'മുരളി പോരാളി, തൃശൂരിൽ മത്സരിച്ചത് ത്യാഗം'; എൻഡിഎ വിജയിച്ചത് ഇരുമുന്നണികളും പരിശോധിക്കണമെന്ന് കുഞ്ഞാലിക്കുട്ടി
വടകരയാണ് മത്സരിച്ചിരുന്നതെങ്കില്‍ മുരളീധരൻ വന്‍ മാര്‍ജിനില്‍ ജയിക്കുമായിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി.
മലപ്പുറം: കെ മുരളീധരനെ പിന്തുണച്ച് മുസ്‍ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കെ മുരളീധരന്‍ നിരാശപ്പെടേണ്ടതില്ലെന്നും മുരളി മികച്ച പോരാളിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തൃശൂരില്‍ മത്സരിക്കാനുള്ള തീരുമാനം മുരളിയുടെ ത്യാഗമാണ്. വടകരയാണ് മത്സരിച്ചിരുന്നതെങ്കില്‍ മുരളി വന്‍ മാര്‍ജിനില്‍ ജയിക്കുമായിരുന്നു. തൃശൂരില്‍ എന്‍ഡിഎ വിജയിച്ചത് എല്‍ഡിഎഫും യുഡിഎഫും ആഴത്തില്‍ പരിശോധിക്കണം. സമസ്തയിലെ ഒരു ചെറിയ വിഭാഗം തെരഞ്ഞെടുപ്പില്‍ പ്രശ്നം ഉണ്ടാക്കി വാര്‍ത്തയാക്കാന്‍ നോക്കിയതായും പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
അതിനിടെ തോല്‍വിക്ക് പിന്നാലെ കെ മുരളീധരന്‍ തുറന്നുവിട്ട ആരോപണങ്ങളില്‍ വട്ടംചുറ്റുകയാണ് കോണ്‍ഗ്രസ്. തൃശൂരിലെ കുരുതിക്ക് നിന്നു കൊടുക്കേണ്ടതില്ലെന്നായിരുന്നു കെ മുരളീധരന്‍ പറഞ്ഞത്. മുരളീധരന്‍റെ മുനവച്ച ആരോപണങ്ങളോട് കരുതലോടെ മതി പ്രതികരണമെന്നാണ് നേതൃത്വത്തിന്‍റെ തീരുമാനം.
പ്രത്യേക ദൗത്യവുമായി മുരളീധരന്‍ തൃശൂരിലിറങ്ങിയപ്പോള്‍ ബിജെപിയില്‍ ചേര്‍ന്ന സഹോദരി പത്മജ നല്‍കിയ മുന്നറിയിപ്പായിരുന്നു ജില്ലാ കോണ്‍ഗ്രസില്‍ കൂടെയുള്ളവരെ വിശ്വസിക്കരുത് എന്നത്. സഹോദരിയുടെ വാക്കുകള്‍ അച്ചട്ടായി എന്ന വിലയിരുത്തലിലാണ് കെ മുരളീധരൻ. വാരിയതാണെന്ന് മുനവച്ചു പറഞ്ഞ മുരളീധരന്‍ ഇനി പൊതുപ്രവര്‍ത്തനത്തിന് ഇല്ലെന്ന കടുത്ത നിലപാടെടുത്താണ് കോഴിക്കോട്ടേക്ക് മടങ്ങിയത്.
മുരളീധരന്‍റെ ആരോപണത്തിന്‍റെ മുനവരുന്നത് തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ടി എന്‍ പ്രതാപന്‍ മുതല്‍ ആളെക്കൂട്ടാന്‍ നേതാക്കളെ വിട്ടു നല്‍കാത്ത കേന്ദ്ര നേതൃത്വത്തിന് വരെ നേരെയാണ്. ആരൊക്കെ പാലം വലിച്ചു എന്ന് മുരളി വരും ദിവസങ്ങളില്‍ വെളിപ്പെടുത്തിയേക്കാം. അതുകൊണ്ടു തന്നെ പ്രകോപനമൊഴിവാക്കുകയാണ് നേതാക്കള്‍. വോട്ടെണ്ണല്‍ കഴിഞ്ഞ് മുരളീധരനെ കാണാന്‍ മണ്ണൂത്തിയിലെത്തിയ ജില്ലാ നേതാക്കളോട് അതിരൂക്ഷമായിട്ടായിരുന്നു മുരളിയുടെ പ്രതികരണം. സംസ്ഥാനം മുഴുവന്‍ യുഡിഎഫ് തരംഗമുണ്ടായപ്പോള്‍ തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പോയതിന് പിന്നാലെ പത്മജ ഇന്ന് തൃശൂരെത്തുന്നുണ്ട്.
അടിയന്തരാവസ്ഥക്കാലത്ത് 20ൽ 20ലും ഇടതുപക്ഷം തോറ്റിട്ടുണ്ട്, ഈ ഫലം അസാധാരണമല്ല: എം ബി രാജേഷ്