'അഞ്ച് മയക്കുവെടി വെച്ചത് അരിക്കൊമ്പന്റെ ആരോഗ്യത്തെ ബാധിക്കില്ല'; നിരീക്ഷണം തുടരുമെന്ന് ദൗത്യസംഘം
അരിക്കൊമ്പനെ റേഡിയോ കോളർ വഴി നിരീക്ഷിച്ചുവരികയാണെന്നും ചെറിയ പരിക്കുകൾ സാരമുള്ളതല്ലെന്നും ഡോ. അരുൺ സക്കറിയ വിശദീകരിച്ചു.
തിരുവനന്തപുരം : അരിക്കൊമ്പൻ ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിനെ കുറിച്ച് വിശദീകരിച്ച് ദൗത്യ സംഘാംഗങ്ങളായ ഡോ. അരുൺ സക്കറിയയും സിസിഎഫ് ആർ എസ് അരുണും. പെരിയാർ കടുവാ സങ്കേതത്തിലെ ഉൾക്കാട്ടിൽ വിട്ട അരിക്കൊമ്പനെ റേഡിയോ കോളർ വഴി നിരീക്ഷിച്ചുവരികയാണെന്നും ചെറിയ പരിക്കുകൾ സാരമുള്ളതല്ലെന്നും ഡോ. അരുൺ സക്കറിയ വിശദീകരിച്ചു.
റേഡിയോ കോളർ വഴി ശക്തമായ നിരീക്ഷണം തുടരും. പുതിയ സ്ഥലവുമായി പൊരുത്തപ്പെടാൻ ആനയ്ക്ക് സമയം എടുക്കും. ഇനി ജനവാസ മേഖലയിൽ ഇറങ്ങില്ലെന്നാണ് കരുതുന്നത്. അഞ്ചു മയക്കുവെടി വെച്ചത് ആരോഗ്യത്തെ ബാധിക്കില്ല. ശരീരത്തിലുള്ള മുറിവുകൾക്ക് ചികിത്സ നൽകിയിട്ടുണ്ട്. അരിക്കൊമ്പനെ പുതിയ സ്ഥലത്തേക്ക് മാറ്റുമ്പോൾ കുമളിയിൽ ഉൾപ്പെടെ എല്ലായിടത്തും ലഭിച്ച സ്വീകരണം വലിയൊരു മാതൃകയാണ്.
വിവിധ വകുപ്പുകളുടെ ടീം വർക്കാണ് ദൗത്യം വിജയത്തിലേക്കെത്തിച്ചതെന്നും സിസിഎഫ് ആർ എസ് അരുൺ വിശദീകരിച്ചു. നാട്ടുകാരും ആരോഗ്യവകുപ്പും വനം വകുപ്പും കെഎസ് ഇബിയും അടക്കം ചേർന്നുള്ള ടീം വർക്കാണ് വിജയത്തിലേക്ക് എത്തിച്ചത്. ഇന്നലെ രാവിലെ തന്നെ അരിക്കൊമ്പനെ ട്രാക്ക് ചെയ്യാൻ കഴിഞ്ഞു. ചക്കക്കൊമ്പനും അരിക്കൊമ്പന് ഒപ്പമുണ്ടായിരുന്നു. മയക്കു വെടിവെക്കാൻ കഴിയുന്ന സാഹചര്യത്തിലേക്ക് അരിക്കൊമ്പനെ എത്തിച്ചതോടെയാണ് മയക്കുവെടി വെച്ച് ലക്ഷ്യത്തിലെത്തിയത്. നാട്ടുകാരുടെ സഹകരണം എടുത്തുപറയേണ്ടതായിരുന്നുവെന്നും സിസിഎഫ് ആർ എസ് അരുൺ വിശദീകരിച്ചു.