നവകേരള സദസ് കഴിഞ്ഞു, ഇനി സമര സദസ്; വെട്ടും തടയുമാണ് ശൈലിയെന്നും കെ മുരളീധരൻ എംപി
കേന്ദ്രത്തിൽ മോദി ചക്രവർത്തിയും ഇവിടെ പിണറായി തമ്പുരാനുമാണ്. രണ്ടുപേർക്കുമെതിരായാണ് യുഡിഎഫിന്റെ പ്രതിരോധമെന്നും കെ മുരളീധരൻ
കോഴിക്കോട്: നവകേരള സദസ് കഴിഞ്ഞതോടെ, ഇനി സമരസദസാണ് കേരളത്തിൽ നടക്കാൻ പോകുന്നതെന്ന് കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരൻ. എംവി ഗോവിന്ദൻ പറഞ്ഞപോലെ ഇനി വെട്ടുംതടയുമാണ് ശൈലി. ഇന്നലെ ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് കോൺഗ്രസ് മാർച്ചിന് നേരെ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചത്. നവ കേരള സദസ്സ് പത്തുനിലയിൽ പൊട്ടിയതിന്റെ ക്ഷീണം തീർക്കാനാണ് ഇന്നലത്തെ പൊലീസ് നടപടിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇന്നലെ സെക്രട്ടേറിയേറ്റ് മാര്‍ച്ചിൽ യുവമോർച്ച പ്രകോപനമുണ്ടാക്കിയിട്ടും ഒഴുക്കൻ മട്ടിലായിരുന്നു പൊലീസ് നടപടിയെന്ന് കെ മുരളീധരൻ കുറ്റപ്പെടുത്തി. യുഡിഎഫ് എംപിമാരെ മുഖ്യമന്ത്രി നിരന്തരം കുറ്റപ്പെടുത്തുകയാണ്. ഇതെല്ലാം മോദി പിണറായി കൂട്ടുകെട്ടിന്റെ ഭാഗമാണ്. ഇടതുമുന്നണിയിൽ തിരുത്തൽ ശക്തിയായിരുന്ന സിപിഐ ദാസ്യവേല തുടങ്ങിയതാണ് കഷ്ടം. എംപിമാർക്കെതിരെയുള്ള ആക്രമണത്തിൽ ലോക്സഭാ സ്പീക്കർക്ക് പരാതി നൽകും.
കേന്ദ്രത്തിൽ മോദി ചക്രവർത്തിയും ഇവിടെ പിണറായി തമ്പുരാനുമാണ്. രണ്ടുപേർക്കുമെതിരായാണ് യുഡിഎഫിന്റെ പ്രതിരോധം. ദിവസവും നവകേരള സദസിൽ തള്ളുന്ന പിണറായി എംപിമാരുടെ സസ്പെൻഷനെ കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. നിയമസഭയിൽ എംഎൽഎമാരുടെ സസ്പെൻഷൻ കൂടിയേ ഇനി ബാക്കിയുള്ളൂ. മാധ്യമ പ്രവർത്തകക്കെതിരായ കേസിൽ മോദി ചെയ്യുന്നത് തന്നെയാണ് പിണറായിയും ചെയ്യുന്നതെന്നും കെ മുരളീധരൻ പറഞ്ഞു.
Nava Kerala Sadas | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്