ജെഡിഎസ് കേരള ഘടകം ഇടതുമുന്നണിയില്‍ തുടരും, സിപിഎമ്മിന്‍റെ അംഗീകാരം തേടേണ്ടതില്ലെന്ന് മാത്യു ടി തോമസ്
ബിജെപിയെയും കോണ്‍ഗ്രസിനെയും എതിര്‍ക്കുകയെന്നതാണ് പാര്‍ട്ടിയുടെ നയം. എന്നാല്‍, ഇതിനുവിരുദ്ധമായി ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ ബിജെപി അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നും മാത്യു ടി തോമസ് പറഞ്ഞു
കൊച്ചി: കേരളത്തില്‍ ജനതാദള്‍ എസ് ജനാധിപത്യ സോഷ്യലിസ്റ്റ് മതേതര നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസ്. ജനതാദള്‍ എസിന്‍റെ ദേശീയ നേതൃത്വം എൻ.ഡി.എ സഖ്യത്തിന്‍റെ ഭാഗമായതോടെയുണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാനാണ് കൊച്ചിയില്‍ ചേര്‍ന്ന അടിയന്തിര നേതൃ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാത്യു ടി തോമസ്. ജനാധിപത്യ സോഷ്യലിസ്റ്റ് മതേതര നിലപാടില്‍ ഉറച്ചുനില്‍ക്കുകയെന്ന നയത്തിലാണ് പാര്‍ട്ടി കര്‍ണാടകയിലും പ്രവര്‍ത്തിച്ചത്. ബിജെപിയെയും കോണ്‍ഗ്രസിനെയും എതിര്‍ക്കുകയെന്നതാണ് പാര്‍ട്ടിയുടെ നയം. എന്നാല്‍, ഇതിനുവിരുദ്ധമായി ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചു. ജെഡിഎസ് ദേശീയ നേതൃത്വം ഒരു ചര്‍ച്ചയും ഇല്ലാതെയാണ് ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചത്.
ദേശീയ അധ്യക്ഷന്‍റെ ഈ നിലപാട് സംസ്ഥാന നേതൃത്വം പാടെ തള്ളുകയാണെന്നും മാത്യു ടി തോമസ് പറഞ്ഞു. 2006ല്‍ സമാനമായ സാഹചര്യം ഉണ്ടായിരുന്നപ്പോള്‍ അന്ന് സ്വതന്ത്ര നിലപാടാണ് കേരള ഘടകം സ്വീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളുമായി സംസാരിച്ച് തുടര്‍ നടപടികള്‍ തീരുമാനിക്കും.ബിജെപിയുമായി സഹകരിച്ച് പോകാനാകില്ലെന്ന് ദേശീയ നേതൃത്വം അറിയിച്ചിട്ടുണ്ട്. ഇടതുമുന്നണിയില്‍ ജെഡിഎസ് സംസ്ഥാന നേതൃത്വം തുടരും. ഇതിന് സിപിഎമ്മിന്‍റെ അംഗീകാരത്തിനായി അപേക്ഷ നല്‍കിയിട്ടില്ല. അതിന്‍റെ ആവശ്യവുമില്ല. ബിജെപിയുമായി സഹകരിച്ച് പോകാനാകില്ലെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പുതിയ പാര്‍ട്ടി രൂപീകരിക്കണമോ അതോ മറ്റു ഏതെങ്കിലും പാര്‍ട്ടിയുമായി ലയിക്കണോ എന്ന കാര്യത്തിലും തീരുമാനമെടുക്കും. കൂറുമാറ്റ നിരോധന നിയമ പ്രശ്നങ്ങള്‍, പാര്‍ട്ടി ചിഹ്നം ഉള്‍പ്പെടെയുള്ള വിഷയങ്ങളും പരിശോധിക്കേണ്ടതുണ്ട്. അതിനാല്‍ തുടര്‍കാര്യങ്ങളില്‍ അന്തിമ തീരുമാനം ഇന്ന് എടുക്കാനാകില്ലെന്നും ഏതു സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പുമായാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നതെന്നും മാത്യു ടി തോമസ് പറഞ്ഞു.
ദേശീയനേതൃത്വത്തെ തള്ളികൊണ്ടുള്ള നിലപാട് സംസ്ഥാന നേതൃത്വം സ്വീകരിച്ചെങ്കിലും പുതിയൊരു പാര്‍ട്ടിയുണ്ടാക്കി സ്വതന്ത്രമായി നില്‍ക്കണോ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ലയിക്കണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാന നേതൃത്വത്തില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. തീരുമാനം പെട്ടന്ന് തന്നെ വേണമെന്ന് സിപിഎമ്മിന്‍റെ സമ്മര്‍ദ്ദവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഉള്‍പ്പെടെ അന്തിമ തീരുമാനം ഇന്നത്തെ യോഗത്തില്‍ ഉണ്ടാകാത്തതിനാല്‍ ഇക്കാര്യത്തില്‍ സിപിഎം എന്തു നിലപാടായിരിക്കും സ്വീകരിക്കുകയെന്നതും നിര്‍ണായകമാണ്. ദേശീയ ഭാവാഹികള്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, എംഎല്‍ എമാര്‍, ജില്ല പ്രസിഡന്‍റുമാര്‍, പോഷക സംഘടനാ പ്രസിഡന്‍റുമാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ജെഡിഎസിലെ പ്രതിസന്ധിയില്‍ സിപിഎമ്മില്‍നിന്ന് സമ്മര്‍ദമുണ്ടെന്ന വാദം മാത്യൂ ടി തോമസ് നേരത്തെ നിഷേധിച്ചിരുന്നു. സിപിഎമ്മില്‍നിന്ന് സമ്മര്‍ദമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
എൻഡിഎ സഖ്യത്തിനൊപ്പം നിൽക്കണോ വേണ്ടയോ എന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നാണ് ജെഡിഎസ് ദേശീയാധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ നേരത്തെ വ്യക്തമാക്കിയത്. കര്‍ണാടകയില്‍ ബിജെപിക്കൊപ്പം സഖ്യം ചേര്‍ന്നുകൊണ്ട് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ജെഡിഎസ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ അതാത് സംസ്ഥാനനേതൃത്വത്തിന് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന എച്ച്.ഡി ദേവഗൗഡയുടെ പ്രതികരണം കേരളത്തിലെ ജെഡിഎസ് നേതൃത്വത്തിന് ആശ്വാസം നല്‍കുന്നതാണ്. പാർട്ടി അധ്യക്ഷനെന്ന നിലയിൽ ഒരു തീരുമാനവും സംസ്ഥാനഘടകത്തിന് മേൽ അടിച്ചേൽപിക്കില്ലെന്നും കേരളത്തിലെ നേതൃത്വവുമായി സംസാരിച്ചുവെന്നും തീരുമാനം അവര്‍ക്ക് വിട്ടിരിക്കുകയാണെന്നുമാണ് ദേവഗൗഡ പറഞ്ഞിരുന്നത്.
പുതിയ പാര്‍ട്ടിയോ അതോ ലയനമോ?, തീരുമാനം ഇന്നറിയാം, ജെഡിഎസ് നേതൃയോഗം തുടങ്ങി