ഫോർട്ട് കൊച്ചിയിൽ പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി; ഗാലാ ഡി കൊച്ചി നൽകിയ ഹർജിയിൽ നടപടി
കൊച്ചിയിലെ പുതുവത്സരാഘോഷത്തിൽ ഇത്തവണ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കും.
കൊച്ചി: ഫോർട്ടുകൊച്ചിയിൽ പുതുവർഷരാത്രിയിൽ ഇത്തവണ രണ്ട് പാപ്പാഞ്ഞികളെ കത്തിക്കും. വെളി മൈതാനത്ത് ഗാലാ ഡി കൊച്ചി തയാറാക്കിയ പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി നൽകി. കാർണിവൽ കമ്മിറ്റിയുടെ പാപ്പാഞ്ഞിയെ പതിവുപോലെ പരേഡ് മൈതാനത്ത് കത്തിക്കും.
പാപ്പാഞ്ഞിയെ കത്തിക്കുന്നതിനെച്ചൊല്ലി ദിവസങ്ങളായി നിലനിന്ന തർക്കത്തിനും വിവാദത്തിനുമാണ് ഹൈക്കോടതി ഇടപെടലോടെ താൽക്കാലിക പരിഹാരം ഉണ്ടായിരിക്കുന്നത്. കാർണിവൽ കമ്മിറ്റിക്ക് പതിവുപോലെ പരേഡ് മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കും. ഗാലാ ഡി കൊച്ചിയെന്ന കൂട്ടായ്മക്ക് വെളി മൈതാനത്ത് പുതുവർഷത്തെ വരവേൽക്കാൻ തങ്ങളുടെ പാപ്പാഞ്ഞിയെ അഗ്നിക്കിരയാക്കാം.
എല്ലാ വിധ സുരക്ഷ മുൻകരുതലുകളും സ്വീകരിക്കുമെന്ന സംഘാടകരുടെ ഉറപ്പുകൂടി പരിഗണിച്ചാണ് നടപടി. വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നതിന് ചുറ്റും സുരക്ഷാ ബാരിക്കേഡുകൾ അടക്കം തീർക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ഈ പാപ്പാഞ്ഞിയെ എടുത്ത് മാറ്റണമെന്ന് പൊലീസ് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നത്. ഇത് ചോദ്യം ചെയ്തുളള ഹർജിയിലെ സിംഗിൾ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. രണ്ട് പാപ്പാഞ്ഞികളെയും കത്തിക്കുന്നതോടെ ഫോർട്ടുകൊച്ചിയിൽ പൊലീസിന് ഇത്തവണ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടിവരും.