കഴിഞ്ഞ ഭരണം മോശം; കൊച്ചി കോർപറേഷനിൽ പിന്തുണ ആർക്കെന്ന് സൂചിപ്പിച്ച് മുസ്ലിം ലീഗ് വിമതൻ
മൂന്ന് യുഡിഎഫ് വിമതരെയും വശത്താക്കാന്‍ കഴിഞ്ഞാലും യുഡിഎഫിന് പക്ഷെ ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ല. കെ പി ആന്‍റണി സിപിഎമ്മിനെ പിന്തുണയ്ക്കുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ 35 സീറ്റോടെ ഇടതുമുന്നണിക്ക് അധികാരത്തിലേറാം
കൊച്ചി: കൊച്ചി കോർപറേഷനിൽ ആരെ പിന്തുണക്കുമെന്ന് സൂചിപ്പിച്ച് മുസ്ലിം ലീഗ് വിമതൻ ടി കെ അഷ്റഫ്. വിമതരായ നാല് പേരിൽ ഒരാളുടെ പിന്തുണ കിട്ടിയാൽ ഇടതിന് ഭരിക്കാനാകും. സുസ്ഥിര ഭരണം ഉറപ്പ് നൽകുന്നവർക്ക് പിന്തുണ നൽകും. കഴിഞ്ഞ അഞ്ച് വർഷം തമ്മിൽത്തല്ല് മാത്രമാണ് നടന്നത്. മുന്നണികൾ നൽകുന്ന വാഗ്ദാനം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി കോർപറേഷനിൽ ആകെ 74 സീറ്റാണുള്ളത്. എന്നാൽ ആർക്കും കേവല ഭൂരിപക്ഷം ഇല്ല. ഇടതുമുന്നണിക്ക് 34 ഉം യുഡിഎഫിന് 31 ഉം ബിജെപിക്ക് അഞ്ചും സീറ്റ് ലഭിച്ചു. നാല് വിമതർ വിജയിച്ചു. രണ്ട് പേർ കോൺഗ്രസും മുസ്ലിം ലീഗിൽ നിന്നും സിപിഎമ്മിൽ നിന്നും ഓരോ ആൾ വീതവുമാണ് വിമതരായി വിജയിച്ചത്. നാല് വിമതരും പിന്തുണച്ചാലേ യുഡിഎഫിന് വിജയം ഉറപ്പിക്കാനാവൂ. എന്നാൽ ഒരാളുടെ പിന്തുണ മതി ഇടതുമുന്നണിക്ക് ഭരണം പിടിക്കാൻ.
പനയപ്പിള്ളിയില്‍ ജെ സുനില്‍ മോനും മുണ്ടംവേലിയില്‍ മേരി കലിസ്ത പ്രകാശനുമാണ് കോണ്‍ഗ്രസ് പാളയത്തില്‍നിന്ന് വിമതരായി ജയിച്ചത്. കല്‍വത്തിയിൽ ടി കെ അഷ്റഫ് മുസ്ലിം ലീഗ് വിമതനായി ജയിച്ചു കയറി. മാനാശ്ശേരിയില്‍ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവില്‍ കെ പി ആന്‍റണിയാണ് സിപിഎം വിമതനായി ജയിച്ചത്. വിമതന്മാരെയെല്ലാം പാളയത്തിലെത്തിക്കാന്‍ ഇരു മുന്നണിയും ശ്രമിക്കുന്നുണ്ട്. ഇന്നലെ വൈകിട്ട് കോണ്‍ഗ്രസ് നേതാക്കളായ ഹൈബി ഈഡനും ടോണി ചമ്മണിയും ആന്‍റണിയുടെ വീട്ടിലെത്തി ചര്‍ച്ചനടത്തിയിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഹൈബി ഈഡൻ തയ്യാറായില്ല. നിലപാട് പിന്നീട് പ്രഖ്യാപിക്കുമെന്നാണ് മൂന്ന് യുഡിഎഫ് വിമതരുടേയും നിലപാട്.
മൂന്ന് യുഡിഎഫ് വിമതരെയും വശത്താക്കാന്‍ കഴിഞ്ഞാലും യുഡിഎഫിന് പക്ഷെ ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ല. കെ പി ആന്‍റണി സിപിഎമ്മിനെ പിന്തുണയ്ക്കുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ 35 സീറ്റോടെ ഇടതുമുന്നണിക്ക് അധികാരത്തിലേറാം. കൗണ്‍സില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം നടക്കുന്ന മേയര്‍ തെരഞ്ഞെടുപ്പാകും ആര് അധികാരത്തിലെത്തുമെന്ന കാര്യത്തില്‍ കൃത്യമായ ചിത്രം നല്‍കുക. യുഡിഎഫും മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്നുറപ്പാണ്. പക്ഷെ ആന്‍റണിയുടെ ഒറ്റവോട്ടിന്റെ ബലത്തില്‍ ഇടതിന് മേയര്‍ സ്ഥാനം നേടാനാവും. ഇതോടെ പത്ത് കൊല്ലം നീണ്ട യുഡിഎഫ് ഭരണം ചരിത്രമാകുകയും ചെയ്യും.