എമർജൻസിയില്ല, 27 ഡോക്ടർമാർ മാത്രം: സൗകര്യങ്ങളില്ലാതെ ഇടുക്കി മെഡിക്കൽ കോളേജ്
ഇടുക്കി ജില്ലാ ആശുപത്രിയെ 2014ലാണ് മെഡിക്കല്‍ കോളേജായി ഉയര്‍ത്തുന്നത്. 5 വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ വിഭാഗങ്ങളിലും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം
ഇടുക്കി: ഒരു താലൂക്ക് ആശുപത്രിയുടെ സൗകര്യം പോലുമില്ലാതെയാണ് ഇടുക്കി മെഡിക്കല്‍ കോളേജ് പ്രവർത്തിക്കുന്നത്. പ്രതിദിനം ആയിരത്തിലധികം രോഗികള്‍ ചികിത്സക്കായെത്തുന്ന ആശുപത്രിയില്‍ കാർഡിയോളജിയടക്കം ഏഴ് സപെഷ്യാലിറ്റി വിഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ ആരുമില്ല. ചികില്‍സ തേടിയെത്തുന്നവരെ 100 കിലോമീറ്റര്‍ അകലെയുള്ള കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പറഞ്ഞയക്കലാണ് ഡോക്ടര്‍മാരുടെ ഇപ്പോഴത്തെ പ്രധാന ജോലി.
ഇടുക്കി ജില്ലാ ആശുപത്രിയെ 2014ലാണ് മെഡിക്കല്‍ കോളേജായി ഉയര്‍ത്തുന്നത്. 5 വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ വിഭാഗങ്ങളിലും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം. സ്വകാര്യ ആശുപത്രികളേക്കാള്‍ മികച്ച ആധുനിക സംവിധാനങ്ങളുള്ള ഉപകരണങ്ങള്‍ ഇതൊക്കെയായിരുന്നു സർക്കാർ വാഗ്ദാനം. വര്‍ഷം ഒൻപതായി. 61 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് ഉള്ളത് 27 മാത്രം. കാര്‍ഡിയോളജി, ന്യൂറോളജി, ഓങ്കോളജി, യൂറോളജി, നെഫ്രോളജി, ത്വക് രോഗം എന്നീ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരില്ല.
സാധാരണ എല്ലാ മെഡിക്കള്‍ കോളേജ് ആശുപത്രിയിലുള്ള എമര്‍ജന്‍സി വിഭാഗം പോലും ഇടുക്കിയിലില്ല. അത്യാഹിത വിഭാഗത്തിലുള്ളത് 5 ഡോക്ടർമാര്‍ മാത്രമാണ്. അപകടം ഹൃദ്‌രോഗം തുടങ്ങിയ മൂലം അടിയന്തിര ചികില്‍സക്കായി എത്തുന്നവരെ പോലും 100 കിലോമീറ്റർ അകലെയുള്ള കോട്ടയത്തേക്ക് പറഞ്ഞയക്കുന്നു. ഫലം പലരുടെ മരണവും.
നേഴ്സുമാരുടെ എണ്ണത്തില്‍ 60 ശതമാനത്തോളമാണ് കുറവ്. എക്സ്റേ ഉൾപ്പെടെ എല്ലായിടത്തും ടെക്നീഷ്യൻമാർ പകുതിയിൽ താഴെ. ഇനി ആംബുലന്‍സുകളുടെ കാര്യമാണെങ്കില്‍ ആറ് വേണ്ടിടത്ത് ഉള്ളത് രണ്ടെണ്ണം മാത്രമാണ്. എല്ലാ സ്പെഷ്യാലിറ്റി വിഭാഗത്തിലും എമര്‍ജന്‍സി മെഡിസിനിലും ഡോക്ടര്‍മാരുടെ സേവനം ഉടന്‍ തുടങ്ങണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. നേഴ്സുമാരും മറ്റ് പാരാ മെഡിക്കല്‍ ജീവനക്കാരുമില്ലാതെ ഡോക്ടര്‍മാര്‍ മാത്രമെത്തിയില്‍ എന്തു പ്രയോജനമെന്നാണ് ആശുപത്രി വികസന സമിതിയുടെ ചോദ്യം.