സി.കെ. ജാനുവിനെതിരെ നടപടിക്കൊരുങ്ങി ജെ.ആര്‍.എസ്; തനിക്കെതിരായുള്ള നീക്കം നടപ്പാകില്ലെന്ന് ജാനു

2016-ലെ തെരഞ്ഞെടുപ്പില്‍ ജാനു എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി ബത്തേരിയില്‍ മത്സരിച്ചപ്പോള്‍ 27,920 വോട്ടാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ 15,198 വോട്ടുകള്‍ മാത്രമാണ് സികെ ജാനുവിന് ലഭിച്ചത്. 12,722 വോട്ടിന്‍റെ കുറവാണ് ഉണ്ടായത്. മണ്ഡലത്തില്‍ ബി.ജെ.പി. വോട്ടുകള്‍ക്ക് പുറമേ തനിക്ക് സ്വന്തമായി 25,000-ത്തിലേറെ വോട്ടുകള്‍ ലഭിക്കുമെന്നായിരുന്നു എന്‍.ഡി.എയുമായി സഹകരിക്കുമ്പോഴുള്ള ജാനുവിന്‍റെ അവകാശവാദം. 

JRS prepares action against c k janu


കല്‍പ്പറ്റ: സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലത്തില്‍ എന്‍.ഡി.എയുടെ വോട്ട് ഗണ്യമായി കുറഞ്ഞതിന് പിന്നാലെ ഘടകകക്ഷിയായ ജനാധിപത്യ രാഷ്ട്രീയ സഭ(ജെ.ആര്‍.എസ്) - യ്ക്കുള്ളില്‍ ഭിന്നത രൂക്ഷം. എന്‍.ഡി. സ്ഥാനാര്‍ഥിയും ജെ.ആര്‍.എസ് അധ്യക്ഷയുമായ സി.കെ. ജാനുവിനെ ലക്ഷ്യമിട്ട് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെയാണ് പടയൊരുക്കം. വോട്ട് ചോര്‍ച്ചക്ക് കാരണം ജാനുവും ചില ബി.ജെ.പി നേതാക്കളുമാണെന്ന് ജെ.ആര്‍.എസ് സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴ ആരോപിച്ചു. ഇക്കാരണത്താല്‍ അധ്യക്ഷയെ പുറത്താക്കുന്നതടക്കമുള്ള നടപടികള്‍ ഉണ്ടായേക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

ബത്തേരി മണ്ഡലത്തില്‍ വോട്ട് മറിക്കാന്‍ ചില ബി.ജെ.പി. നേതാക്കള്‍ക്കൊപ്പം ജാനുവും കൂട്ടുനിന്നതായാണ് നേതാക്കള്‍ ആരോപിക്കുന്നത്. 2016-ലെ തെരഞ്ഞെടുപ്പില്‍ ജാനു എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി ബത്തേരിയില്‍ മത്സരിച്ചപ്പോള്‍ 27,920 വോട്ടാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ 15,198 വോട്ടുകള്‍ മാത്രമാണ് സികെ ജാനുവിന് ലഭിച്ചത്. 12,722 വോട്ടിന്‍റെ കുറവാണ് ഉണ്ടായത്. മണ്ഡലത്തില്‍ ബി.ജെ.പി. വോട്ടുകള്‍ക്ക് പുറമേ തനിക്ക് സ്വന്തമായി 25,000-ത്തിലേറെ വോട്ടുകള്‍ ലഭിക്കുമെന്നായിരുന്നു എന്‍.ഡി.എയുമായി സഹകരിക്കുമ്പോഴുള്ള ജാനുവിന്‍റെ അവകാശവാദം. ഗോത്രമഹാസഭയുടേത് ഉള്‍പ്പടെ ആദിവാസി മേഖലയില്‍ നിന്നും വലിയതോതില്‍ വോട്ട് ലഭിക്കുമെന്നായിരുന്നു സ്ഥാനാര്‍ഥിയുടെ കണക്കുകൂട്ടല്‍. 

വയനാട്ടില്‍ സാമ്പത്തിക ക്രമക്കേട് നടന്നെന്ന് ആരോപിച്ച് ജെആര്‍എസിന്‍റെ ജില്ലയ്ക്ക് പുറത്തുള്ള നേതാക്കള്‍ നേരത്തെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് പരാതി നല്‍കിയിരുന്നു. എന്നാല്‍, സി കെ ജാനു അവകാശവാദം ഉന്നയിച്ചതിന്‍റെ പകുതി വോട്ട് പോലും ലഭിച്ചില്ലെന്നതാണ് വസ്തുത. ജെ.ര്‍.പിയുടെ സംസ്ഥാന നേതാക്കള്‍ മണ്ഡലത്തില്‍ എത്തിയെങ്കിലും പലകാരണങ്ങള്‍ പറഞ്ഞ് ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ ജാനു അനുവദിച്ചില്ലെന്ന് സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മോറാഴ ആരോപിച്ചു. ലോക്ഡൗണിന് ശേഷം ചേരുന്ന സംസ്ഥാന കമ്മിറ്റി,  സി കെ ജാനുവിനെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

അതേസമയം തനിക്കെതിരെ നടപടിയെടുക്കാന്‍ ജെ.ആര്‍.എസിന് കഴിയില്ലെന്ന് സി.കെ. ജാനു പ്രതികരിച്ചു. വോട്ട് മറിച്ചുവെന്ന വാദം പൊള്ളയാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കേരളത്തിലൊട്ടാകെ എന്‍.ഡി.എക്ക് വോട്ട് കുറഞ്ഞിട്ടുണ്ടെന്നും ഇത് ബത്തേരി മണ്ഡലത്തില്‍ മാത്രമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇടതുപക്ഷ സര്‍ക്കാരിനോടുള്ള ജനങ്ങളുടെ അനുകൂല മനോഭാവം ബത്തേരി മണ്ഡലത്തിലും പ്രകടമായ വോട്ട് ചോര്‍ച്ചയുണ്ടാക്കിയതായി സി കെ ജാനു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ജെ.ആര്‍.എസ് , എന്‍.ഡി.എ വിടാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. എങ്കിലും എല്ലാ തെരഞ്ഞെടുപ്പിലും ഘടകകക്ഷിയായിരിക്കുമോയെന്ന കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും സി.കെ. ജാനു കൂട്ടിച്ചേര്‍ത്തു. ജെ.ആര്‍.എസില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നും ഇല്ല. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അക്കാര്യം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ജാനു പറഞ്ഞു.

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios