കുരിശ് കണ്ട ഡ്രാക്കുളയെ പോലെയാണ് കറുപ്പ് കണ്ടാൽ മുഖ്യമന്ത്രി; വിമർശിച്ച് കെ മുരളീധരൻ
സമനില തെറ്റിയ പോലെ മുഖ്യമന്ത്രി പെരുമാറുന്നു. പൊതു സമ്മേളനത്തിൽ നടത്തുന്ന വീരവാദം എന്ത് കൊണ്ട് വാർത്താ സമ്മേളനം നടത്തി പറയുന്നില്ലെന്നും മുരളീധരൻ ചോദിച്ചു.
കോഴിക്കോട്: പോത്ത് ചുവപ്പ് നിറം കണ്ടാൽ പേടിക്കുന്നതു പോലെ മുഖ്യമന്ത്രി പിണറായി വിജയന് കറുപ്പ് കണ്ടാൽ പേടിയാണെന്ന് കെ മുരളീധരൻ എംപിയുടെ പരിഹാസം. സമനില തെറ്റിയ പോലെ മുഖ്യമന്ത്രി പെരുമാറുന്നു. പൊതു സമ്മേളനത്തിൽ നടത്തുന്ന വീരവാദം എന്ത് കൊണ്ട് വാർത്താ സമ്മേളനം നടത്തി പറയുന്നില്ലെന്നും മുരളീധരൻ ചോദിച്ചു.
മുഖ്യമന്ത്രിയുടെ മാനസിക നില പരിശോധിക്കണം. കുരിശ് കണ്ട ഡ്രാക്കുളയെ പോലെയാണ് കറുപ്പ് കണ്ടാൽ മുഖ്യമന്ത്രി. സ്വപ്നയുടെ മൊഴിയിൽ
ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം, അല്ലെങ്കിൽ മനസമാധനത്തിൽ പുറത്തിറങ്ങി നടക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ല. ഹിറ്റ്ലർ ഭരണമാണോ കേരളത്തിൽ നടക്കുന്നതെന്നും മുരളീധരൻ ചോദിച്ചു.
കേരളാ പൊലീസിനെ കെ മുരളീധരൻ വിമർശിച്ചു. ഷാജ് കിരണിനെ പോലുള്ളവർ വിളിച്ചാൽ ഫോൺ എടുക്കുന്ന പൊലീസ് ജനപ്രതിനിധികൾ വിളിച്ചാൽ എടുക്കില്ലെന്നാണ് വിമർശിച്ചത്.
Read Also: മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട്; ആരോപണം അന്വേഷിക്കുമെന്ന് ഗവർണർ
മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്ന ആരോപണം അന്വേഷിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളെ പറ്റി ചോദിച്ചപ്പോൾ താൻ കേരളത്തെ ഏറെ ഇഷ്ടപ്പെടുന്നു, ഈ ജോലിയും ഇഷ്ടപ്പെടുന്നു എന്നായിരുന്നു ഗവർണറുടെ മറുപടി.
സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിക്കെതിരെയുളള സ്വപ്ന സുരേഷിന്റെ ആരോപണങ്ങളുടെ പേരിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ടുള്ള സമരത്തിലാണ് പ്രതിപക്ഷ സംഘടനകൾ. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്തിയത്. ഈ സുരക്ഷാക്രമീകരണങ്ങൾ പൊതുജനങ്ങളെ വലച്ചുകൊണ്ടുള്ളതാണെന്ന് ആരോപണം ഉയർന്നുകഴിഞ്ഞു. .
മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കെന്ന പേരിൽ മലപ്പുറത്തും പൊതുജനങ്ങൾ ധരിച്ച കറുത്ത മാസ്ക്കുകൾ അഴിപ്പിച്ചു. തവനൂരിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കെത്തിയ ആളുകളുടെ കറുത്ത മാസ്ക്ക് പൊലീസ് ഉദ്യോഗസ്ഥർ അഴിപ്പിച്ചത്. പകരം മറ്റ് നിറങ്ങളിലുള്ള മാസ്ക്കുകൾ പൊലീസ് നൽകുന്നുണ്ട്. ഒരു വയോധികന്റെ കറുത്ത മാസ്ക്ക് ഊരി വാങ്ങി പൊലീസ് പകരം മഞ്ഞ മാസ്ക്ക് ധരിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സുരക്ഷ പരിശോധനയുടെ ദൃശ്യങ്ങൾ എടുക്കരുതെന്നും പൊലീസ് നിർദ്ദേശിച്ചു. മാസ്ക് മാറ്റിയ നടപടിക്ക് എതിരെ കളക്ടർക്ക് പരാതി നൽകുമെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.
അതേ സമയം, മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് മുന്നിൽ കണ്ട് കുന്നംകുളത്തും ചങ്ങരംകുളത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. മലപ്പുറം ചങ്ങരംകുളത്ത് 5 യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് കരുതൽ തടങ്കലിലാക്കിയത്. മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോകുന്ന കുന്നംകുളത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നാല് പേരെയാണ് കരുതൽ തടങ്കലിലാക്കിയത്. യൂത്ത് കോൺഗ്രസ് ജില്ലാ എക്സിക്യൂട്ടീവ് അംഗം എ എം നിധിഷ്, കടങ്ങോട് മണ്ഡലം പ്രസിഡണ്ട് അസ് ലം, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ രഞ്ചിൽ, വിഗ്നേശ്വര പ്രസാദ് എന്നിവരെ ഇന്ന് രാവിലെ വീടുകളിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് കരിങ്കൊടി കാണിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടാണ് ഈ അസാധാരണ സുരക്ഷ.