രക്തം ഛർദ്ദിച്ച് മരണം; ശശീന്ദ്രന്റെ ഉള്ളിൽ ചെന്ന വിഷാംശം ഏതെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല; വിശദ പരിശോധന
പരിശോധന ഫലം ലഭിച്ച ശേഷം ഡോക്ടർമാരുടെ സംഘം ഇത് വിലയിരുത്തും. തുടർന്നേ അന്തിമ നിഗമനത്തിലെത്താൻ കഴിയൂ എന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്.
തൃശൂർ: അവണൂരിൽ രക്തം ഛർദ്ദിച്ച് അമ്പത്തിയേഴുകാരൻ മരിച്ച സംഭവത്തിൽ വിഷാംശം ഏതാണെന്ന് കണ്ടെത്താൻ പോസ്റ്റ്മോർട്ടത്തിൽ കഴിഞ്ഞില്ല. ആന്തരിക അവയവങ്ങളുടെ സാംപിൾ പരിശോധനക്കായി ലാബുകളിലേക്ക് അയച്ചു. മരിച്ച ശശീന്ദ്രനൊപ്പം ഇഡ്ഡലി കഴിച്ച ഭാര്യയും അമ്മയും മറ്റ് രണ്ട് പേരും ചികിത്സയിലാണ്. അവനൂർ സ്വദേശിയായ ശശീന്ദ്രന്റെ ഉള്ളിൽ ചെന്ന വിഷാംശം ഏതെന്ന് വിശദപരിശോധനയിലേ വ്യക്തമാകൂ എന്നാണ് ഫോറൻസിക് സർജൻ പൊലീസിനെ അറിയിച്ചത്.
ആന്തരീക അവയവങ്ങളുടെ സാംപിൾ പരിശോധനക്ക് അയച്ചു. പതോളജി, വൈറോളജി ഫലങ്ങൾ ഒരാഴ്ചക്കുള്ളിൽ ലഭിക്കുമെങ്കിലും റീജിയണൽ കെമിക്കൽ ലബോറട്ടറി ഫലം ഒരുമാസമെടുത്തേക്കാം. പരിശോധന ഫലം ലഭിച്ച ശേഷം ഡോക്ടർമാരുടെ സംഘം ഇത് വിലയിരുത്തും. തുടർന്നേ അന്തിമ നിഗമനത്തിലെത്താൻ കഴിയൂ എന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്.
വീട്ടിൽ നിന്ന് ഇഡ്ഡലിയും ചമ്മന്തിയും കടലക്കറിയും ചായയും ശശീന്ദ്രൻ കഴിച്ചത്. ഇതേ ഭക്ഷണം കഴിച്ച ഭാര്യ ഗീത, അമ്മ കമലാക്ഷി തെങ്ങുകയറ്റ തൊഴിലാളികളായ രാമചന്ദ്രൻ, ചന്ദ്രൻ എന്നിവരും ശശീന്ദ്രന്റെ സമാന ലക്ഷണങ്ങളോടെ ചികിത്സയിൽ തുടരുകയാണ്. ഒരേ വിഷമാകാം എല്ലാവരുടെയും ഉള്ളിൽ ചെന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഭക്ഷണത്തിൽ എങ്ങനെ വിഷാംശം കലർന്നു എന്ന അന്വേഷണം മെഡിക്കൽ കോളേജ് പൊലീസ് തുടരുകയാണ്. ശശീന്ദ്രന്റെ മകൻ മയൂരനാഥും ഇതേ വീട്ടിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്. ആയുർവേദ ഡോക്ടറായ മകൻ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നുമില്ല. ആന്തരീക അവയവങ്ങളുടെ പരിശോധനാ ഫലം വേഗത്തിലാക്കാനുള്ള ശ്രമം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.