കേരളത്തില്‍ കൊവിഡ് വ്യാപനം ശക്തം; വാക്സീൻ ക്ഷാമത്തിനിടെ കയറ്റുമതി പാടില്ലെന്ന് കെ കെ ശൈലജ

ഓരോ ജില്ലയിലും രോഗവ്യാപനം അനുസരിച്ച് ആസൂത്രണം വേണം. വാര്‍ഡുതലത്തില്‍ രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. 

k k shailaja about covid spread in kerala

കണ്ണൂർ: തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കൊവിഡ് ബാധ കൂടിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗലക്ഷണമുള്ളവരെ പരിശോധനയ്ക്ക് പ്രേരിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വാർഡുതലത്തിൽ രോഗപ്രതിരോധം ശക്തമാക്കും. ഓരോ ജില്ലയിലും രോഗവ്യാപനം അനുസരിച്ച് ആസൂത്രണം വേണം. ജില്ലാ തലത്തില്‍ കാര്യങ്ങൾ തീരുമാനിക്കാൻ യോഗം ചേരുമെന്നും കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിലെ ആവിശ്യത്തിനുള്ള ലഭ്യത ഉറപ്പാക്കാതെ വാക്സീൻ വിദേശത്തേക്ക് അയക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് കേസുകൾ കൂടുകയാണ്. എല്ലാ ജില്ലയിലും കാര്യങ്ങൾ തീരുമാനിക്കാൻ യോഗം ചേരും. പഞ്ചായത്ത് തലത്തിൽ കൊവിഡ് തല സമിതികൾ ശക്തമാക്കും. രോഗലക്ഷണങ്ങളുള്ളവരെ ടെസ്റ്റ് ചെയ്യാൻ പ്രേരിപ്പിക്കണം. താഴെ തലത്തിൽ കൊവിഡ് പ്രതിരോധ സമിതികൾ ശക്തമാക്കും. ഇവർ വീടുകളിലെത്തി വിവരങ്ങൾ അന്വേഷിക്കും. പഞ്ചായത്ത് പ്രസിഡൻ്റുമാരുടെ നേതൃത്വത്തിൽ ഇത് കാര്യക്ഷമമാക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു.

അടിയന്തരമായി കേന്ദ്രത്തോട് വാക്സീൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അവശ്യമായ വാക്സീന്‍ കിട്ടിയിട്ടില്ലെങ്കിൽ ക്യാമ്പയിൻ ബുദ്ധിമുട്ടിലാകും. കണ്ണൂരിലെ  ആശുപത്രികളിൽ നിലവിൽ സൗകര്യങ്ങളുണ്ട്. നോൺ കൊവിഡ് ട്രീറ്റ്മെൻ്റിനുള്ള സൗകര്യങ്ങൾ കൂട്ടേണ്ടതുണ്ട്. ഇതിനായി കൂടുതൽ സ്റ്റാഫുകളെ ആവശ്യമുണ്ട്. അതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ തടസ്സമുണ്ടാക്കില്ലെന്ന് കരുതുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു.

കൂട്ടം ചേർന്നുള്ള വിഷു ആഘോഷം ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പരമാവധി വീടുകളിൽ തന്നെ ആഘോഷിക്കുക. സ്വകാര്യ ആശുപത്രികൾ കൂടി കൊവിഡ് രോഗികളെ ഉൾക്കൊള്ളിക്കണമെന്നും രോഗവ്യാപനം നോക്കി പ്രാദേശിക തലത്തിൽ ലോക് ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്നും കെ കെ ശൈലജ  കൂട്ടിച്ചേര്‍ത്തു.

Latest Videos
Follow Us:
Download App:
  • android
  • ios