ജോസ് കെ മാണിയുടെ മകൻ പ്രതിയായ വാഹനാപകടം: പൊലീസ് കള്ളക്കളിയെന്ന് സംശയം, ആദ്യ എഫ്ഐആറിൽ പേരില്ല
അപകടം നടന്നയുടനെ ജോസിന്റെ മകന്റെ രക്തസാമ്പിൾ പരിശോധനയും നടത്തിയില്ലെന്നാണ് വിവരം.
കോട്ടയം: ജോസ് കെ മാണിയുടെ മകൻ പ്രതിയായ വാഹനാപകടത്തിൽ കേസെടുത്ത പൊലീസ് കള്ളക്കളി നടത്തിയെന്ന് സംശയം. അപകടമുണ്ടായതിന് ശേഷം ആദ്യം തയാറാക്കിയ എഫ് ഐ ആറിൽ നിന്നും ജോസ് കെ മാണിയുടെ മകൻ കെഎം മാണി ജൂനിയറിന്റെ പേര് ഒഴിവാക്കി. 45 വയസുള്ള ആളെന്നുമാത്രമാണ് എഫ് ഐ ആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അപകടത്തിന് പിന്നാലെ സ്ഥലത്ത് എത്തിയ പൊലീസ് സംഘം ജോസ് കെ മാണിയുടെ മകനെ കണ്ടിട്ടും ആദ്യ എഫ് ഐ ആറിൽ പേര് ഒഴിവാക്കിയത് ദുരൂഹതയാണ്. അപകടം നടന്നയുടനെ ജോസിന്റെ മകന്റെ രക്തസാമ്പിൾ പരിശോധനയും നടത്തിയില്ലെന്നാണ് വിവരം.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കെഎം മാണി ജൂനിയര്‍ സഞ്ചരിച്ച ഇന്നോവയുടെ പിന്നില്‍ ബൈക്കിടിച്ച് സഹോദരങ്ങളായ യുവാക്കള്‍ മരിച്ചത്. മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോണ്‍, ജിന്‍സ് ജോണ്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ ബൈക്ക് മണിമല ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്നാണ് ബൈക്ക് പിന്നില്‍ ഇടിച്ച് കയറിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കെഎം മാണി ജൂനിയറിനെ ഇന്നലെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയെന്ന കേസിലാണ് നടപടി.
ഫോട്ടോ: അപകടത്തിൽ കൊല്ലപ്പെട്ട സഹോദരങ്ങളായ മാത്യു ജോണ്‍, ജിന്‍സ് ജോണ്‍