K Rail : 'കെ റെയില്‍ പദ്ധതി നല്ലതാണ്', പക്ഷെ നടപ്പാക്കേണ്ടത് ഈ രീതിയിലല്ലെന്ന് ഹൈക്കോടതി
നല്ലൊരു പദ്ധതി എങ്ങനെ ഈ അവസ്ഥയിലായി എന്ന് സർക്കാരും കെ റെയിലും ആലോചിക്കണമെന്ന് പറഞ്ഞ കോടതി, പദ്ധതി നടപ്പാക്കാൻ സർക്കർ ധൃതി കാണിച്ചുവെന്നും കുറ്റപ്പെടുത്തി.
കൊച്ചി: സിൽവർ ലൈൻ സാമൂഹികാഘാത പഠനത്തിന്‍റെ തൽസ്ഥിതി അറിയിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാറിന് നിർദ്ദേശം നൽകി. സാമൂഹികാഘാത പഠനത്തെ കേന്ദ്ര സർക്കാർ തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ലെന്നും കേന്ദ്ര സർക്കാർ കൈ കഴുകുകയാണെന്നും കോടതി വ്യക്തമാക്കി. കെ റെയിൽ പദ്ധതി നല്ലതാണ്. പക്ഷെ നടപ്പാക്കേണ്ടത് ഈ രീതിയിൽ അല്ലെന്ന് കോടതി പറഞ്ഞു. കെ റെയിൽ സാമൂഹിക ആഘാത പഠനത്തിനെതിരായ ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. ഹർജികൾ അടുത്ത മാസം 10 ന് വീണ്ടും പരിഗണിക്കും.
പദ്ധതി നടപ്പാക്കാൻ സർക്കാർ അനാവശ്യ ധൃതി കാണിച്ചെന്നും നല്ലൊരു പദ്ധതി എങ്ങനെ ഈ അവസ്ഥയിലായെന്ന് സർക്കാരും കെ റെയിലും ആലോചിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. മഞ്ഞകുറ്റി ഉപയോഗിച്ചുള്ള സർവ്വേ ഇനി ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചത് കോടതി രേഖപ്പെടുത്തി. കോടതി പറഞ്ഞത് സർക്കാർ ആദ്യം തന്നെ കേൾക്കണമായിരുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. കോടതിയെ കുറ്റപ്പെടുത്താനാണ് എപ്പോഴും ശ്രമിച്ചത്. കോടതി ആരുടെയും ശത്രു അല്ല. ഇപ്പോൾ കേന്ദ്ര സർക്കാർ കൈ ഒഴിഞ്ഞില്ലെയെന്നും കോടതി ചോദിച്ചു. സാമൂഹിക ആഘാത പഠനവും ജിയോ ടാഗിംഗുമായി മുന്നോട്ട് പോകുകയാണോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. സാമൂഹികാഘാത പഠനത്തിന്‍റെ സ്റ്റാറ്റസ് എന്താണെന്ന് അറിയിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നല്ലൊരു പദ്ധതി എങ്ങനെ ഈ അവസ്ഥയിലായി എന്ന് സർക്കാരും കെ റെയിലും ആലോചിക്കണമെന്ന് പറഞ്ഞ കോടതി, പദ്ധതി നടപ്പാക്കാൻ സർക്കർ ധൃതി കാണിച്ചുവെന്നും കുറ്റപ്പെടുത്തി.
സാമൂഹികാഘാത പഠനത്തെ കേന്ദ്രസർക്കാർ തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ലെന്ന് കോടതി പറഞ്ഞു. അതേസമയം, സർവ്വേ കല്ലുകൾ ഉപയോഗിക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. വിഷയത്തില്‍ നിലപാട് അറിയിക്കാൻ സർക്കാർ രണ്ടാഴ്ച കൂടി സാവകാശം തേടിയിട്ടുണ്ട്. കേസ് അടുത്ത മാസം 10 ന് വീണ്ടും പരിഗണിക്കും.
