'ലോട്ടറിയിലൂടെ 15000 കോടിയുടെ വിറ്റ് വരവ്'; ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനെതിരായ അന്വേഷണ വിവരങ്ങൾ പുറത്ത്
2014 ൽ തുടങ്ങിയ അന്വേഷണ വിവരങ്ങളാണ് പുറത്തുവന്നത്. ലോട്ടറി വിൽപ്പനയുടെ പേരിൽ വ്യാപക ക്രമക്കേട് നടത്തിയെന്ന് ഇ ഡി പറയുന്നു.
ദില്ലി: ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനെതിരായ അന്വേഷണ വിവരങ്ങൾ പുറത്തുവിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). ലോട്ടറിയിലൂടെ മാർട്ടിന് 15000 കോടി രൂപയുടെ വിറ്റ് വരവ് നടന്നെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തല്‍. 2014 ൽ തുടങ്ങിയ അന്വേഷണ വിവരങ്ങളാണ് പുറത്തുവന്നത്. ലോട്ടറി വിൽപ്പനയുടെ പേരിൽ വ്യാപക ക്രമക്കേട് നടത്തിയെന്ന് ഇ ഡി പറയുന്നു. മാർട്ടിനുമായി ബന്ധപ്പെട്ട് ഇതുവരെ ആയിരം കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. ഇതിൽ 622 കോടി രൂപ ഇഡി കൊച്ചി യൂണിറ്റാണ് കണ്ടുകെട്ടിയത്. സുഹൃത്തുക്കളെയും ബന്ധുക്കളെയും ലോട്ടറി വിതരണക്കാരാക്കിയാണ് തട്ടിപ്പ് നടന്നത്. വിൽക്കാത്ത ടിക്കറ്റുകൾക്ക് സമ്മാനം നൽകി. പിന്നീട് ഈ ടിക്കറ്റുകൾ ഉപയോഗിച്ച് വസ്തുക്കൾ വാങ്ങി. 1500 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് മേഘാലയ സർക്കാരും പരാതി നൽകിയിട്ടുണ്ടെന്ന് ഇ ഡി അറിയിച്ചു.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോട്ടറി വ്യവസായി സാന്‍റിയാഗോ മാര്‍ട്ടിന്‍റെ വീട്ടിലും ഓഫീസുകളിലും കഴിഞ്ഞ നവംബറിൽ ഇ ഡി നടത്തിയ റെയ്ഡിൽ കണക്കില്‍പ്പെടാത്ത 12.41 കോടി രൂപ കണ്ടെടുത്തിരുന്നു. ഡിജിറ്റൽ ഉപകരണങ്ങളും നിർണായക രേഖകളും റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. വൻ തുക സമ്മാനം നേടിയ ടിക്കറ്റുകൾ വാങ്ങി കള്ളപ്പണം വെളുപ്പിച്ചുവെന്നും ഇത് ഖജനാവിന് കനത്ത നഷ്ടമുണ്ടാക്കിയതായും ഇ ഡി കണ്ടെത്തി. വ്യാജ ലോട്ടറി ടിക്കറ്റുകൾ വ്യാപകമായി വിറ്റഴിച്ചു. ലോട്ടറി സമ്മാനം നിശ്ചയിക്കുന്നതിലും ക്രമക്കേട് നടത്തി. ലോട്ടറി വിപണി നിയമവിരുദ്ധ ഇടപാടുകളിലൂടെ പിടിച്ചെടുക്കാൻ ശ്രമിച്ചുവെന്നടക്കമുള്ള വിവരങ്ങളാണ് ഇ ഡി പുറത്തുവിട്ടത്. കള്ളപ്പണം വെളുപ്പിക്കാൻ സമ്മാനം അടിച്ച ലോട്ടറി ഉപയോഗിച്ചുവെന്നും ഇ ഡി വ്യക്തമാക്കി.
Also Read: ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരണം; രണ്ട് ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യതയെന്ന് കണ്ടെത്തൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം