രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക്, പ്രതിദിന രോഗ ബാധ കുതിച്ചുയരുന്നു
കൊവിഡ് കേസുകൾ 35 ലക്ഷം കടക്കുമ്പോഴും കൂടുതൽ തുറക്കാനാണ് കേന്ദ്രതീരുമാനം. മെട്രോ സർവ്വീസുകൾ അടുത്തമാസം 7 മുതൽ ഭാഗികമായി പുനസ്ഥാപിക്കും
ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത്തിയഞ്ചു ലക്ഷത്തിലേക്ക്. പ്രതിദിന രോഗ ബാധ ഇന്നും 70000ത്തിന് മുകളിലെന്നാണ് സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. 63000ത്തിലേറെപ്പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിലും പ്രധാന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ദിനം പ്രതി ഉയരുകയാണ്. ആന്ധ്രയില്‍ 10,548 പേര് ഇന്നലെ രോഗ ബാധിതരായി.
കര്‍ണാടക 8,324, തമിഴ് നാട് 6,352, ഉത്തര്‍ പ്രദേശ് 5684, പശ്ചിമ ബംഗാൾ 3012, രാജസ്ഥാൻ 1407, ജാർഖണ്ഡ് 1,299 എന്നിങ്ങനെയാണ് ഇന്നലെ രോഗം ബാധിച്ചവരുടെ എണ്ണം. മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. അൺലോക്ക് നാല് മാർഗനിർദ്ദേശങ്ങൾ നൽകിയ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട പരാമർശം പ്രധാനമന്ത്രി നടത്തിയേക്കുമെന്നാണ് സൂചന.കൊവിഡ് സാഹചര്യവും വിലയിരുത്തും. നീറ്റ് ജെഇഇ പരീക്ഷകളിലെ കേന്ദ്ര സർക്കാർ നിലപാടും വ്യക്തമാക്കിയേക്കും.
മെട്രോ സർവ്വീസുകൾ അടുത്ത മാസം 7 മുതൽ അനുവദിച്ചു കൊണ്ട് അൺലോക്ക് നാല് മാർഗ്ഗനിർദ്ദേശം കേന്ദ്രം പുറത്തിറക്കി. രാഷ്ട്രീയ സാമൂഹ്യ മത കായിക കൂട്ടായ്മകൾക്ക് ഉപാധികളോടെ അനുവാദം നൽകും. സ്കൂളുകളും കോളേജുകളും അടഞ്ഞു കിടക്കും. തീവ്രബാധിത മേഖലകൾക്കു പുറത്ത് പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾ കേന്ദ്രത്തിൻറെ അനുമതി വാങ്ങണം. അടഞ്ഞുകിടക്കുന്നവയുടെ പട്ടികയിൽ നിന്ന് ബാറുകൾ ഒഴിവാക്കി.
കൊവിഡ് കേസുകൾ 35 ലക്ഷം കടക്കുമ്പോഴും കൂടുതൽ തുറക്കാനാണ് കേന്ദ്രതീരുമാനം. മെട്രോ സർവ്വീസുകൾ അടുത്തമാസം 7 മുതൽ ഭാഗികമായി പുനസ്ഥാപിക്കും. രാഷ്ട്രീയ മത സാംസ്കാരിക കായിക കൂട്ടായ്മകൾ അടുത്ത മാസം 21 മുതലാകാം. പരമാവധി 100 പേരെ മാത്രമേ കൂട്ടായ്മകളിൽ അനുവദിക്കൂ. ഓപ്പൺ എയർ തിയേറ്ററുൾ 21 മുതൽ തുറക്കാം. സിനിമ ഹാളുകൾ, തിയേറ്റർ, എൻർടെയിൻറ് പാർക്കുകൾ നീന്തൽക്കുളങ്ങൾ എന്നിവയ്ക്കുള്ള നിരോധനം തുടരും.
എന്നാൽ അടഞ്ഞുകിടക്കുന്നവയുടെ പട്ടികയിൽ നിന്ന് ബാറുകളും ഓഡിറ്റോറിയങ്ങളും ഒഴിവാക്കി. സ്കൂളുകളും കോളേജുകളും അടുത്ത മാസവും തുറക്കില്ല. എന്നാൽ തീവ്രബാധിത മേഖലയല്ലെങ്കിൽ 50 ശതമാനം അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും ഓണലൈൻ ക്ളാസിൻറെ നടത്തിപ്പിന് സ്കൂളുകളിൽ എത്താം. ഒമ്പതാം ക്ളാസ് മുതൽ പന്ത്രണ്ടാം ക്ളാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് രക്ഷിതാക്കളുടെ രേഖാമൂലമുള്ള അനുമതിയോടെ സ്കൂളിലെത്തി അദ്ധ്യാപകരെ കാണാം
ഗവേഷകർക്ക് സ്ഥാപനങ്ങളിൽ പോകാൻ അനുവാദം നൽകും. സാങ്കേതിക, പ്രൊഫഷണൽ സ്ഥാപനങ്ങളിലെ ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ലാബുകൾ ഉപയോഗിക്കാം. കണ്ടെയ്ൻമെൻറ് സോണിനു പുറത്ത് പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് വിലക്കുണ്ടാവും. ഇതിന് കേന്ദ്രത്തിൻറെ പ്രത്യേക അനുമതി വേണം. 65 വയസു കഴിഞ്ഞവർക്കും 10 വയസിനു താഴെയുള്ളവർക്കുമുള്ള നിയന്ത്രണവും തുടരും.