സിൽവർലൈനിൽ അനിശ്ചിതത്വം
അതേസമയം, സിൽവർ ലൈൻ പദ്ധതിയിൽ കടുത്ത അനിശ്ചിതത്വം തുടരുകയാണ്. 9 ജില്ലകളിലെ സാമൂഹ്യാഘാത പഠനത്തിന്‍റെ കാലാവധി തീർന്നിട്ടും വിജ്ഞാപനം പുതുക്കിയിറക്കിയില്ല. കല്ലിടൽ നിർത്തിയപ്പോൾ പകരം പറഞ്ഞിരുന്ന ജിയോ ടാഗിംഗ് സർവ്വേയും എങ്ങുമെത്തിയില്ല. കേന്ദ്രാനുമതി കിട്ടാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് ധനമന്ത്രിയുടെ പ്രതികരണം.
സിൽവർ ലൈൻ പദ്ധതിയിൽ ചുവപ്പ് സിഗ്നൽ തുടർച്ചയായി ആഞ്ഞുവീശുകയാണ് കേന്ദ്രം. പഴയ ആവേശം വിട്ട് സംസ്ഥാനം. എന്ത് വന്നാലും നടപ്പാക്കമെന്ന് സർക്കാർ കടുംപിടുത്തം പിടിച്ച സ്വപ്ന പദ്ധതി ഇപ്പോൾ പാളം തെറ്റി ആശയക്കുഴപ്പത്തിൽ. ആറ് മാസത്തേക്കായിരുന്നു സാമൂഹ്യഘാത പഠനത്തിനുള്ള വിജ്ഞാപനം. മലപ്പുറം, തൃശൂർ ഒഴികെയുള്ള ഒമ്പത് ജില്ലകളിലെയും പഠനത്തിന്‍റെ കാലാവധി ഈ മാസം ആദ്യത്തോടെ തീർന്നു. ഒരിടത്തും നൂറ് ശതമാനം സർവ്വേ തീർന്നിട്ടില്ല. കാസർക്കോട് ജില്ലയിൽ മാത്രമാണ് 75 ശതമാനത്തിനുടത്ത് സർവ്വേ നടന്നത്. ഇതുവരെ നടന്ന സർവ്വേയുടെ വിവരങ്ങളും താഴെതട്ടിലുണ്ടായ പ്രതിഷേധങ്ങളും കാണിച്ച് ഏജൻസികൾ സർക്കാറിന് റിപ്പോർട്ട് നൽകി.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചൂടിനിടെ മെയ് 16നായിരുന്നു കല്ലിട്ടുള്ള സർവ്വെയിൽ നിന്നും സർക്കാർ പിന്മാറിയത്. പകരം പറഞ്ഞത് ജിപിഎസ് സർവ്വേയും ജിയോ ടാഗിംഗും. അതും ഒന്നുമായില്ല. കേന്ദ്രാനുമതിയില്ലാതെയുള്ള സർവ്വെ അപക്വമാണെന്ന് പറഞ്ഞ് റെയിൽവേ ഇന്നലെ ഹൈക്കോടതിയിൽ വീണ്ടും എതിർപ്പ് അറിയിച്ചിരുന്നു.
കേന്ദ്ര എതിർപ്പും ജനങ്ങളുടെ പ്രതിഷേധച്ചൂടും വൈകിത്തിരിച്ചറിഞ്ഞ സർക്കാറിനും വാശിപിടിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായിത്തുടങ്ങി. നിയമവകുപ്പിന്‍റെ അഭിപ്രായം കൂടി കേട്ടശേഷം വിജ്ഞാപനം പുതുക്കുന്ന കാര്യം പരിശോധിക്കുമെന്നാണ് റവന്യു വകുപ്പ് വിശദീകരണം. വിജ്ഞാപനത്തിന്‍റെ കാലാവധി തീർന്നത് സാങ്കേതികം മാത്രമാണെന്നാണ് കെ റെയിൽ പറയുന്നത്.