'അഖിലക്കെതിരെയുള്ള കേസ് സർക്കാറിന്റെ അടിച്ചമർത്തൽ, നിയമസാധുതയില്ല'; വിമർശിച്ച് കെമാൽ പാഷ
അഖിലക്കെതിരെ കേസെടുക്കാൻ യാതൊരു നിയമ സാധുതയുമില്ലെന്നും പൊലീസിന്റെ അഴിഞ്ഞാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത നടപടിയെ വിമർശിച്ച് മുൻ ജസ്റ്റിസ് കെമാൽ പാഷ. അഖില നന്ദകുമാറിനെതിരെ കേസെടുത്തത് സർക്കാരിന്റെ മാധ്യമ അടിച്ചമർത്തലാണെന്ന് കെമാൽ പാഷ പറഞ്ഞു. അഖിലക്കെതിരെ കേസെടുക്കാൻ യാതൊരു നിയമ സാധുതയുമില്ലെന്നും പൊലീസിന്റെ അഴിഞ്ഞാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. അഖില തന്റെ ചുമതലയാണ് നിർവഹിച്ചത്. മാധ്യമപ്രവർത്തകരെ ഒഴിവിക്കാനാണ് സർക്കാർ ശ്രമം. രാഷ്ട്രീയ യജമാനൻമാരെ പ്രീതിപ്പെടുത്താനാണ് പൊലീസിന്റെ ശ്രമമെന്നും കെമാൽ പാഷ പറഞ്ഞു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ പരാതിയെ തുടർന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് പരാതി. എന്നാൽ, വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ കെ എസ് യു നേതാവിന്റെ ബൈറ്റെടുക്കുക മാത്രമാണ് അഖില നന്ദകുമാർ ചെയ്തത്. ആർഷോക്കെതിരെ രാഷ്ട്രീയ ആരോപണമെന്നും റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു. എന്നിട്ടും കേസെടുക്കാനാണ് പൊലീസ് തീരുമാനിച്ചത്. അഖിലക്കെതിരെ കേസെടുത്തതിനെതിരെ വ്യാപകമായ വിമർശനമാണ് വിവിധ കോണുകളിൽ നിന്നുയരുന്നത്.