ഓണമിങ്ങെത്തി, പൂക്കളമിടാന്‍ സമയമില്ലെന്നാണോ? ഇൻസ്റ്റന്റ് പൂക്കളം റെഡിയാണ്, ഓണവിപണിയിലെ പുതിയ താരം
പല വർണ്ണത്തിലും ഡിസൈനുകളിലും നല്ല ഭംഗിയുള്ള പൂക്കളങ്ങളാണ് ചാലയിലെ ഓണവിപണിയിലെ പുതിയ താരം.
തിരുവനന്തപുരം: ഓണത്തിരക്കിലേക്ക് മാറുകയാണ് മലയാളികൾ. റെഡി ടു ഈറ്റ് ഓണസദ്യകൾ വിപണിയിൽ സജീവമാകുകയാണ്. എന്നാൽ പരീക്ഷണം സദ്യയിൽ മാത്രമല്ല, ഇത്തവണ പൂക്കളത്തിലുമുണ്ട്. പൂ വാങ്ങണം. അത് അടുക്കും ചിട്ടയോടെയും ഒരുക്കണം. അതിനെല്ലാം ആളും വേണം. ഇതിനൊന്നും നേരമില്ലാത്ത മലയാളിക്ക് ഇനി പൂക്കളമിടാൻ വിഷമിക്കണ്ട. നേരെ കടയിൽപോയി പൂക്കളം തന്നെ വാങ്ങാം. പല വർണ്ണത്തിലും ഡിസൈനുകളിലും നല്ല ഭംഗിയുള്ള പൂക്കളങ്ങളാണ് ചാലയിലെ ഓണവിപണിയിലെ പുതിയ താരം.
ബാംഗ്ലൂരിൽ നിന്നാണ് പൂക്കളം എത്തുന്നത്. ഒന്നിന് 700 രൂപ മുതലാണ് വില. വില അൽപം കൂടുതലാണെങ്കിലും പൂക്കളം തേടിയെത്തുന്നവർ ഏറെയെന്നാണ് കച്ചവടക്കാർ പറയുന്നത്. കടകൾക്കൊപ്പം വീടുകളിലേക്കും പൂക്കളങ്ങൾ വാങ്ങുന്നവരുണ്ട്. ഈ വർഷം ആദ്യമായിട്ടാണ് ഇൻസ്റ്റന്റ് പൂക്കളമെത്തുന്നത് ചാലയിലെ കച്ചവടക്കാരൻ പറഞ്ഞു. വാങ്ങിവെച്ച 50 പീസിൽ 37 എണ്ണവും വിറ്റുപോയി. തൊടിയിൽ നിന്ന് പൂ നുള്ളി ഒരുക്കുന്ന പൂക്കളങ്ങളുടെ നന്മയില്ലെങ്കിലും നഗരത്തിരക്കിൽ ഓണത്തിൻ്റെ പഴയ നിറങ്ങൾ വീണ്ടെടുക്കുയാണ് ഈ പൂക്കളങ്ങൾ.