കുറ്റ്യാടിയിൽ കെ.പി.കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് സിപിഎം
ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ കെ.പി കുഞ്ഞമ്മദ് കുട്ടിയെ കുറ്റ്യാടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് സിപിഎം വാര്‍ത്താകുറിപ്പിറക്കുകയായിരുന്നു
കോഴിക്കോട്: പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധം ഉയര്‍ത്തിയ കുറ്റ്യാടിയില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെപി കുഞ്ഞമ്മദ് കുട്ടി സ്ഥാനാര്‍ത്ഥിയാകും. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കാനുളള ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദ്ദേശത്തിന് സംസ്ഥാന സമിതി അംഗീകാരം നല്‍കുകയായിരുന്നു. മണ്ഡലം അത്യാഹ്ളാദത്തിലെന്നും വിജയം ഉറപ്പെന്നും കുഞ്ഞമ്മദ് കുട്ടി പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് കുറ്റ്യാടിയിലെ സിപിഎം പ്രവര്‍ത്തകര്‍ കാത്തിരുന്ന തീരുമാനമെത്തിയത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ കെ.പി കുഞ്ഞമ്മദ് കുട്ടിയെ കുറ്റ്യാടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് സിപിഎം വാര്‍ത്താകുറിപ്പിറക്കുകയായിരുന്നു. രാവിലെ ചേര്‍ന്ന് ജില്ലാ സെക്രട്ടേറിയറ്റ് ഏകകണ്ഠമായാണ് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുത്തതെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം പറഞ്ഞു.
സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്ന് ഏറ്റെടുക്കാനുളള തീരുമാനത്തിനു പിന്നാലെ എ.എ റഹീം അടക്കമുളളവരുടെ പേരുകള്‍ സിപിഎം പരിഗണിച്ചിരുന്നെങ്കിലും പ്രാദേശിക വികാരവും ജയസാധ്യതയുമാണ് കുഞ്ഞമ്മദ് കുട്ടിക്ക് അനുകൂലമായത്. കുറ്റ്യാടിയില്‍ തിരിച്ചടിയുണ്ടായാല്‍ സമീപ മണ്ഡലങ്ങളിലും അതിന്‍റെ പ്രഫലനമുണ്ടാകാമെന്നതു പരിഗണിച്ചാണ് ജനഹിതത്തിന് വഴങ്ങാനുളള പാര്‍ട്ടി തീരുമാനം.
അതേസമയം പരസ്യ പ്രതിഷേധം നടത്തിയവര്‍ക്കെതിരായ പാര്‍ട്ടി നടപടിയെന്തെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കുറ്റ്യാടിയില്‍ നടന്ന പ്രകടനത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ മുദ്രാവാക്യം വിളികളുയര്‍ന്ന പശ്ചാത്തലത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ തെരഞ്ഞെടുപ്പിന് ശേഷം അച്ചടക്ക നടപടിയുണ്ടായേക്കുമെന്നാണ് സൂചന. പരസ്യപ്രതിഷേധത്തിനൊടുവിൽ പാർട്ടി ചിഹ്നത്തിൽ ആഗ്രഹിച്ച നേതാവ് തന്നെ മത്സരിക്കാൻ എത്തിയതോടെ കുഞ്ഞമ്മദ് കുട്ടിയുടെ വിജയം ഉറപ്പാക്കേണ്ട ബാധ്യത ഇനി പ്രവർത്തകർക്കാണ്.