സ്ത്രീയുടെ ശരീരഘടനയെക്കുറിച്ചുള്ള അനാവശ്യ വര്‍ണന സത്രീത്വത്തെ അപമാനിക്കലാണ്, നിലപാട് വ്യക്തമാക്കി ഹൈക്കോടതി
അനാവശ്യമായി ഇത്തരം വർണനകൾ നടത്തുന്നതും അശ്ലീല സന്ദേശങ്ങൾ അയക്കുന്നതും ലൈംഗീകച്ചുവയോടെയല്ലെന്ന് കരുതാനാവില്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ
എറണാകുളം: സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് പുകഴ്ത്തി പറയുന്നതും സത്രീത്വത്തെ അപമാനിക്കലാണെന്ന് ഹൈക്കോടതി. അനാവശ്യമായി ഇത്തരം വർണനകൾ നടത്തുന്നതും അശ്ലീല സന്ദേശങ്ങൾ അയക്കുന്നതും ലൈംഗീകച്ചുവയോടെയല്ലെന്ന് കരുതാനാവില്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. സഹപ്രവർത്തകയുടെ പരാതിയിൽ തനിക്കെതിരേ ആലുവ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥൻ നൽകിയ ഹർജി തള്ളിയ ഉത്തരവിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്
അതിനിടെ നടി ഹണി റോസിന്‍റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എടുത്ത കേസിൽ പൊലീസ് അന്വേഷണം തുടരുന്നു. സത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സമാനമായ രീതിയിൽ പരാമർശം നടത്തുന്നവർക്കെതിരെയും ഉടൻ പരാതി നൽകാനാണ് ഹണിയുടെ തീരുമാനം. ബോബി ചെമ്മണൂരിന് പുറമെ ഹണി റോസിന്‍റെ പരാതിയിൽ രജിസ്റ്റർ ചെയ്ത സൈബർ അധിക്ഷേപ കേസിൽ ഫെയ്സ്ബുക്കിൽ നിന്ന് കൊച്ചി പൊലീസ് വിവരങ്ങൾ തേടി. ഈ പരാതിയിൽ മൊഴി നൽകിയ ഹണി റോസ് ഇൻസ്റ്റാഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്ക്രീൻഷോട്ട് സഹിതം പൊലീസിന് കൈമാറി. അശ്ലീലകമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചു.