'ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാല്‍ അപകടം,ലിംഗ സമത്വം നടപ്പാക്കിയാൽ കുട്ടികളുടെ ശ്രദ്ധ പാളും'
ആൺ-പെൺ വ്യത്യാസമില്ലാതെ കുട്ടികളെ ഒരുമിച്ച് ഇരുത്താനുള്ള നീക്കം അംഗീകരിക്കില്ല.ജൻഡർ ന്യൂട്രൽ വിഷയത്തെ മതപരമായല്ല ലീഗ് കാണുന്നത്. ധാർമിക പ്രശ്നമായാണ് കാണുന്നതെന്നും പിഎംഎ സലാം
കോഴിക്കോട്: ലിംഗ സമത്വത്തിന്‍റെ പേരില്‍ വിദ്യാലയങ്ങളിൽ ലിബറലിസം കൊണ്ടു വരാനാണ് സർക്കാർ ശ്രമമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം കുറ്റപ്പെടുത്തി.ലിംഗ സമത്വ യൂണിഫോമിനോട് എതിർപ്പില്ല.ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്നാൽ അപകടമാണ്.ആൺ-പെൺ വ്യത്യാസമില്ലാതെ കുട്ടികളെ ഒരുമിച്ച് ഇരുത്താനുള്ള നീക്കം അംഗീകരിക്കില്ല.ജൻഡർ ന്യൂട്രൽ വിഷയത്തെ മതപരമായല്ല ലീഗ് കാണുന്നത്. ധാർമിക പ്രശ്നമായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ കുട്ടികളുടെ ശ്രദ്ധ പാളിപോകും ജപ്പാൻ ഇതിന് ഉദാഹരണമാണ് ജപ്പാനിൽ ഫ്രീ സെക്സും ലിബറലിസവും വന്നതോടെ ജനസംഖ്യ കുറഞ്ഞെന്നും പി എം എ സലാം പറഞ്ഞു.
ലിംഗസമത്വ വിഷയത്തില്‍ കടുത്ത പരാമര്‍ശങ്ങളുമായി മുസ്‍ലിം ലീഗ് നേതാവ് എം.കെ മുനീര്‍ ഇന്നലെ രംഗത്ത് വന്നിരുന്നു. ലിംഗസമത്വം നടപ്പാക്കിയാല്‍ സ്കൂളുകളില്‍ ലൈംഗീക അതിക്രമം പെരുകുമെന്നാണ് മുനീര്‍ പറഞ്ഞത്.. സ്വവര്‍ഗരതിക്ക് അംഗീകാരം നല്‍കുന്ന നടപടിയാകും ഇത്. ഇതോടെ പോക്സോ കേസുകള്‍ പോലും അപ്രസക്തമാകുമെന്നും മുനീര്‍ ആരോപിച്ചു.
പാഠ്യപദ്ധതി പരിഷ്കരണ സമിതിയുടെ കരട് റിപ്പോര്‍ട്ടില്‍ ലിംഗസമത്വ യൂണിഫോം അടക്കമുളള നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ലീഗ് നേതൃത്വത്തില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് എംകെ മുനീര്‍ വീണ്ടും ആരോപണങ്ങളുമായി രംഗത്തെത്തിയത്. ലിംഗസമത്വ ആശയം നടപ്പാക്കാനൊരുങ്ങുന്ന മുഖ്യമന്ത്രി സാരിയുടുക്കുമോ എന്ന് നേരത്തെ എംഎസ്എഫ് വേദിയില്‍ ചോദിച്ച മുനീര്‍ ലീഗ് അനുകൂല അധ്യാപക സംഘടനയുടെ സെമിനാറില്‍ കൂടുതല്‍ ആരോപണങ്ങളിലേക്ക് കടന്നു. സ്ത്രീയും പുരുഷനും തമ്മിലുളള ആകര്‍ഷണത്തിനു പകരം സ്വവര്‍ഗ്ഗ രതിയെ പ്രോല്‍സാഹിപ്പിക്കുന്നതാണ് ലിംഗസമത്വ ആശയമെന്ന് മുനീര്‍ ആരോപിച്ചു. ഇതോടെ പോക്സോ കേസുകള്‍ വരെ അപ്രസക്തമാകുമെന്നും മുനീര്‍ പറഞ്ഞു വച്ചു.
പ്രസംഗം ചര്‍ച്ചയായതോടെ മാധ്യമങ്ങളെ കണ്ട മുനീര്‍ തന്‍റെ വാക്കുകള്‍ ഒരു വിഭാഗം വളച്ചൊടിച്ചെന്ന് പറഞ്ഞെങ്കിലും ആദ്യം പറഞ്ഞ അതേ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു.ലിംഗസമത്വ യൂണിഫോം അടക്കം പാഠ്യപദ്ധതി പരിഷ്കരണ സമിതിയുടെ കരട് റിപ്പോര്‍ട്ടിനെതിരെ മുസ്ലിം ലീഗ് കോഴിക്കോട്ട് വിളിച്ചു ചേര്‍ത്ത മുസ്ലിം സംഘടനകളുടെ യോഗത്തില്‍ എപി സുന്നി വിഭാഗം ഉള്‍പ്പെടെ പങ്കെടുത്തിരുന്നു. വിഷയത്തില്‍ പളളികള്‍ തോറും പ്രചാരണം നടത്താന്‍ സമസ്തയും തീരുമാനിച്ചിട്ടുണ്ട്.