പൂരം കലക്കൽ: 'റിപ്പോർട്ടിന് രഹസ്യ സ്വഭാവം', നൽകാനാവില്ലെന്ന് ആഭ്യന്തര വകുപ്പ്, സുനിൽ കുമാറിന് വിവരാവകാശ മറുപടി
ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ളതിനാൽ റിപ്പോർട്ട് നൽകാനാവില്ലെന്നാണ് മറുപടി നൽകിയത്.
തിരുവനന്തപുരം: പൂരം കലക്കൽ അന്വേഷണ റിപ്പോർട്ട് നൽകാനാവില്ലെന്ന് ആഭ്യന്തര വകുപ്പ്. വി എസ് സുനിൽ കുമാറിന്റെ വിവരാവകാശ അപേക്ഷയ്ക്കാണ് സർക്കാർ മറുപടി നൽകിയത്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ളതിനാൽ റിപ്പോർട്ട് നൽകാനാവില്ലെന്നാണ് മറുപടി നൽകിയത്. അപ്പീൽ നൽകാമെന്നും മറുപടിയിൽ പറയുന്നു. അപ്പീൽ നൽകുന്ന കാര്യം സംഘടനയുമായും നിയമ വിദഗ്ധരുമായും ആലോചിച്ച് തീരുമാനിക്കുമെന്ന് വി എസ് സുനിൽ കുമാർ അറിയിച്ചു.
പൂരം കലക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ആരാണ് പൂരം കലക്കാൻ ഗൂഢാലോചന നടത്തിയതെന്നും എന്ത് തരത്തിലുള്ള ഇടപെടലാണ് നടത്തിയതെന്നുമുള്ള അന്വേഷണ റിപ്പോർട്ടാണ് സർക്കാർ പുറത്തുവിടാതിരിക്കുന്നത്. വിവരാവകാശ നിയമത്തിലെ സെക്ഷൻ 24/4 അനുസരിച്ചുള്ള രഹസ്യ സ്വഭാവമുള്ള രേഖയായി പരിഗണിച്ചാണ് റിപ്പോർട്ട് പുറത്തുവിടാത്തത്.
ആഭ്യന്തരമായി രഹസ്യ സ്വഭാവമുള്ളതാണെങ്കിൽ മറച്ചു വയ്ക്കുന്നതിൽ പരാതിയില്ലെന്ന് സുനിൽ കുമാർ പ്രതികരിച്ചു. വിശ്വാസപരമായ കാര്യങ്ങൾ ആയതിനാലാകും സർക്കാർ മറച്ചു വയ്ക്കുന്നത്. പക്ഷെ ജനങ്ങൾ അറിയേണ്ടത് പുറത്തു വിടണം. അപ്പീൽ നൽകാൻ സാധ്യത ഉണ്ടോ എന്ന് തീർച്ചയായും അന്വേഷിക്കും. എഡിജിപിക്ക് വീഴ്ച പറ്റിയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും സുനിൽ കുമാർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം