ജോയിക്കായി തെരച്ചിലിന് നാവികസേന തലസ്ഥാനത്തേക്ക്; മാലിന്യക്കൂമ്പാരം രക്ഷാദൗത്യത്തിന് തിരിച്ചടി
നാവിക സേനയുടെ അതിവിദഗ്ധരായ ഡൈവിംഗ് സംഘം കൊച്ചിയിൽ നിന്ന് തലസ്ഥാനത്തേക്ക് വൈകിട്ടോടെയെത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ മാലിന്യ കൂമ്പാരമായ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ കാണാതായ ജോയിക്കായി തിരച്ചിൽ തുടരുന്നു. ഇതുവരെയും പ്രതീക്ഷാവഹമായ ഒരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിൽ നാവിക സേനാ സംഘവും രക്ഷാദൌത്യത്തിൽ പങ്കാളികളാകും. നാവിക സേനയുടെ അതിവിദഗ്ധരായ ഡൈവിംഗ് സംഘം കൊച്ചിയിൽ നിന്ന് തലസ്ഥാനത്തേക്ക് വൈകിട്ടോടെയെത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.
'രക്ഷാ പ്രവർത്തനത്തിൽ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിൽ സർക്കാർ സഹായം തേടി നാവിക സേനയ്ക്ക് കത്ത് നൽകുകയായിരുന്നു. 5 മുതൽ 10 വരെ അംഗങ്ങളുളള നേവിയുടെ വിദഗ്ധ സംഘമാകും തലസ്ഥാനത്ത് എത്തുക. ദേശീയ ദുരന്ത നിവാരണ സംഘവും സ്ഥലത്തുണ്ട്. പുതിയതായി പുതിയ 2 സ്കൂബെ ഡൈവേഴ്‌സിനെ ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നുണ്ട്. മുന്നിൽ നിന്നും പിന്നിൽ നിന്നും ഒരേ സമയമാണ് തെരച്ചിൽ നടക്കുക. ഡൈവിങ് ടീമിന് പോകാൻ കഴിയാത്ത വിധത്തിൽ മാലിന്യം അടിഞ്ഞ് കിടക്കുകയാണ്. അതിനാൽ കനാലിലേക്ക് കൃത്രിമമായി വെള്ളം പമ്പുചെയ്യും. ജലത്തിൻ്റെ അളവ് വർദ്ധിപ്പിക്കും.
സാധ്യമായ എല്ലാ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. ഹൈ പവർ ക്യാമറ വെച്ചുള്ള പരിശോധനയുടെ അടിസ്ഥാനത്തിലാണ് പിന്നിൽ നിന്നുള്ള തെരച്ചിൽ നടക്കുന്നത്. വാട്ടർ ലെവൽ ആർട്ടിഫിഷ്യലായി കൂട്ടിയാൽ സഹായകരമാകും. ശാസ്ത്രീയമായ രീതിയിൽ ആലോചിച്ചാണ് ഈ നടപടിയെന്നും മന്ത്രി രാജൻ വിശദീകരിച്ചു. ആരുടെ ഭാഗത്ത് വീഴ്ച്ചയുണ്ടെങ്കിലും പരിശോധിക്കും. ഇപ്പോൾ അതിൻ്റെ സമയമല്ല. ജോയിയാണ് ഇപ്പോൾ മുന്നിലെ വിഷയമെന്നും രാജൻ പറഞ്ഞു.
ശുചീകരണ തൊഴിലാളിയായ ജോയിയെ കണ്ടെത്താനുള്ള തെരച്ചിൽ 27 മണിക്കൂർ പിന്നിട്ടു. എൻഡിആർഎഫിന്‍റെ നേതൃത്വത്തിലാണ് നിലവിൽ തെരച്ചിൽ നടക്കുന്നത്. ഫയര്‍ഫോഴ്സിന്‍റെ 12 അംഗ സ്കൂബ ഡൈവിംഗ് സംഘവും തെരച്ചിലിനായിട്ടുണ്ട്. മാലിന്യം അടഞ്ഞുകൂടി കിടക്കുന്നതിനാൽ മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നേരത്തെ നിര്‍ത്തിയിരുന്നു.
ഏറ്റവുമൊടുവിലായി കാമറ ഘടിപ്പിച്ച ഡ്രാക്കോ റോബോട്ട് വെള്ളത്തിനടിയിൽ ഇറക്കി പരിശോധന നടത്തുകയാണ്. ഈ പരിശോധനയിൽ അവ്യക്തമായ ചില ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് കൂടുതല്‍ സ്കൂബാ ടീം അംഗങ്ങള്‍ ടണലിലേക്ക് ഇറങ്ങി പരിശോധന നടത്തിയെങ്കിലും ചാക്കിൽ കെട്ടിയ നിലയിലുളള മാലിന്യങ്ങളായിരുന്നു ഉണ്ടായിരുന്നത്.
ജോയിയെ തെരഞ്ഞ് ഫയർ ഫോഴ്സിന്‍റെ സ്കൂബാ ഡൈവിംഗ് സംഘം മാൻഹോളിലൂടെ ഇറങ്ങിയെങ്കിലും മാലിന്യം അടിഞ്ഞുകൂടി കിടക്കുന്നത് കാരണം അധിക മുന്നോട്ട് പോകാനായില്ല. 40 മീറ്റർ മുന്നോട്ട് പോയി തെരച്ചിൽ നടത്തിയ ശേഷം മാലിന്യക്കൂമ്പാരം കാരണം സ്കൂബ സംഘത്തിന് മടങ്ങേണ്ടി വന്നു.