കെ.സി വേണു​ഗോപാൽ തിരികെയെത്തി; ആലപ്പുഴ വീണ്ടും കോൺ​ഗ്രസിന് സ്വന്തം

കോൺ​ഗ്രസ് ദേശീയ നേതൃത്വത്തിന്റെ അവിഭാജ്യ ഘടകമാണ് കെ.സി വേണു​ഗോപാൽ. കോ​ൺ​ഗ്രസ് മുന്നിൽ നിന്ന് നയിക്കുന്ന മുഖ്യ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ മുൻനിര നേതാക്കളിലൊരാൾ ആലപ്പുഴ മണ്ഡലത്തിൽ നിന്നാണെന്നത് കേരളത്തിലെ കോൺ​ഗ്രസിന് വലിയ ഊർജ്ജമാകും.

k c venugopal wins alappuzha lok sabha election 2024

2019-ലെ ലോക് സഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് കേരളത്തിൽ ജയിക്കാനാകാതെ പോയെ ഒരേയൊരു സീറ്റ് ആലപ്പുഴ ഇത്തവണ കെ.സി വേണു​ഗോപാൽ തിരിച്ചുപിടിച്ചു. പ്രതിപക്ഷത്തിന്റെ ഇന്ത്യ സഖ്യത്തിന്റെ മുൻനിര നേതാവ് കൂടെയായ കെ.സി വേണു​ഗോപാലിനൊപ്പം ആലപ്പുഴ കൂടെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ ദേശീയ ശ്രദ്ധയിലെത്തുകയാണ്.

ദേശീയ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തിയ മലയാളി നേതാക്കൾ വിരളമാണ്. രാജീവ് ​ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയിൽ കെ.കരുണാകരൻ ദേശീയ രാഷ്ട്രീയത്തിലെ കിം​ഗ് മേക്കറായിരുന്നു. ഒന്നും രണ്ടും യുപിഎ സർക്കാറുകളുടെ കാലത്ത് പ്രതിരോധ മന്ത്രി എന്ന നിലയിൽ എ.കെ ആന്റണി വലിയ സ്വാധീനമുണ്ടാക്കി.

ഇപ്പോൾ ആ സ്ഥാനത്ത് കെ.സി വേണു​ഗോപാലാണ്; കെ.കരുണാകരൻ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന നേതാവ്. എ.കെ ആന്റണിയുടെ രാഷ്ട്രീയ തട്ടകമായ ആലപ്പുഴ തന്നെയാണ് കെ.സിയെ വളർത്തി വലുതാക്കിയത്. ആ അർത്ഥത്തിൽ കോൺ​ഗ്രസ്സുകാർക്ക് കരുണാകരന്റെയും ആന്റണിയുടെയും യഥാർത്ഥ രാഷ്ട്രീയ പിന്തുടർച്ചാവകാശിയാണ് വേണുഗോപാൽ.

k c venugopal wins alappuzha lok sabha election 2024

ആദ്യമായി 2009-ൽ ഇന്ത്യൻ പാർലമെന്റിലേക്ക് കെ.സി വേണുഗോപാൽ തെരഞ്ഞെടുക്കപ്പെടുമ്പോൾ അദ്ദേഹം തീർത്തും പുതുമുഖമായിരുന്നു. എന്നാൽ ആദ്യവട്ടം തന്നെ അദ്ദേഹം കേന്ദ്ര മന്ത്രിസഭയിൽ ഇടം നേടി. ആദ്യമായി ജയിക്കുന്നവരെ കേന്ദ്രമന്ത്രിമാരാക്കില്ലെന്ന രീതി മറികടന്നാണ് സോണിയ ​ഗാന്ധി കെ.സി വേണു​ഗോപാലിനെ പരിഗണിച്ചത്.

മൻമോഹൻസിംഗ് സർക്കാറിൽ ഊർജ്ജ, വ്യോമയാന സഹമന്ത്രിയായിരുന്നു വേണു​ഗോപാൽ. പിന്നീട് എൻ.ഡി.എ സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ, 2014-ൽ പ്രതിപക്ഷത്തിലെ ശ്രദ്ധേയനായ നേതാവായി വേണു​ഗോപാൽ തുടർന്നു. 2017 മുതൽ 2019 വരെ കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയെന്ന നിലയിലും പിന്നീട് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന നിലയിലും കോൺഗ്രസിലെ അനിഷേധ്യ നേതാവായി കെ.സി വേണു​ഗോപാൽ മാറി. സംഘടനാ ചുമതല വഹിക്കുന്ന ആദ്യ മലയാളി എന്ന നേട്ടവും കെ.സി വേണു​ഗോപാലിന് സ്വന്തം.

