ഗൂഗിള്‍ മാപ്പ് നോക്കിയാണോ യാത്രകള്‍?; അപകടങ്ങളില്‍ ചാടും മുന്‍പ് അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍
ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയുള്ള യാത്രകളിൽ അപകടങ്ങള്‍ കൂടുതലും മണ്‍സൂണ്‍ കാലങ്ങളിലാണ് സംഭവിക്കുന്നതെന്നും പൊലീസ് ചൂണ്ടിക്കാണിച്ചു.
തിരുവനന്തപുരം: ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിച്ച് കേരളാ പൊലീസ്. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്യുമ്പോള്‍ സംഭവിക്കുന്ന അപകടങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയുള്ള യാത്രകളിൽ അപകടങ്ങള്‍ കൂടുതലും മണ്‍സൂണ്‍ കാലങ്ങളിലാണ് സംഭവിക്കുന്നതെന്നും പൊലീസ് ചൂണ്ടിക്കാണിച്ചു.
പൊലീസിന്റെ അറിയിപ്പ്: ഗൂഗിള്‍ മാപ്പിനും വഴിതെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തില്‍പ്പെടുന്നതായ വാര്‍ത്തകള്‍. അപകടങ്ങള്‍ കൂടുതലും മണ്‍സൂണ്‍ കാലങ്ങളിലാണ്. മുന്‍പ് മൈല്‍ക്കുറ്റികള്‍ നോക്കിയും മറ്റ് അടയാളങ്ങള്‍ പിന്തുടര്‍ന്നും വഴി ചോദിച്ചുമായിരുന്നു യാത്രകള്‍. ആധുനികകാലത്ത് ഡ്രൈവിങ്ങിന് ഏറെ സഹായകരമാണ് ഗൂഗിള്‍ മാപ്പ്. എന്നാല്‍, പരിചിതമല്ലാത്ത വഴികളിലൂടെ മാപ്പ് നോക്കി സഞ്ചരിക്കുന്നത് ചിലപ്പോഴെങ്കിലും അപകടം സൃഷ്ടിക്കുന്നു.
ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട വസ്തുതകള്‍:
1. വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്ന അവസരങ്ങളില്‍ പലപ്പോഴും റോഡ് ഗതാഗതം വഴിതിരിച്ചു
വിടാറുണ്ട്. ഇത് ഗൂഗിള്‍ മാപ്പ് പറഞ്ഞുതന്നെന്നു വരില്ല.
2. മണ്‍സൂണ്‍ കാലങ്ങളില്‍, ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിള്‍ മാപ്പ് അല്‍ഗോരിതം എളുപ്പം എത്തുന്ന വഴിയായി നമ്മളെ നയിക്കാറുണ്ട്. എന്നാല്‍ തിരക്ക് കുറവുള്ള റോഡുകള്‍ സുരക്ഷിതമായിക്കൊള്ളണമെന്നില്ല.
3. തോടുകള്‍ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലൂടെയും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്തതുമായ അപകടങ്ങള്‍ നിറഞ്ഞ റോഡുകളിലൂടെയും ഗൂഗിള്‍ മാപ്പ് നമ്മെ നയിച്ചേക്കാം. എന്നാല്‍ നമ്മെ അത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചു കൊള്ളണമെന്നില്ല.
4. അപകടസാദ്ധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും തീര്‍ത്തും അപരിചിതവും വിജനവുമായ റോഡുകള്‍ ഒഴിവാക്കുന്നതാണ് സുരക്ഷിതം.
5. രാത്രികാലങ്ങളില്‍ GPS സിഗ്നല്‍ നഷ്ടപ്പെട്ട് ചിലപ്പോള്‍ വഴി തെറ്റാനിടയുണ്ട്.
6. സഞ്ചാരികള്‍ കൂടുതല്‍ തിരയുന്ന റിസോര്‍ട്ടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗൂഗിള്‍ ലൊക്കേഷനില്‍ മന:പൂര്‍വ്വമോ അല്ലാതെയോ തെറ്റായി രേഖപ്പെടുത്തി ആളുകളെ വഴിതെറ്റിക്കുന്നതും അപകടത്തില്‍ പെടുത്തുന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്.
7. സിഗ്നല്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള റൂട്ടുകളില്‍ നേരത്തെ തന്നെ റൂട്ട് സേവ് ചെയ്യാം.
8. മാപ്പില്‍ യാത്രാരീതി സെലക്ട് ചെയ്യാന്‍ മറക്കരുത്. നാലുചക്രവാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍, സൈക്കിള്‍, കാല്‍നടയാത്ര, ട്രെയിന്‍ എന്നിങ്ങനെയുള്ള ഓപ്ഷനുകളില്‍ ഏതാണെന്നുവച്ചാല്‍ അത് തെരഞ്ഞെടുക്കുക. ബൈക്ക് പോകുന്ന വഴി ഫോര്‍ വീലര്‍ പോകില്ലല്ലോ.. ഈ കാരണം കൊണ്ടുതന്നെ വഴി തെറ്റാം.
9. ഒരു സ്ഥലത്തേയ്ക്ക് പോകാന്‍ രണ്ടുവഴികളുണ്ടാകാം. ഈ സന്ദര്‍ഭങ്ങളില്‍ ഇടയ്ക്ക് നമുക്ക് അറിയാവുന്ന ഒരു സ്ഥലം ആഡ് സ്റ്റോപ്പ് ആയി നല്‍കിയാല്‍ വഴി തെറ്റുന്നത് ഒഴിവാക്കാം.
10. വഴി തെറ്റിയാല്‍ ലക്ഷ്യസ്ഥാനത്തേക്കുള്ള മറ്റൊരു വഴിയാകും ഗൂഗിള്‍ മാപ്പ് കാണിച്ചുതരിക. എന്നാല്‍, ഈ വഴി ചിലപ്പോള്‍ ഫോര്‍ വീലര്‍ അല്ലെങ്കില്‍ വലിയ വാഹനങ്ങള്‍ പോകുന്ന വഴി ആകണമെന്നില്ല.
11. ഗതാഗതതടസ്സം ശ്രദ്ധയില്‍പെട്ടാല്‍ ഗൂഗിള്‍ മാപ്പ് ആപ്പിലെ contribute എന്ന ഓപ്ഷന്‍ വഴി റിപ്പോര്‍ട്ട് ചെയ്യാം. ഇവിടെ എഡിറ്റ് മാപ്പ് ഓപ്ഷനില്‍ add or fix road എന്ന ഓപ്ഷന്‍ വഴി പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യാം. ഗൂഗിള്‍ മാപ്‌സ് ഇക്കാര്യം പരിഗണിക്കും. ഇത് പിന്നീട് അതുവഴി വരുന്ന യാത്രക്കാര്‍ക്ക് തുണയാകും. തെറ്റായ സ്ഥലനാമങ്ങളും അടയാളപ്പെടുത്താത്ത മേഖലകളുമൊക്കെ ഈ രീതിയില്‍ ഗൂഗിളിനെ അറിയിക്കാം.