അൻവറിൻ്റെ അറസ്റ്റിനെതിരെ വിഡി സതീശൻ, മുഖ്യമന്ത്രി കേരള ഹിറ്റ്‌ലറെന്ന് കെ മുരളീധരൻ; സമരരീതി തെറ്റെന്ന് എംഎം ഹസൻ

പിവി അൻവറിൻ്റെ അറസ്റ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവും മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കളും രംഗത്ത്

K Muraleedharan VD Satheesan on PV Anvar MLA arrest

തിരുവനന്തപുരം: പി.വി. അന്‍വര്‍ എം.എല്‍.എയെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് സി.പി.എമ്മിന്റെ പ്രതികാര രാഷ്ട്രീയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻ കേരളാ ഹിറ്റ്ലറെന്ന് കെ മുരളീധരനും വിമ‍ർശിച്ചു. അൻവറിൻ്റെ സമരരീതിയെ വിമ‍ർശിച്ച എംഎം ഹസൻ പൊലീസ് നടപടിയെയും കുറ്റപ്പെടുത്തിയാണ് പ്രതികരിച്ചത്.

അറസ്റ്റ് കൊടുംകുറ്റവാളിയെ പോലെയെന്ന് സതീശൻ

പിണറായി വിജയനേയും ഉപജാപക സംഘത്തേയും എതിര്‍ക്കുന്ന ആര്‍ക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അന്‍വറിന്റെ അറസ്റ്റിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്. വന്യജീവി ആക്രമണങ്ങള്‍ തടയുന്നതില്‍ വരുത്തുന്ന ഗുരുതരമായ വീഴ്ചയും ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന വനനിയമ ഭേദഗതിയെയും എതിര്‍ത്താണ് അന്‍വറിന്റെ നേതൃത്വത്തില്‍ സമരം നടന്നത്. സമരത്തില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിന് പകരം സമരം ചെയ്തവരെ കൊടുംകുറ്റവാളികളെ പോലെ അറസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാകില്ല. രാത്രി വീട് വളഞ്ഞ് അറസ്റ്റ് ചെയ്യേണ്ട സാഹചര്യമെന്താണ്? യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇതേ രീതിയില്‍ വീട് വളഞ്ഞാണ് അറസ്റ്റ് ചെയ്തതെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി.

അൻവ‍ർ ജനത്തിനൊപ്പം നിന്നെന്ന് മുരളീധരൻ

ജനങ്ങൾക്കൊപ്പം നിന്നതിനാണ് പി വി അൻവറിനെ അറസ്റ്റ് ചെയ്തതെന്ന് കെ മുരളീധരൻ പറഞ്ഞു.  പീഡന കേസിൽ എം മുകേഷിനെ സംരക്ഷിച്ച സർക്കാരാണ് അൻവറിനെ വീട് വളഞ്ഞു അറസ്റ്റ് ചെയ്തത്. എ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനം രക്ഷിക്കാൻ ഉള്ള നെട്ടോട്ടത്തിലാണ്. വകുപ്പ് നോക്കാനുള്ള സമയം മന്ത്രിക്കില്ല. പി വി അൻവറിന്റെ മുന്നണി പ്രവേശനം കാത്തിരുന്നു കാണാമെന്നും അദ്ദേഹം പറഞ്ഞു.

തെറ്റായ സമരരീതിയെന്ന് എംഎം ഹസ്സൻ

അൻവറിന്റെ അറസ്റ്റ് ന്യായമായ നടപടിയല്ലെന്ന് എംഎം ഹസ്സൻ പറഞ്ഞു. അൻവറിൻ്റേത് ന്യായമായ സമരരീതിയല്ല. എന്നാൽ ഭീകരവാദികളെ പോലെ വീട് വളഞ്ഞ് അർദ്ധരാത്രിയുള്ള അറസ്റ്റിന്റെ കാര്യമുണ്ടോ? പൊതുമുതൽ നശിപ്പിച്ച വി ശിവൻകുട്ടി മന്ത്രിയാണല്ലോ. എല്ലാ കാര്യത്തിലും അങ്ങനെ ചെയ്യാറില്ലല്ലോ? പ്രതിപക്ഷത്തോട് ചെയ്യുന്ന അതേ ക്രൂരതയാണ് പി വി അൻവറിനോടും കാണിച്ചത്. വി ശിവൻ കുട്ടിയോട് ഈ സമീപനം എടുക്കുമോ? പൊതുമുതൽ നശിപ്പിച്ച സിപിഎം പ്രവർത്തകരെ താലോലിച്ചാണ് പോലീസ് കൊണ്ടുപോകുന്നത്. ഇത് പിണറായിയുടെ പൊലീസ് നയത്തിന്റെ ഭാഗമാണെന്നും ഹസ്സൻ പറഞ്ഞു.
 

Latest Videos
Follow Us:
Download App:
  • android
  • ios