Asianet News MalayalamAsianet News Malayalam

മൈനാഗപ്പള്ളി അപകടം; അജ്മലിനേയും ഡോ. ശ്രീക്കുട്ടിയേയും സ്ഥലത്തെത്തിച്ച് തെളിവെടുക്കും, കസ്റ്റഡി അപേക്ഷ നൽകും

കസ്റ്റഡിയിൽ വാങ്ങി അപകട സ്ഥലത്ത് അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അജ്മലിനെയും ഡോക്ടർ ശ്രീക്കുട്ടിയെയും ശാസ്താംകോട്ട കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. 
 

In the case where a scooter passenger was hit and killed by a car in Mainagapally, Kollam Shastamkota police will soon file a custody application for the accused
Author
First Published Sep 17, 2024, 6:58 AM IST | Last Updated Sep 17, 2024, 7:01 AM IST

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ച് വീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കായി ശാസ്താംകോട്ട പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ വാങ്ങി അപകട സ്ഥലത്ത് അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അജ്മലിനെയും ഡോക്ടർ ശ്രീക്കുട്ടിയെയും ശാസ്താംകോട്ട കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. 

അജ്മലിനും ശ്രീക്കുട്ടിക്കുമെതിരെ മനപൂർവമുള്ള നരഹത്യാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കാർ ഓടിച്ചത് അജ്മലാണെങ്കിലും പരിക്കേറ്റ് കിടന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയതിൽ ശ്രീക്കുട്ടിയുടെ പ്രേരണ ഉണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. അപകടത്തെ തുടര്‍ന്ന്  ഒളിവിൽ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പൊലീസ്  ഇന്ന് പിടികൂടിയത്. ഇന്നലെയാണ് അജ്മൽ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ മരിച്ചത്. റോഡിൽ തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന യുവ വനിതാ ഡോക്ടറും രക്ഷപ്പെടുകയായിരുന്നു. 

കേസിൽ അകപ്പെട്ടതോടെ പ്രതിയായ ഡോ. ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താൽക്കാലിക ഡോക്ടറായിരുന്നു ശ്രീക്കുട്ടി. അതിനിടെ, അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പൊലീസിന് ലഭിച്ചു. കാ‍ര്‍ മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടത് അജ്മലിനൊപ്പം കാറിലുണ്ടായിരുന്നു ഡോ. ശ്രീക്കുട്ടിയാണെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അജ്മലും ഡോ. ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നു എന്ന് പരിശോധനാഫലം പുറത്തുവന്നിരുന്നു. സുഹൃത്തിന്റെ വീട്ടിൽ നിന്നും മദ്യപാനം കഴിഞ്ഞ് വരുന്ന സമയത്താണ് അപകടമുണ്ടായത്. നാട്ടുകാർ ആക്രമിക്കുമെന്ന് ഭയന്നാണ് വാഹനം മുന്നോട്ടെടുത്ത് പോയതെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. 

അമിതവേ​ഗത്തിൽ നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്ന് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഫൗസിയ പറഞ്ഞു. അപകടത്തെ തുടർന്ന് റോഡിലേക്ക് വീണ കുഞ്ഞുമോൾ എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ കാർ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. പരിക്കേറ്റ കുഞ്ഞുമോൾ ഇന്നലെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ''സാധനം മേടിക്കാൻ അപ്പുറത്തെ കടയിൽ പോയതാ, ഞാനും ചേട്ടത്തിയും കൂടിയാ പോയത്. ചേട്ടത്തി വണ്ടിയില് കയറി, ഞാൻ അപ്പുറോമിപ്പുറോം നോക്കി വണ്ടി വരുന്നുണ്ടോന്ന്, ഇല്ലെന്ന് ഉറപ്പാക്കീട്ടാ ഞാൻ വണ്ടിയെടുത്തത്. പക്ഷേ പെട്ടെന്ന് എവിടെ നിന്നാ വണ്ടി കയറി വന്നതെന്ന് എനിക്ക് ഓർമ്മയില്ല. പെട്ടെന്ന് വന്ന് ഇടിച്ചിടുകയായിരുന്നു. ഞാനൊരു സൈഡിലേക്കും ചേട്ടത്തി കാറിന്റെ മുന്നിലേക്കുമാണ് വീണത്. ചേട്ടത്തി എഴുന്നേറ്റു, പക്ഷേ പിന്നേം കാർ കയറിയിറങ്ങി പോയി. കാർ അതിവേ​ഗത്തിലാ വന്നത്. ബാലൻസില്ലാതെയാ വണ്ടി വന്നത്. ഫൌസിയ പറഞ്ഞു. 

ഫിറോസാബാദിൽ പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനം; 4 പേർക്ക് ദാരുണാന്ത്യം, രക്ഷാപ്രവർത്തനം തുടരുന്നു

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios