റഷ്യൻ നിര്‍മിത ഇഗ്ള മിസൈലടക്കമുണ്ട്, ലുലു മാളിലേക്ക് പറന്നിറങ്ങി ഇന്ത്യൻ വ്യോമസേന; ഇതാ ലുലു മീറ്റ് ദ ഈഗിള്‍സ്
അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളായ എല്‍ആര്‍ഡി ടാബും, മൈക്രോ അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിളും, ഇസ്രയേല്‍ നിര്‍മ്മിത ലോ ലെവല്‍ ലൈറ്റ് വെയ്റ്റ് റഡാറും...
തിരുവനന്തപുരം: കരസേനയ്ക്ക് പിന്നാലെ ലുലു മാളില്‍ ആദ്യമായി നിലയുറപ്പിച്ച് വ്യോമസേനയും. ഇന്ത്യന്‍ നിര്‍മ്മിത ആന്‍റി ഡ്രോണ്‍ സിസ്റ്റം മുതല്‍ ഒരു കിലോമീറ്റര്‍ ദൂരപരിധിയുള്ള ഗലില്‍ സ്നൈപ്പര്‍ വരെ നീളുന്ന പതിന്നൊന്ന് വ്യത്യസ്ത അസോള്‍ട്ട് റൈഫിളുകളുടെ നിര. മാന്‍ പോര്‍ട്ടബിള്‍ എയര്‍ ഡിഫന്‍സ് സംവിധാനമായ ഇരുപത് കിലോയ്ക്കടുത്ത് ഭാരം വരുന്ന റഷ്യന്‍ നിര്‍മ്മിത ഇഗ്ള മിസൈല്‍ മുതല്‍ ഓസ്ട്രിയന്‍ നിര്‍മ്മിത കുഞ്ഞന്‍ പിസ്റ്റള്‍ വരെ. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളായ എല്‍ആര്‍ഡി ടാബും, മൈക്രോ അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിളും, ഇസ്രയേല്‍ നിര്‍മ്മിത ലോ ലെവല്‍ ലൈറ്റ് വെയ്റ്റ് റഡാറും... അങ്ങനെ വ്യോമസേനയെ അടുത്തറിയാന്‍ വഴിയൊരുക്കുന്ന നിരവധി കാഴ്ചകളുമായാണ് ദക്ഷിണ വ്യോമസേന സംഘം ലുലു മാളില്‍ എത്തിയിരിയ്ക്കുന്നത്.
ബാള്‍സ എന്ന കനം കുറഞ്ഞതും ശക്തി കൂടിയതുമായ തടിയില്‍ തീര്‍ത്ത എയറോ മോഡലിംഗ് മാതൃകകളുമായി എന്‍സിസി വിദ്യാര്‍ത്ഥികളും പ്രദര്‍ശനത്തില്‍ അണിനിരന്നിട്ടുണ്ട്. ദക്ഷിണ വ്യോമസേന സ്ഥാപിതമായതിന്‍റെ 40-ാം വാർഷികത്തിന്‍റെ ഭാഗമായാണ് ലുലു മാളുമായി ചേര്‍ന്ന് ലുലു മീറ്റ് ദ ഈഗിള്‍സ് സംഘടിപ്പിച്ചത്. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംങ് (റിട്ട.) മെമ്പര്‍ ആംഡ് ഫോഴ്സസ് ട്രിബ്യൂണല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
വ്യോമസേനയിലെ ജോലി സാധ്യതകളെക്കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങളുള്ള പബ്ലിസിറ്റി സ്റ്റാൾ, നാഷണൽ കേഡറ്റ് കോർപ്‌സ് (എൻസിസി) സ്റ്റാൾ, എയർഫോഴ്‌സ് ഫാമിലി വെൽഫെയർ അസോസിയേഷൻ്റെ (AFFEA) സ്റ്റാൾ തുടങ്ങിയ വിവിധ എക്‌സിബിഷൻ സ്റ്റാളുകളും അതിലൂടെ വിവിധ ആകർഷകമായ ഇനങ്ങളുടെ വിൽപ്പനയും നടക്കുന്നുണ്ട്. കൂടാതെ വിമാനം സ്വന്തമായി പറപ്പിക്കുന്ന അനുഭവം ഉളവാക്കുന്ന സിമുലേറ്ററും.
ലൈറ്റ് വെയ്റ്റ് റഡാറും എയർ ഡിഫൻസ് വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന മിസൈൽ സിമുലേറ്ററുകളും ഏറ്റവും പുതിയ ആയുധങ്ങളുമായി വ്യോമസേന ഗരുഡ് കമാൻഡോകളും പ്രദർശനത്തിന്‍റെ ഭാഗമായി. രാജ്യത്തുടനീളം നടത്തുന്ന പബ്ലിസിറ്റി ഡ്രൈവിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഇൻഡക്ഷൻ പബ്ലിസിറ്റി എക്‌സിബിഷൻ വെഹിക്കിൾ (IPEV) എന്ന വാഹനവും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലുലു മീറ്റ് ദ ഈഗിള്‍സിന്‍റെ ഭാഗമായി എയർ വാരിയർ ഡ്രിൽ ടീമിൻ്റെയും (AWDT) വ്യോമസേന സിംഫണി ഓർക്കസ്ട്രയുടെയും പ്രകടനങ്ങളും നടന്നു. ശനിയാഴ്ചയും ഞായറാഴ്ചയുമായാണ് ലുലു മീറ്റ് ദ ഈഗിൾസ് നടക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം