സപ്ലൈകോ സബ്‍സിഡി കുറയ്ക്കാൻ തീരുമാനം; സർക്കാരിന് മുന്നിലുണ്ടായിരുന്നത് രണ്ടു വഴി,വില വർധനവ് ജനത്തിന് ഇരുട്ടടി
അടുത്ത അഞ്ചു വർഷത്തേക്ക് വില വർധിപ്പിക്കില്ലെന്നായിരുന്നു 2016 ൽ എൽഡിഎഫ് പ്രകടപത്രികയിലെ വാഗ്ദാനം
തിരുവനന്തപുരം: സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ചത് സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടി. 13 ഇന സബ്‌സിഡി സാധനങ്ങള്‍ക്ക് ലഭിച്ചിരുന്ന 55 ശതമാനം സബ്‌സിഡിയാണ് 35 ശതമാനമാക്കി കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എല്‍ഡിഎഫ് പ്രകടപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു അടുത്ത അഞ്ചു വര്‍ഷത്തേക്ക് വിലകൂട്ടില്ല എന്നത്. സര്‍ക്കാര്‍ നേട്ട പട്ടികയിൽ സപ്ലൈകോ വില വര്‍ധിപ്പിക്കാത്തതും ഇടംപിടിച്ചിരുന്നു. 2016 മുതൽ സപ്ലൈകോയിൽ 13 സബ്സിഡി സാധനങ്ങൾക്ക് ഒരേ വിലയായിരുന്നു. ഒരു രൂപ പോലും വില കൂട്ടാത്തത് സർക്കാർ വലിയ നേട്ടമായി ഉയർത്തിക്കാണിച്ചിരുന്നു.
കടത്തിൽ നിന്നും കടത്തിലേക്ക് മുങ്ങിയ സാഹചര്യത്തിൽ സാധനങ്ങളുടെ വില കൂട്ടുക, അല്ലെങ്കിൽ കുടിശ്ശിക നൽകുക എന്നതായിരുന്നു സപ്ലൈകോ മുന്നോട്ടുവെച്ച ആവശ്യം. ഇതിൽ വില കൂട്ടുക എന്ന ആവശ്യത്തിന് എൽഡിഎഫ് കൈകൊടുക്കുകയായിരുന്നു. നവംബറിൽ ചേർന്ന എൽഡിഎഫ് യോഗം വിലവർധിപ്പിക്കാൻ രാഷ്ട്രീയ തീരുമാനമെടുത്തു. പിന്നീട് വിദഗ്ധ സമിതിയെ നിയോഗിച്ചു. സമിതി നൽകിയ ശുപാർശ സർക്കാരിന് നൽകി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള വില വർധവ്. അടുത്ത അഞ്ചു വർഷത്തേക്ക് വില വർധിപ്പിക്കില്ലെന്നായിരുന്നു 2016 ൽ എൽഡിഎഫ് പ്രകടപത്രികയിലെ വാഗ്ദാനം. സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ പൂർണമായും ലഭിച്ചില്ലെങ്കിലും ഉള്ള സാധനം വിപണി വിലയേക്കാൾ കുറച്ച് ലഭിച്ചത് സാധാരണക്കാർ വലിയ ആശ്വാസമായിരുന്നു. ഇതാണ് പുതിയ തീരുമാനത്തോടെ ഇല്ലാതാകുന്നത്.
എട്ട് വര്‍ഷത്തിന് ശേഷം സപ്ലൈകോ സബ്‌സിഡി കുറച്ചു; ഇനി 35% മാത്രം സബ്‌സിഡി, 13 ഇനങ്ങൾക്ക് വില ഉയരും