ജോസ് വിഭാഗത്തിന് തദ്ദേശ തെരഞ്ഞെടുപ്പിലും രണ്ടില ചിഹ്നം ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
പിജെ ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നവുമാണ് അനുവദിച്ചിരുന്നത്. മാറിയ സാഹചര്യത്തിൽ ജോസ് വിഭാഗം രണ്ടില ചിഹ്നത്തിലും ജോസഫ് വിഭാഗം ചെണ്ട ചിഹ്നത്തിലും ജനവിധി തേടും
തിരുവനന്തപുരം: കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് തദ്ദേശ തെരഞ്ഞെടുപ്പിലും ഉപയോഗിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കേരള ഹൈക്കോടതി ശരിവെച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനും തീരുമാനം മാറ്റിയത്.
കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ കേരള കോൺഗ്രസിന്റെ ഇരു വിഭാഗത്തിനും രണ്ടില ചിഹ്നം അനുവദിക്കാനാവില്ലെന്നായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നിലപാട്. പിജെ ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നവുമാണ് അനുവദിച്ചിരുന്നത്. മാറിയ സാഹചര്യത്തിൽ ജോസ് വിഭാഗം രണ്ടില ചിഹ്നത്തിലും ജോസഫ് വിഭാഗം ചെണ്ട ചിഹ്നത്തിലും ജനവിധി തേടും.