കുകള്‍. സിപിഎം നേരിടുന്ന ആശയ ദാരിദ്ര്യവും ജീര്‍ണതയുമാണ് പ്രകടമായത്. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വയനാട്ടിലെ വിജയം ബഹുഭൂരിപക്ഷം മതേതര ജനാധിപത്യ ചേരിയിലുള്ള ജനവിഭാഗത്തിന്റെ പിന്തുണയോടെയാണ്. അതിനെ വര്‍ഗീയമായി ചാപ്പകുത്തുന്നത് വയനാട്ടിലെ ജനങ്ങളെ അപമാനിക്കുന്നതാണെന്നും കെ. സുധാകരന്‍ പറഞ്ഞു.

രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും ഐക്യവും സംരക്ഷിക്കാനും നിലനിര്‍ത്താനും വര്‍ഗീയ ഫാസിസ്റ്റ് ശക്തികളോട് സന്ധിയില്ലാതെ പോരാട്ടം നടത്തുന്നവരാണ് രാഹുലും പ്രിയങ്കയും. വിജയരാഘവന്‍ പിന്തുടരുന്ന പ്രത്യയശാസ്ത്രത്തിലെ മൂല്യച്യുതിയും രാഷ്ട്രീയ തിമിരവും അദ്ദേഹത്തെ ബാധിച്ചതിനാലാണ് എല്ലാത്തിലും വര്‍ഗീയത കാണുന്നത്. ദേശീയതലത്തില്‍ രാഹുലും പ്രിയങ്കയും നേതൃത്വം നല്‍കുന്ന ഇന്ത്യാ മുന്നണിയുടെ ഭാഗമാണ് സിപിഎമ്മെന്ന കാര്യം വിജയരാഘവന്‍ വിസ്മരിക്കരുതെന്നും കെ. സുധാകരന്‍ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios