മുഖ്യമന്ത്രിക്കെതിരായ അന്വേഷണം; കരുതലോടെ നീങ്ങാൻ കൊച്ചി പൊലീസ്, എടുത്ത് ചാടി നടപടികൾ വേണ്ടെന്ന് തീരുമാനം
എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്നലെയാണ് മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ അന്യായത്തിലായിരുന്നു നടപടി.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ അന്വേഷണത്തിൽ കരുതലോടെ നീങ്ങാൻ കൊച്ചി പൊലീസ്. എടുത്ത് ചാടിയുള്ള നടപടികൾ വേണ്ടെന്നാണ് തീരുമാനം. കോടതിയിൽ നിന്ന് ഇതുവരെ ഉത്തരവിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ അന്യായത്തിലായിരുന്നു നടപടി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്ന നവ കേരള സദസിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. രക്ഷാപ്രവര്‍ത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്ന പരാതിയിൽ എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകണമെന്ന് കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരായ കോടതി നിർദേശം ആശ്വാസകരമാണെന്ന് ഡിസിസി പ്രസിഡൻ്റ് ഷിയാസ് പ്രതികരിച്ചു. സമരം ചെയ്യുന്നവർക്കെതിരെ മുഖ്യമന്ത്രി ക്വട്ടേഷൻ ഗുണ്ടയെ പോലെ അക്രമത്തിന് ആഹ്വാനം നൽകി. നിയമപരമായും രാഷ്ട്രീയപരമായും ശിക്ഷ വാങ്ങിച്ച് കൊടുക്കാൻ മുന്നോട്ട് പോകും. കണക്ക് ചോദിക്കുന്ന ദിവസം വരും. കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജി വെക്കണമെന്നും ജനാധിപത്യ മര്യാദ കാണിക്കണമെന്നും ഷിയാസ് ആവശ്യപ്പെട്ടു.
നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം
നവ കേരള സദസ്സിനെതിരായ പ്രതിഷേധത്തെ നേരിട്ടത് രക്ഷാപ്രവർത്തനം എന്ന പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരായ അന്വേഷണത്തിനുള്ള കോടതി ഉത്തരവ് നിയമസഭയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് എതിരെ തെളിവ് ഇല്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടും ആയുധമാക്കും. രണ്ടു ദിവസത്തെ ശബ്ദ വിശ്രമ ശേഷം മുഖ്യമന്ത്രി ഇന്ന് സഭയിൽ എത്താൻ ഇടയുണ്ട്.