k c venugopal wins alappuzha lok sabha election 2024

അക്കാലത്ത്  കർണ്ണാടക, ജാർഖണ്ഡ്, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സർക്കാരുകളുടെ രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ചത് കെ.സി വേണു​ഗോപാലായിരുന്നു. ബി.ജെ.പി സർക്കാരിന് എതിരെ കന്യാകുമാരി മുതൽ കാശ്മീർ വരെ നാലായിരം കിലോമീറ്ററോളം രാഹുൽഗാന്ധി പദയാത്രയായി സഞ്ചരിച്ച 'ഭാരത് ജോഡോ യാത്ര' യുടെ മുഖ്യ സംഘാടകനും കെ.സി വേണുഗോപാലായിരുന്നു. നൂറുദിവസത്തോളം രാഹുലിനൊപ്പം കെ.സിയും കാൽനടയായി നടന്നു. മണിപ്പൂരിൽ നിന്നും മഹരാഷ്ട്രയിലേക്ക് രാഹുൽഗാന്ധി നയിച്ച 'ഭാരത് ജോഡോ ന്യായ് യാത്ര'യുടെ പ്രധാന ആസൂത്രകനും കെ.സിയായിരുന്നു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയെന്ന നിലയിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ എന്നിങ്ങനെ മൂന്ന് എഐസിസി പ്രസിഡന്റുമാർക്കൊപ്പം പ്രവർത്തിച്ച പരിചയ സമ്പത്തുമായാണ് കെ.സി വേണുഗോപാൽ ബിജെപിക്കെതിരായ ദേശീയ ബദൽ രൂപീകരിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചത്.

ആലപ്പുഴ തിരിച്ചു പിടിക്കൽ

k c venugopal wins alappuzha lok sabha election 2024

ദേശീയ നേതൃത്വത്തിലേക്ക് കെ.സി വേണു​ഗോപാൽ മടങ്ങിപ്പോയതിന് ശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് ആലപ്പുഴ എൽ.ഡി.എഫ് പിടിച്ചത്. ഇത്തവണ സീറ്റ് തിരികെപ്പിടിക്കാൻ വേണു​ഗോപാൽ തിരികെയെത്തി. ആലപ്പുഴയിലെ സ്ഥാനാർത്ഥിത്തത്തിന് ശേഷവും കെ.സി വേണു​ഗോപാൽ കാര്യമായി മണ്ഡലത്തിൽ എത്തിയിരുന്നില്ല. വയനാട്ടിൽ രാഹുൽ ​ഗാന്ധിക്ക് വേണ്ടിയുള്ള പ്രചാരണത്തിലായിരുന്നു ശ്രദ്ധ.

കെ.സി വേണു​ഗോപാൽ ആലപ്പുഴയിൽ പ്രചരണത്തിന് എത്തിയതും വൈകിയാണ്. ആലപ്പുഴയിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി ഡൽഹിയിലും മുംബൈയിലും ചെന്നൈയിലും ആയിരിക്കും. ഇത് പ്രാദേശിക നേതൃത്വത്തിനും ആശങ്കയായിരുന്നു. പ്രചരണത്തിന്റെ അവസാനഘട്ടങ്ങളിൽ ആലപ്പുഴയിലെ വോട്ടർമാരെ നേരിട്ടുകണ്ടും സംസാരിച്ചും കെ.സി, വോട്ടഭ്യർത്ഥിച്ചു. ഫലം വന്നപ്പോൾ മിന്നുന്ന ജയം.

ദേശീയ തലത്തിൽ കോൺ​ഗ്രസിന്റെ സീറ്റ് വിഭജനം പോലെയുള്ള സങ്കീർണ്ണമായ വെല്ലുവിളികൾ മറികടന്നാണ് ആലപ്പുഴയിൽ കെ.സി മത്സരിച്ചത്. കോൺഗ്രസിന്റെ ഓരോ സംസ്ഥാനങ്ങളിലെയും സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ നേരിട്ട് പങ്കെടുത്ത് സ്ഥാനാർത്ഥിനിർണയം പൂർത്തിയാക്കൽ, ജനകീയ മാനിഫെസ്റ്റോ എന്നിവയും കെ.സി വേണു​ഗോപാലിന്റെ ചുമതലയായിരുന്നു.

ഓരോ സംസ്ഥാനത്തെയും മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്തി അവരെ പ്രഖ്യാപിക്കുക എന്നത് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയുടെ കർത്തവ്യമായിരുന്നു. സംസ്ഥാന ഘടകങ്ങളിൽ നിലനിന്ന പ്രശ്നങ്ങൾ പരിഹരിക്കുവാനും ഇതിനിടയിൽ സമയം കണ്ടെത്തേണ്ടി വന്നു. ഇന്ത്യ മുന്നണിയുടെ റാലികളും കെജരിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ സംഘടിപ്പിച്ച ദേശീയ പ്രക്ഷോഭവും എല്ലാം ഇതിനിടയിൽ വന്നു പോയി. 

ഓരോ സംസ്ഥാനത്തിനും അനുയോജ്യരായ താര പ്രചാരകരെ രംഗത്തിറക്കാനും ഏകോപനങ്ങൾ നടത്താനും വേണുഗോപാൽ മുൻകൈയെടുത്തു. ഇതിനിടയിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ വന്നത് ഉൾപ്പെടെ ചുരുക്കം ദിവസങ്ങളിൽ മാത്രമായിരുന്നു ആലപ്പുഴയിൽ ഉണ്ടായിരുന്നത്.

ദേശീയ നേതാവ് എന്ന നിലയിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പ്രചാരണത്തിനെത്തിയ കെ.സി, തനിക്കൊപ്പം മത്സരിച്ച കേരളത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികൾക്കെല്ലാം വേണ്ടി പ്രചാരണം നടത്തിയെന്നതും ശ്രദ്ധേയമാണ്.
 

Latest Videos
Follow Us:
Download App:
  • android
  • ios