വിജയരാഘവനെ ആര്‍എസ്എസ് സമുന്നത സഭയില്‍ ഉള്‍പ്പെടുത്തണമെന്ന് എംഎം ഹസന്‍
ന്യൂനപക്ഷ വര്‍ഗീയതയേയും ഭൂരിപക്ഷ വര്‍ഗീയതയേയും മാറിമാറി താലോലിക്കുന്ന ചരിത്രമാണ് സിപിഎമ്മിനുള്ളതെന്ന് ഹസൻ
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വയനാട്ടിലെ ചരിത്ര വിജയത്തില്‍ വര്‍ഗീയത കണ്ടെത്തിയ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവനെ ആര്‍എസ്എസിന്‍റെ സമുന്നത സഭയായ അഖില്‍ ഭാരതീയ പ്രതിനിധി സഭയില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. ആര്‍എസ്എസിനേക്കാള്‍ വര്‍ഗീയ വിഷം ചീറ്റുന്ന സംഘടനയായി സിപിഎമ്മും അതിന്റെ നേതാക്കളും മാറിയിരിക്കുകയാണ്. വിജയരാഘവനിലൂടെ പുറത്തുവന്നതും വര്‍ഗീയ വിഷം തന്നെയാണ്.
ന്യൂനപക്ഷ വര്‍ഗീയതയേയും ഭൂരിപക്ഷ വര്‍ഗീയതയേയും മാറിമാറി താലോലിക്കുന്ന ചരിത്രമാണ് സിപിഎമ്മിനുള്ളത്. ജമാഅത്ത് ഇസ്ലാമിയെ മുന്ന് പതിറ്റാണ്ട് കാലം സ്വന്തം കുടക്കീഴില്‍ കൊണ്ടുനടന്ന സിപിഎം ഇപ്പോള്‍ അവരെ തള്ളിപ്പറയുന്നത് അവസരവാദ രാഷ്ട്രീയമാണ്. പലസ്തീന്‍ പ്രശ്നം, പൗരത്വനിയമ ഭേദഗതി ബില്‍, മുനമ്പം, കാഫിര്‍ സ്‌ക്രീന്‍ഷോട്ട് തുടങ്ങിയ നിരവധി വിഷയങ്ങളില്‍ സിപിഎമ്മിന്റെ അവസരവാദ രാഷ്ടീയം ജനങ്ങള്‍ കണ്ടതാണ്. വയനാട്ടില്‍ രാഹുലും പ്രിയങ്കയും വന്‍ ഭൂരിപക്ഷം നേടിയപ്പോള്‍ അതില്‍ സിപിഎം അണികളുടെ വോട്ടും ഉണ്ടായിരുന്നു. രാഷ്ട്രീയമായി വലിയ നഷ്ടം സംഭവിച്ച സിപിഐപോലും ഈ വിജയത്തെ വര്‍ഗീയവത്കരിച്ചില്ലെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.