ദേശീയ പതാക കൈമാറാനെത്തിയ വനിത പഞ്ചായത്ത് പ്രസിഡന്റിനെ ബിജെപി അംഗങ്ങള്‍ അപമാനിച്ചതായി പരാതി
ബിജെപി പ്രവർത്തകർ ജാതിപ്പേര് വിളിച്ചും അശ്ലീലം പറഞ്ഞും അധിക്ഷേപിച്ചെന്ന് മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്; ആലപ്പുഴയിലും മുതലമടയിലും ദേശീയ പതാകയെ സിപിഎം നേതാക്കൾ അപമാനിച്ചെന്ന് പരാതി
പാലക്കാട്: ദേശീയ പതാക കൈമാറാൻ എത്തിയ മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റിനെ ബിജെപി നേതാക്കൾ അപമാനിച്ചതായി പരാതി. ബിജെപി വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ എത്തിയവർ അധിക്ഷേപിച്ചെന്നാണ് പരാതി. ജാതി വിളിച്ചും അസഭ്യം പറഞ്ഞും അധിക്ഷേപിച്ചെന്ന് കാണിച്ച് പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ മലമ്പുഴ പൊലീസിൽ പരാതി നൽകി. ദേശീയപതാക കൈമാറാൻ വന്നപ്പോൾ ഫോട്ടോ എടുക്കാൻ അനുവദിക്കാത്തതിൽ അധിക്ഷേപിച്ചെന്ന് രാധിക മാധവൻ വ്യക്തമാക്കി.
പതാക തലതിരിച്ച് ഉയർത്തി സിപിഎം ഏരിയാ കമ്മിറ്റി അംഗം
ദേശീയ പതാകയെയും ദേശീയ ഗാനത്തേയും അപമാനിച്ചെന്ന് കാട്ടി ആലപ്പുഴ ബുധനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ പരാതി. സിപിഎം മാന്നാർ ഏരിയ കമ്മിറ്റി അംഗം കൂടിയായ രാമകൃഷ്ണൻ സ്വന്തം വീട്ടിൽ പതാക തലതിരിച്ചുയർത്തി എന്നാണ് പരാതി. അങ്കണവാടിയിൽ ദേശീയ ഗാനം ആലപിക്കവേ ഉച്ചത്തിൽ മൊബൈൽ ഫോണിൽ സംസാരിച്ചതായും പരാതി ഉയർന്നിട്ടുണ്ട്.
'ഹർ ഘർ തിരംഗ' ആഹ്വാനം ഏറ്റെടുത്ത് രാജ്യം, വജ്ര ജൂബിലി ആഘോഷത്തിൽ പങ്കുചേർന്ന് കേന്ദ്ര മന്ത്രിമാർ
സിപിഎം കൊടിക്ക് താഴെ ദേശീയ പതാക
അതേസമയം പാലക്കാട് മുതലമടയിൽ സിപിഎം പതാകയ്ക്ക് താഴെ ദേശീയ പതാക കെട്ടിയതായി ആരോപണം ഉയർന്നു. ചെമ്മണാമ്പതി അണ്ണാനഗറിലാണ് സിപിഎം പതാകയ്ക്ക് കീഴിലായി ദേശീയപതാക കെട്ടിയത്. സംഭവം വിവാദമായതോടെ പതാക മാറ്റിക്കെട്ടി.
പതാക വിതരണം അട്ടിമറിച്ചെന്ന ആരോപണം തള്ളി എം.വി.ഗോവിന്ദൻ
സംസ്ഥാനത്ത് ഹർ ഘർ തിരംഗ പരിപാടി അട്ടിമറിച്ചുവെന്ന ആരോപണം തള്ളി മന്ത്രി എം.വി.ഗോവിന്ദൻ. കുടുംബശ്രീ പതാക വിതരണം അട്ടിമറിച്ചു എന്ന ആരോപണം തെറ്റാണെന്ന് മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷം സംഘ പരിവാർ അവർക്ക് വളരാനുള്ള ആയുധം ആക്കുകയാണെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി. രാഷ്ട്രീയ കാഴ്ചപ്പാടോടെ സിപിഎം പരിപാടിയെ തമസ്കരിച്ചുവെന്ന പി.കെ.കൃഷ്ണദാസിന്റെ ആരോപണങ്ങൾക്കാണ് മറുപടി. സംസ്ഥാനത്ത് എല്ലാ വീട്ടിലും പതാക ഉയർത്തുന്ന പരിപാടി നടപ്പിലാക്കാൻ കുടുംബശ്രീയെയാണ് ചുമതലപ്പെടുത്തിയതെന്നും എന്നാൽ വേണ്ടത്ര പതാക വിതരണം ചെയ്തില്ല എന്നും 90 ശതമാനം സ്കൂളുകളിലും പതാക എത്തിച്ചില്ല എന്നുമായിരുന്നു കൃഷ്ണദാസിന്റെ ആരോപണം.
ഹർ ഘർ തിരംഗ: സംസ്ഥാനത്ത് വിവാദം, വിമർശനവുമായി കെ.സുരേന്ദ്രനും പി.കെ.കൃഷ്ണദാസും